വാട്ട്സ് ആപ്പില്‍ സുരക്ഷാ വീഴ്ച ഇല്ലെന്ന് ഫേസ്ബുക്ക്; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വിശദീകരണം

വാട്ട്സ് ആപ്പില്‍ സുരക്ഷാ വീഴ്ച ഇല്ലെന്ന് ഫേസ്ബുക്ക്; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വിശദീകരണം
January 11 20:39 2018 Print This Article

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മന്‍ ഗവേഷകര്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ വന്‍ സുരക്ഷാ വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയ വാര്‍ത്ത നിഷേധിച്ച് വാട്ട്‌സ്ആപ്പിന്റെ ഉടമസ്ഥരായ ഫെയ്‌സ്ബുക്ക്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് രഹസ്യ വഴിയൊന്നുമില്ലെന്ന് ഫെയ്‌സ്ബുക്കിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ അലക്‌സ് സ്റ്റാമോസ് ട്വിറ്ററില്‍ പറഞ്ഞു.

ഒരു പുതിയ അംഗം ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ മറ്റ് അംഗങ്ങള്‍ക്കെല്ലാം അത് കാണാം. അപ്പോള്‍ ഗ്രൂപ്പ് ചാറ്റില്‍ ഒളിച്ചുകടന്നവരെ കണ്ടെത്താന്‍ മറ്റുള്ളവര്‍ക്ക് എളുപ്പമാണ്. മാത്രവുമല്ല ഒരാള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ ആരെല്ലാം കണ്ടു എന്ന് അറിയാനുള്ള ഒന്നിലധികം വഴികള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നല്‍കിയിട്ടുമുണ്ടെന്നും സ്റ്റാമോസ് പറയുന്നു. ഒപ്പം സാഹചര്യം വിശദമാക്കുന്നൊരു സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവെച്ചു.

‘വാട്ട്‌സ്ആപ്പ് സെര്‍വറുകള്‍ സാധാരണ വാട്ട്‌സ്ആപ്പ് സ്റ്റാഫിനും, നിയമപരമായി അനുമതിയുള്ള സര്‍ക്കാര്‍ അധികാരികള്‍ക്കും അതിവിദഗ്ദരായ ഹാക്കര്‍മാര്‍ക്കും മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുക.

അത്തരം ഹാക്കര്‍മാര്‍ക്ക് തീര്‍ച്ചയായും ഗ്രൂപ്പ് മെമ്പര്‍ഷിപ്പില്‍ തിരിമറികള്‍ നടത്താന്‍ കഴിയും. എന്നാല്‍ അവര്‍ സ്വയം അവരെ ഗ്രൂപ്പുകളില്‍ ചേര്‍ത്താല്‍ അവര്‍ക്ക് ആ ഗ്രൂപ്പില്‍ ഉള്ള പഴയ സന്ദേശങ്ങളൊന്നും കാണാന്‍ സാധിക്കില്ല.

കാരണം അവയെല്ലാം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണ്. അതായത് സന്ദേശങ്ങള്‍ നേരത്തെ എന്‍ക്രിപ്റ്റ് ചെയ്തതായതിനാല്‍ എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ തുറക്കാനുള്ള കീകള്‍ (KEYS) അവരുടെ കൈവശമുണ്ടാവില്ല.

നുഴഞ്ഞ് കയറിയാണെങ്കിലും ഹാക്കര്‍ ഒരു ഗ്രൂപ്പില്‍ അംഗമായാല്‍ എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും അത് കാണാന്‍ സാധിക്കും. പുതിയ ആള്‍ അംഗത്വമെടുക്കുമ്പോള്‍ ലഭിക്കുന്ന അറിയിപ്പിനെ തടയാന്‍ ഒരു വഴിയും ഇല്ല. അദ്ദേഹം പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ടില്‍ ഇതെല്ലാം വിശദീകരിക്കുന്നുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles