രോഗംബാധിച്ച് കിടപ്പിലായ ഭർത്താവിനെ ഭാര്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കൊല്ലം പത്തനാപുരം തലവൂർ സ്വദേശി സുന്ദരൻ ആചാരി കൊല്ലപ്പെട്ട കേസിൽ ഭാര്യ വസന്തയെ പൊലീസ് അറസ്റ്റു ചെയ്തു. സംരക്ഷിക്കാൻ ആളില്ലാത്തതുകൊണ്ടാണ് കൊല നടത്തിയതെന്ന് ഭാര്യ പൊലീസിനോട് സമ്മതിച്ചു.

കഴിഞ്ഞ ശനിയാഴ്ച 10മണിയോടെയാണ് സുന്ദരൻ ആചാരിയെ കിടക്കയിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ഏറെ നാളായി കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാതെ കിടപ്പിലായിരുന്നു സുന്ദരൻ ആചാരി. അസുഖം ബാധിച്ച് മരിച്ചതാണെന്നാണ് ഭാര്യ വസന്ത സമീപവാസികളെ അറിയി്ച്ചത്. മൃതദേഹം പരിശോധിക്കാനെത്തിയ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർക്ക് തോന്നിയ സംശയമാണ് കൊലപാതകമാണെന്ന സൂചന നൽകിയത്. ശ്വാസംമുട്ടച്ചതിന് ശേഷം കഴുത്തിൽ മൊബൈൽ ചാർജറിന്റെ വയർ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. സംശയം തോന്നി ആദ്യം മരുമകൻ രാജേഷിനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ശാരീരിക ആവശതകളെ തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായിരുന്ന സുന്ദരനാചാരിയ്ക്ക് പരസഹായമില്ലാതെ എഴുനേല്‍ക്കാനാവാത്ത സ്ഥിതിയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ മരണം കൊലപാതകമാണന്ന് സ്ഥിരീകരിച്ചു ,ഇതിന് ശേഷം വീണ്ടു ഭാര്യയെ തുടർച്ചയായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.

മകൾ സുനിതയ്ക്കൊപ്പമാണ് സുന്ദരൻ ആചാരിയും ഭാര്യ വസന്തയും താമസിച്ചു വന്നിരുന്നത്.പ്രതിയെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.കൊലപ്പെടുത്താൻ ഉപയോഗിച്ച തലയണയും മൊബൈൽ ചാർജ്ജറിൻറെ വയറും പോലീസ് കണ്ടെടുത്തു. പുനലൂര്‍ എ എസ് പി കാര്‍ത്തികേയന്‍ ഗോകുല്‍ ചന്ദ്, പത്തനാപുരം സി ഐ എസ്. നന്ദകുമാര്‍ , കുന്നിക്കോട് എസ്.ഐ സുരേഷ് കുമാർ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ ചോദ്യം ചെയ്തത്. കോടതിയിൽ ഹാജരാക്കിയ വസന്തയെ റിമാന്‍ഡ് ചെയ്തു. ഭർത്താവിനെ ശിശ്രൂഷിക്കാൻ കഴിയാത്തതാണ് കൊലപ്പെടുത്താനുള്ള കാരണമെന്ന് വസന്ത മൊഴി നൽകി.