ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരും ഇന്നലെ കാത്തിരുന്നത് തങ്ങളുടെ സൈനിനെ പാകിസ്താൻ മോചിപ്പിച്ചെന്ന വാർത്തകൾക്കായാണ്. വെള്ളിയാഴ്ച രാത്രി 9.20 ഓടെയാണ് മോചനം സാധ്യമായത്. ഇന്ത്യൻ മാധ്യമങ്ങളെ അതിർത്തിയിൽ നിന്നും അധികൃതർ അകറ്റി നിർത്തിയിരുന്നു, പക്ഷേ പാകിസ്താൻ കൈമാറ്റത്തിന്റെ ദൃശ്യങ്ങൾ തല്‍സമയം പുറത്തുവിട്ടു. ഇതിനിടെ അഭിനന്ദന്റെ കൈമാറൽ ചടങ്ങലിൽ ശ്രദ്ധപിടിച്ച് പറ്റിയത് പക്ഷേ ഒരു വനിതയായിരുന്നു. ഇന്ത്യയുടെ വീര നായകൻ വിങ് കമാൻഡർ അഭിനന്ദനെ ഇന്ത്യൻ സേനാ ഉദ്യോഗസ്ഥർക്കു കൈമാറാനെത്തിയ വനിത ആരാണ്? ഇന്നലെ രാജ്യത്തെ സോഷ്യൽ മീഡിയ ഉൾപ്പെടെ ഉത്തരം തേടിയ ചോദ്യങ്ങളിൽ ഒന്ന് ഇതായിരുന്നു.

അവർ ഡോ.ഫരീഖ ബുഗ്തി. പാക്കിസ്ഥാൻ വിദേശകാര്യ ഓഫിസിലെ ഇന്ത്യാ കാര്യങ്ങൾക്കുള്ള ഡയറക്ടറാണ് ഡോ.ഫരീഖ ബുഗ്തി. പാക്കിസ്ഥാനിലുള്ള ഫോറിൻ സർവീസ് ഓഫ് പാക്കിസ്ഥാൻ (എഫ്എസ്.പി) ഉദ്യോഗസ്ഥയാണ് ഡോ.ഫരീഖ. 2005 ലാണ് പാക്കിസ്ഥാൻ വിദേശകാര്യ ഓഫിസിൽ ഫരീഖ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2007 ൽ വിദേശകാര്യ ഓഫിസ് വക്താവായും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യയുമായുള്ള നയതന്ത്ര ഇടപാടുകളിൽ സജീവ സാന്നിധ്യമാണ് ഇവരുടേത്. ചാരൻ എന്ന് ആരോപിക്കപ്പട്ട് പാകിസ്താനിൽ തടവിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന്റെ കേസ് ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന പ്രധാന ഉദ്യോഗസ്ഥരിൽ ഒരാളാണ് ഡോ.ഫരീഖ. ഇസ്‌ലാമാബാദിൽ 2017 ൽ മാതാവും ഭാര്യയുമായി ജാദവിന് കൂടിക്കാഴ്ചയ്ക്ക് അവസരം നൽകിയപ്പോൾ ഫരീഖയും അവിടെ സന്നിഹിതയായിരുന്നു. കുൽഭൂഷൺ ജാദവിന്റെ കേസ് കഴിഞ്ഞ മാസം ഹേഗിലെ രാജ്യാന്തര കോടതിയിൽ പരിഗണിച്ചപ്പോഴും ഫരീഖയുടെ സാന്നിധ്യമുണ്ടായിരുന്നു.