റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു. ഡെപ്യൂട്ടി ഗവര്‍ണര്‍ പദവിയില്‍ ആറ് മാസത്തെ സേവനം കൂടി ശേഷിക്കെയാണ് വിരാല്‍ ആചാര്യ വിരമിച്ചിരിക്കുന്നത്.

ആര്‍ബിഐയുടെ ഏറ്റവും പ്രായം കുറഞ്ഞ ഡെപ്യൂട്ടി ഗവര്‍ണറായ വിരാല്‍ ആചാര്യ 2017 ജനുവരിയിലാണ് സ്ഥാനം ഏറ്റെടുക്കുന്നത്. നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായിരുന്നു വിരാല്‍ ആചാര്യ. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളില്‍ പ്രൊഫസറായിരുന്ന അദ്ദേഹം അവിടേക്ക് തന്നെ മടങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരാള്‍ രാജിവച്ചതോടെ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ആര്‍ബിഐയില്‍ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ ഉന്നത സ്ഥാനീയനാണ് വിരാല്‍ ആചാര്യ. കഴിഞ്ഞ ഡിസംബറിലാണ് അന്നത്തെ അര്‍ബിഐ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ രാജിവച്ചത്. കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു ഊര്‍ജിത് പട്ടേല്‍ രാജിവച്ചത്. അതിനു ശേഷം ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണറായി.

ഇപ്പോഴത്തെ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി വിരാല്‍ ആഛാര്യക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു എന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഊര്‍ജിത് പട്ടേലിന് പിന്നാലെ വിരാല്‍ ആചാര്യ രാജി സമര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആര്‍ബിഐയുടെ ധനനയ രൂപീകരണത്തിന്റെ ചുമതലയായിരുന്നു വിരാല്‍ ആചാര്യക്ക്.

ഏറെ നാളായി ഊർജിത് പട്ടേലും കേന്ദ്രസർക്കാരും തമ്മിൽ ശീതസമരം നിലനിന്നിരുന്നു. ഇതാണ് ഊർജിത് പട്ടേലിന്റെ രാജിയിൽ അവസാനിച്ചത്. ആർബിഐയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്നും പണം ആവശ്യപ്പെട്ടതോടെയാണ് ആര്‍ബിഐയും കേന്ദ്ര ധനകാര്യ മന്ത്രാലയവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. ആർബിഐയുടെ കരുതൽ ധനശേഖരത്തിൽനിന്ന് 3.6 ലക്ഷം കോടി രൂപ കൈമാറണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്.

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പകൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിരുന്നു. വായ്പ നൽകുന്നതിൽനിന്നു 11 ബാങ്കുകളെ ആർബിഐ തടഞ്ഞിരുന്നു. ഈ നിയന്ത്രണം മാറ്റണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു.