ഷാഹീൻബാഗ് വിഷയത്തിൽ ഒരു പരിഹാരം കാണാൻ വേണ്ടി സുപ്രീം കോടതി നിയോഗിച്ചിരിക്കുന്നത് ഒരു മൂന്നംഗ സംഘത്തെയാണ്. സീനിയർ അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധനാ രാമചന്ദ്രൻ, മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും മുമ്പ് ദേശീയ ന്യൂനപക്ഷകമ്മീഷന്റെ തലവനുമായിരുന്ന വജാഹത്ത് ഹബീബുള്ള തുടങ്ങിയവരാണ് ഈ പ്രശ്നം ‘പറഞ്ഞു’ തീർക്കാൻ കോടതി നിയോഗിച്ചിരിക്കുന്നു മധ്യസ്ഥർ. ഇവരാണ് സർക്കാരിനും പ്രതിഷേധക്കാർക്കുമിടയിൽ ആഴ്ചകളായി നിലനിൽക്കുന്ന ഷാഹീൻബാഗിലെ പ്രശ്നം പരിഹരിക്കാൻ ചുമതലപ്പെട്ടിരിക്കുന്നവർ.

തെക്കൻ ഡൽഹിയെയും നോയിഡയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ജി ഡി ബിർള മാർഗ് ഉപരോധിച്ച് അവിടെ റോഡിൽ പന്തലിട്ടുകൊണ്ടാണ് ഷാഹീൻ ബാഗിൽ നൂറുകണക്കിന് സ്ത്രീകൾ രാപകൽ സമരം ചെയ്യുന്നത്. അവരോട് കാര്യങ്ങൾ ചർച്ചചെയ്യാനും, അവർക്ക് പറയാനുള്ള പരാതികളും പരിഭവങ്ങളും ക്ഷമയോടെ കേട്ടിരുന്ന്, അവർക്കും സർക്കാരിനും ഇടയിൽ നിലനിൽക്കുന്ന ഇപ്പോഴത്തെ കലുഷിതമായ സാഹചര്യം ഒഴിവാക്കാനുമാണ് കോടതി ഇവരെ നിയോഗിച്ചിരിക്കുന്നത്. തുടർച്ചയായ രണ്ടു മാസത്തോളമായി ഈ വഴിക്കുള്ള ഗതാഗതം തടഞ്ഞു കൊണ്ട് നടക്കുന്ന സമരത്തിൽ കോടതി ഒടുവിൽ ഇടപെട്ടു നടപടി സ്വീകരിക്കുകയായിരുന്നു. സമരക്കാരെ ഒഴിപ്പിക്കണം എന്ന കേന്ദ്ര സർക്കാർ നിലപാട് നിരസിച്ചുകൊണ്ടാണ്, പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാൻ വേണ്ട ചർച്ചകൾ ചെയ്യാൻ വേണ്ടി മൂന്നംഗ മധ്യസ്ഥ സംഘത്തെ നിയോഗിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവുണ്ടായത്.

അഡ്വ. സഞ്ജയ് ഹെഗ്‌ഡെ

ഈ പേര് ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. ഏതാനും മാസങ്ങൾക്കു മുമ്പ് ട്വിറ്ററുമായി നടന്ന ഒരു തർക്കത്തിന്റെ പേരിൽ അദ്ദേഹം മാധ്യമങ്ങളുടെ ഒന്നാം പേജിൽ തന്നെ ഇടം പിടിച്ചിരുന്നു. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനാണ് സഞ്ജയ് ഹെഗ്‌ഡെ. ഹിറ്റ്ലർക്കെതിരെ ഓഗസ്റ്റ് ലാൻഡ്‌മെസ്സർ എന്ന സൈനികൻ ഒറ്റയ്ക്ക് നടത്തിയ പ്രതിഷേധത്തിന്റെ അതിപ്രസിദ്ധമായ ചരിത്രചിത്രം തന്റെ പ്രൊഫൈലിന്റെ കവറാക്കി എന്ന പേരിലാണ്, മീഡിയാ പോളിസിക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന കാരണം കാട്ടിക്കൊണ്ട് ഹെഗ്‌ഡെയുടെ അക്കൗണ്ട് റദ്ദാക്കപ്പെടുന്നത്. ആദ്യതവണ റദ്ദാക്കപ്പെട്ടതിനു ശേഷം പ്രതിഷേധങ്ങളെത്തുടർന്ന് ട്വിറ്റര്‍ ഹാൻഡിൽ പുനഃസ്ഥാപിക്കപ്പെട്ടു. അടുത്തനിമിഷം ഹെഗ്‌ഡെ വീണ്ടും അതേ ചിത്രം കവറാക്കി . എന്നാൽ, ഹെഗ്‌ഡെ വീണ്ടും കവർ ചിത്രമായി അതേ ഫോട്ടോ അപ്‌ലോഡ് ചെയ്തതിന് പിന്നാലെ ട്വിറ്റർ അദ്ദേഹത്തിന്റെ ഹാൻഡിൽ വീണ്ടും സസ്‌പെൻഡ് ചെയ്തു. ഹെഗ്‌ഡെ അപ്‌ലോഡ് ചെയ്ത ചിത്രം ‘വെറുപ്പ് പ്രചരിപ്പിക്കുന്ന ഒന്നാണെന്ന് ട്വിറ്ററും അല്ലെന്ന് ഹെഗ്‌ഡെ അടക്കമുള്ളവരും അന്ന് പറഞ്ഞിരുന്നു.കശ്മീർ ഹേബിയസ് കോർപ്പസ്, ആരേ കോളനി മരം വെട്ട് തുടങ്ങിയ പല സെൻസിറ്റീവ് കേസുകളിലും വക്കാലത്തേറ്റെടുത്തിട്ടുള്ള ഹെഗ്‌ഡെ കേന്ദ്രസർക്കാരിനെതിരെയുള്ള തന്റെ നിലപാടുകൊണ്ട് ശ്രദ്ധേയനായ ഒരു നിയമജ്ഞനാണ്. മുംബൈ സർവകലാശാലയിൽ നിന്ന് എൽഎൽഎം എടുത്തിട്ടുള്ള അദ്ദേഹം സുപ്രീം കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകനാണ്.

അഡ്വ.സാധന രാമചന്ദ്രൻ

അഡ്വ.സാധന രാമചന്ദ്രൻ സുപ്രീം കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകയാണ്. മുമ്പ് ദില്ലി ഹൈക്കോടതി റെസൊല്യൂഷന്റെ ആർബിട്രേഷൻ വിഭാഗത്തിന്റെ അധ്യക്ഷയായി പ്രവർത്തിച്ച പരിചയവും അവർക്കുണ്ട്. അതായത് മുമ്പും മാധ്യസ്ഥ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വേണ്ടത്ര പരിചയമുള്ള വ്യക്തിയാണ് അവർ എന്നർത്ഥം.

വജാഹത്ത് ഹബീബുള്ള

ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ മുൻ ചെയർമാൻ ആയിരുന്ന വജാഹത്ത് ഹബീബുള്ള 1968 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുമ്പ് അദ്ദേഹം ഇന്ത്യയുടെ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഓഗസ്റ്റ് 2005 -ലാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. സെന്റ് സ്റ്റീഫൻസിലും ദില്ലി സർവകലാശാലയുടെ ചരിത്രത്തിൽ ഉന്നത പഠനം കഴിഞ്ഞ ശേഷമാണ് അദ്ദേഹം സിവിൽ സർവീസിലേക്ക് പ്രവേശിക്കുന്നത്. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഒരു എഴുത്തുകാരൻ കൂടിയാണ് വജാഹത് ഹബീബുള്ള ഐഎഎസ്.