നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന വിഷയത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഈ അവസരത്തിൽ ഫ്ലാറ്റ് ഉടമകൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷമ്മി തിലകൻ.

ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾക്കെതിരെ ഉടമകൾ സമരം തുടരുന്ന സാഹചര്യത്തിലാണ് ഷമ്മി തിലകന്റെ പ്രതികരണം. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അമുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ എന്നാണ് ഷമ്മി തിലകൻ ഉയർത്തുന്ന ചോദ്യം. തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടു വന്നിരിക്കുന്നത് പാലിക്കാനാണെന്നും താരം പറഞ്ഞു.

ഫ്ലാറ്റുകള്‍ ഒഴിപ്പിക്കുന്നകാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്ന് മരട് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. ഒഴിയുന്നതിന് അനുവദിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കേ നഗരസഭയുടെ നോട്ടിസിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ അന്ത്യശാസനം വന്നതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച ആണ് ഫ്ലാറ്റുകൾ ഒഴിപ്പിക്കുന്നതിന് നഗരസഭാ നോട്ടീസ് നൽകിയത്. നോട്ടീസിന്റെ കാലാവധി നാളെ തീരുന്ന സാഹചര്യത്തിൽ ആണ് സർക്കാർ നിർദേശം അനുസരിച്ച് മാത്രമേ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകുവെന്ന് നഗരസഭാ വ്യക്തമാക്കിയത്. നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസിന് 12 ഫ്ലാറ്റ് ഉടമകൾ മറുപടി നൽകിയിട്ടുണ്ട്. ഫ്ലാറ്റുകൾ ഒഴിയില്ലെന്നാണ് മറുപടിയിൽ ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കിയിരിക്കുന്നത്. ഫ്ലാറ്റ് ഉടമകളുടെ മറുപടി നഗരസഭാ സെക്രട്ടറി സർക്കാരിന് കൈമാറിയിട്ടുണ്ട്.

ചട്ടങ്ങൾ പാലിക്കാതെ ആണ് നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസ് എന്ന് ഫ്ലാറ്റുടമകൾ പറയുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കും. ഒരു കാരണവശാലും ഫ്ലാറ്റുകൾ ഒഴിയില്ലെന്നും ഉടമകൾ വ്യക്തമാക്കി.

ഒഴിപ്പിക്കൽ നടപടിക്ക് എതിരെ നഗരസഭയ്ക്ക് മുന്നിൽ നാളെ മുതൽ ഫ്ലാറ്റുടമകൾ അനിശ്ചിതകാല സമരം ആരംഭിക്കും. ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുന്നതിന് എതിരെ സിപിഎം ജില്ലാ കമ്മിറ്റി നാളെ മരടിൽ മാർച്ച്‌ നടത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നാളെ ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണയുമായി മരടിലെത്തും.

ഷമ്മി തിലകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..?! തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..! സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്..! അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..?

ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമ്മാണ അനുമതിക്കും, ഒക്യുപൻസിക്ക് വേണ്ടിയുമൊക്കെ ബഹു.ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമ നിഷേധികളെ മാത്രം വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..? ഒന്നും ചെയ്യാനാവില്ലെന്നറിയാം..! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു. പക്ഷേ ഇങ്ങനെ പോയാൽ..; ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാ മലരുകളും അറിയേണ്ടതുണ്ട് എന്നുമാത്രം തൽകാലം പറയുന്നു.