54 കിലോമീറ്ററോളം നീളത്തിൽ തൂവെള്ളയായി പരന്നു കിടക്കുന്നതാണ് അന്റാർട്ടിക്കയിലെ ടെയ്‌ലർ ഹിമാനി(glacier) പ്രദേശം. എന്നാൽ 1911ൽ അവിടേക്ക് പര്യവേക്ഷണത്തിനെത്തിയ ഗവേഷകരുടെ കണ്ണിൽ ഒരു കാഴ്ച വന്നുപെട്ടു. ഹിമാനിയുടെ നെറുകയിൽ നിന്ന് താഴേക്ക് ഒലിച്ചിറങ്ങുന്ന ‘രക്തം’. ശരിക്കും ഒരാളുടെ നെറുകയിൽ മുറിവേറ്റതു പോലെ! Blood Falls എന്നാണവർ അതിനു നൽകിയ പേര്. എന്താണ് അതെന്ന് അന്വേഷിച്ച ഗവേഷകർ കാലക്രമേണ ഒരു നിഗമനത്തിലെത്തി– മഞ്ഞുപാളികളിലെ ചുവന്ന ആൽഗെകളാണ് ചുവപ്പൻ പ്രതിഭാസത്തിനു പിന്നിൽ. പക്ഷേ അപ്പോഴും ആ ആൽഗെകൾ എവിടെ നിന്നു വന്നു എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചിരുന്നില്ല. പിന്നെയും നൂറിലേറെ വർഷം കഴിഞ്ഞിരിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ഫെയർബാങ്ക്സിലെ ഗവേഷകർ ഒടുവിൽ ആ രഹസ്യം കണ്ടെത്തിയിരിക്കുകയാണ്. ആൽഗെകളല്ല മറിച്ച് മറ്റൊരു രാസപ്രവർത്തനം വഴിയാണ് ‘രക്തം നിറഞ്ഞ വെള്ളച്ചാട്ടം’ സൃഷ്ടിക്കപ്പെടുന്നതെന്നാണ് അവരുടെ കണ്ടുപിടിത്തം. ഭൂമിയിൽ ജീവന്റെ രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് വഴിതുറക്കാൻ സഹായിക്കുന്ന പുതുതാക്കോൽ കൂടിയായി ആ കണ്ടത്തൽ.

Related image

എന്ത് കൊണ്ടിത് സംഭവിക്കുന്നു ?

ഇരുമ്പ് തുരുമ്പിക്കുന്നതിന് സമാനമായ പ്രക്രിയയാണ് ടെയ്‌ലർ ഹിമാനിയിൽ നടക്കുന്നത്. ചുറ്റിലും മഞ്ഞുമൂടിക്കിടക്കുമ്പോൾ ഇതിനു മാത്രം ഇരുമ്പ് എവിടെ നിന്നുണ്ടായി എന്ന ചോദ്യം സ്വാഭാവികം. 15 ലക്ഷം വർഷത്തെ പഴക്കമുണ്ട് ടെയ്‌ലർ ഹിമാനിക്ക്. ഇതിന്റെ രൂപീകരണ സമയത്ത് കിലോമീറ്ററുകണക്കിന് ദൂരത്തേക്കാണ് മഞ്ഞ് പരന്നത്. മഞ്ഞിന്റെ ആ യാത്രയ്ക്കിടെ അത് ഒരു ഉപ്പുവെള്ളത്തടാകത്തെയും കടന്നുപോയി. എണ്ണിയാലൊടുങ്ങാത്ത മഞ്ഞിൻപാളികൾക്കു താഴെയായി ആ തടാകം കുടുങ്ങിക്കിടന്നു. അതിലെ ഉപ്പുവെള്ളമാകട്ടെ കുറുകിക്കുറുകി കൊടും ഉപ്പുരസമുള്ളതായും മാറി. സാധാരണ താപനിലയിൽ ഉപ്പുവെള്ളം കട്ടിയാകുന്ന അവസ്ഥയിലും അതെത്തി. ഇക്കണ്ട കാലമെല്ലാം ഭൂമിയുടെ അടിത്തട്ടിൽ നിന്നും ഈ ഉപ്പുതടാകം ഇരുമ്പിന്റെ അംശങ്ങളെ വലിച്ചെടുക്കുന്നുണ്ടായിരുന്നു. വൻതോതിൽ ഇരുമ്പടങ്ങിയ ഈ വെള്ളം പുറത്തെത്തിയതോടെ ഓക്സിജനുമായി ചേർന്ന് ചുവപ്പ് നിറമാവുകയായിരുന്നു. ഇരുമ്പ് തുരുമ്പിക്കുന്ന അതേ പ്രക്രിയയാണ് ഇവിടെയും സംഭവിച്ചത്. ചോരച്ചുവപ്പല്ലെങ്കിലും തുരുമ്പിന്റെ നിറമാണ് ടെയ്‌ലർ ഹിമാനിയുടെ നെറുകയിലുള്ള ‘രക്തവെള്ളച്ചാട്ട’ത്തിനുള്ളതും!

Related image
എങ്ങനെ ഇത് പുറത്തേക്ക് പ്രവഹിക്കുന്നു ?

എന്നാൽ ഇരുമ്പിന്റെ അംശം നിറഞ്ഞ ഈ വെള്ളം എങ്ങനെ വർഷങ്ങൾ കാത്തിരുന്ന് മഞ്ഞുപാളികൾക്കിടയിലൂടെ പുറത്തേക്കൊഴുകി എന്ന ചോദ്യത്തിന് ഉത്തരം ഇതുവരെ കിട്ടിയിരുന്നില്ല. റേഡിയോ–എക്കോ സൗണ്ടിങ്(ആർഇഎസ്) എന്ന റഡാർ സംവിധാനം ഉപയോഗിച്ചായിരുന്നു ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കിയത്. ശബ്ദതരംഗങ്ങള്‍ മഞ്ഞുപാളികളിലേക്കയച്ചുള്ള പരീക്ഷണമായിരുന്നു ഇത്. രക്തവെള്ളച്ചാട്ടമുള്ള ഭാഗത്തിനു മുകളിൽ ഗ്രിഡ് ആകൃതിയിൽ ആർഇഎസ് റഡാറിന്റെ ആന്റിന ചലിപ്പിക്കുകയാണ് സംഘം ചെയ്തത്. ശബ്ദതരംഗങ്ങൾ മുന്നോട്ട് വിട്ട് വഴിയിലെ തടസ്സങ്ങൾ മനസിലാക്കുന്ന വവ്വാലുകളുടെ രീതി തന്നെയാണ് ആർഇഎസ് റഡാർ സംവിധാനത്തിലും ഉപയോഗിക്കുന്നത്. എന്തായാലും അതോടെ മഞ്ഞുപാളികളുടെ താഴെയുള്ളത് എന്തെല്ലാമെന്ന വിവരങ്ങളുടെ റഡാർ ചിത്രം ലഭ്യമായി. ടെയ്‌ലർ ഹിമാനിക്കു താഴെ ഒട്ടേറെ നീളൻ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളതായിരുന്നു അതിലെ പ്രധാന വിവരം. കൂട്ടത്തിൽ 300 മീറ്റർ നീളമുള്ള ഒരു വിള്ളലിലൂടെയായിരുന്നു ഹിമാനിക്ക് അടിയിലെ ഇരുമ്പുനിറഞ്ഞ ഉപ്പുവെള്ളം മുകളിലേക്കൊഴുകിയത്. ശക്തമായ സമ്മർദത്തിൽ ഉപ്പുവെള്ളം വിള്ളലിലൂടെ മുകളിലേക്കു പ്രവഹിക്കുകയായിരുന്നു. ഇതുവഴി ഒരു കാര്യം കൂടി വ്യക്തമായി, എങ്ങനെയാണ് കൊടുംഉപ്പുരസം നിറഞ്ഞിട്ടും ജലത്തിന് തണുത്തുറഞ്ഞ ഹിമാനികളിലൂടെ സഞ്ചരിക്കാനാകുന്നതെന്ന്. കട്ടിയാകുന്നതിനനുസരിച്ച് ജലം താപത്തെ പുറംതള്ളുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ആ ചൂട് പരിസര പ്രദേശങ്ങളിലെ തണുത്തുറഞ്ഞ മഞ്ഞിനെയും ചൂടുപിടിപ്പിക്കും. കുറഞ്ഞ ‘ഫ്രീസിങ് ടെംപറേച്ചറാണ്’ ഉപ്പുവെള്ളത്തിനുള്ളത്. ഇതോടൊപ്പം ചൂടുകൂടി ചേരുന്നതോടെ ഉപ്പുവെള്ളത്തിന്റെ സഞ്ചാരം എളുപ്പമാകുന്നു. ദശലക്ഷക്കണക്കിനു വർഷങ്ങൾ കാത്തിരുന്ന ശേഷമാണ് ടെയ്‌ലർ ഹിമാനിക്കു താഴെയുള്ള ഉപ്പുവെള്ളത്തിന് മഞ്ഞുപാളിയിൽ വിള്ളലുണ്ടാക്കി പുറത്തേക്കു വരാൻ സാധിച്ചതെന്നും ഓർക്കണം. അന്റാർട്ടിക്കയിൽ ഇത്തരത്തിൽ ജലത്തിന്റെ അനുസ്യൂത പ്രവാഹമുള്ള ഏറ്റവും തണുത്തുറഞ്ഞ പ്രദേശവും ഇപ്പോൾ ടെയ്‌ലർ ഹിമാനിയാണ്.

Image result for mystery-of-antarctica's-blood-falls-is-finally-solved

അതിനിടയിലും ജീവന്റെ തുടിപ്പോ !!!
തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കിടയിൽ ആയിരക്കണക്കിന് വർഷങ്ങളായി ഉറഞ്ഞിരിക്കുന്ന സൂക്ഷ്മാണുക്കളുടെ ജീവരഹസ്യം സംബന്ധിച്ചും ഇതോടെ പുതിയ പഠനങ്ങൾക്ക് വഴി തുറക്കുകയാണ്. മഞ്ഞിൻപാളികൾക്കു താളെ ഉപ്പുവെള്ളത്തിൽ ഓക്സിജന്റെ അഭാവത്തിൽ ഒരു പ്രത്യേകതരം ബാക്ടീരിയങ്ങളെ കണ്ടെത്തിയിട്ടുണ്ട്. സൾഫേറ്റുകൾ വിഘടിപ്പിച്ചാണ് ഇവ ആവശ്യമുള്ളത്ര ഊർജം ശേഖരിക്കുന്നത്. സൾഫേറ്റുകളെ സൾഫൈറ്റുകളാക്കി മാറ്റുന്നു, ഇവ വെള്ളത്തിൽ വൻതോതിലുള്ള ഇരുമ്പിന്റെ അംശങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. അതുവഴി കൂടുതൽ സൾഫേറ്റുണ്ടാകുന്നു. അവ ബാക്ടീരിയ ഉപയോഗപ്പെടുത്തുന്നു–ഇത്തരത്തിലൊരു ചാക്രിക പ്രവർത്തനം വഴിയാണ് അവ ജീവൻ നിലനിർത്തുന്നത്. പുതിയ സാഹചര്യത്തിൽ ടെയ്‌ലർ ഹിമാനിക്കു താഴെ മാത്രമല്ല അന്റാർട്ടിക്കയിൽ പലയിടത്തും ഈ പ്രതിഭാസം കണ്ടേക്കാമെന്നാണ് ഗവേഷകരുടെ അനുമാനം. അങ്ങനെയെങ്കിൽ ജീവന്റെ രഹസ്യങ്ങൾ ഇനിയുമേറെയുണ്ടാകും പുറത്തേക്കു വരാൻ. അതിനാകട്ടെ ‘രക്തംനിറഞ്ഞ വെള്ളച്ചാട്ട’ത്തേക്കാൾ കൗതുകകരമായ കഥകളും ഉണ്ടാകും പറയാൻ.