മീന്‍ ചാറ് കണ്ണില്‍ തെറിച്ചു, ഭര്‍ത്താവുമായി വഴക്കിട്ട ഭാര്യ കിണറ്റില്‍ ചാടി മരിച്ചു, രക്ഷിക്കാന്‍ ചാടിയ ഭര്‍ത്താവും സുഹൃത്തും ഗുരുതരാവസ്ഥയില്‍

മീന്‍ ചാറ് കണ്ണില്‍ തെറിച്ചു, ഭര്‍ത്താവുമായി വഴക്കിട്ട ഭാര്യ കിണറ്റില്‍ ചാടി മരിച്ചു, രക്ഷിക്കാന്‍ ചാടിയ ഭര്‍ത്താവും സുഹൃത്തും ഗുരുതരാവസ്ഥയില്‍
February 08 18:05 2016 Print This Article

പോത്തന്‍കോട്: ചെറിയ തോതില്‍ വഴക്കുകള്‍ ഇല്ലാത്ത കുടുംബങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍, ഇത്തരം ചെറു പിണക്കങ്ങളെ തുടര്‍ന്ന് ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീങ്ങുന്ന സംഭവങ്ങള്‍ അടുത്തിടെ വര്‍ദ്ധിച്ച് വരികയാണ്. അത്തരമൊരു വാര്‍ത്തയാണ് തിരിവനന്തപുരത്തെ പോത്തന്‍കോട്ടു നിന്നും പുറത്തുവന്നത്. ഭര്‍ത്താവുമായി വഴക്കിട്ട് വീട്ടിലെ കിണറ്റില്‍ ചാടിയ യുവതി മരണമടഞ്ഞു.രക്ഷിക്കാന്‍ പിന്നാലെ ചാടിയ ഭര്‍ത്താവിനെയും സുഹൃത്തിനെയും പരിക്കുകളോടെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞാണ്ടൂര്‍ക്കോണം ഭഗവതിപുരം കീഴതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പട്ടം മുറിഞ്ഞപാലം തോട്ടുവരമ്പില്‍ വീട്ടില്‍ ഷിജുഷീജ ദമ്പതികളുടെ മകള്‍ അര്‍ച്ചനയാണ് (20) മരിച്ചത്. രക്ഷിക്കാന്‍ ചാടിയ ഭര്‍ത്താവ് വിഷ്ണു(24),അയല്‍ക്കാരനും സുഹൃത്തുമായ അനന്തു എന്ന അഭിജിത്ത്(22)എന്നിവരാണ് ആശുപത്രിയിലുള്ളത്.

ഇന്നലെ വൈകിട്ട് 4.30 നായിരുന്നു സംഭവങ്ങളുടെ തുടക്കം. സ്വകാര്യ ട്രാവല്‍സിലെ ഡ്രൈവറായ വിഷ്ണു ജോലികഴിഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ ഭാര്യയുമായി ചെറിയ വാക്കുതര്‍ക്കമുണ്ടായി. സംസാരത്തിനിടയില്‍ ദേഷ്യപ്പെട്ട വിഷ്ണു കൈ കുടഞ്ഞപ്പോള്‍ അര്‍ച്ചനയുടെ കണ്ണില്‍ മീന്‍ ചാര്‍ വീണു. ഇതോടെ, വഴക്ക് രൂക്ഷമായി. തുടര്‍ന്ന് ഒന്നും രണ്ടും പറഞ്ഞ് വഴക്കിട്ട അര്‍ച്ചന 60 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു.

അര്‍ച്ചന കിണറ്റില്‍ ചാടിയതോടെ പരിഭ്രാന്തനാ വിഷ്ണുവും പിന്നാലെ കിണറ്റിലേക്ക് ചാടി. വിവരമറിഞ്ഞെത്തിയ അഭിജിത്തും ചാടി. ചാക്കയില്‍ നിന്ന് അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് മൂന്ന് പേരെയും പുറത്തെടുത്തത്. അര്‍ച്ചന സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അബോധാവസ്ഥയിലായ വിഷ്ണുവിനെയും അഭിജിത്തിനെയും മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചു.

കൊട്ടാരക്കര പുത്തൂര്‍ സ്വദേശിയായ വിഷ്ണുവും വിഷ്ണുവും വിവാഹിതരായിട്ട് രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ. ഇവര്‍ക്ക് കുട്ടികളില്ല. യുവതിയുടെ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. വീട് വാടകക്കെടുത്തിട്ട് 4 മാസമായി. വിദ്യാര്‍ത്ഥികളായ അശ്വതി, അനന്ദു എന്നിവരാണ് അര്‍ച്ചനയുടെ സഹോദരങ്ങള്‍. മൃതദേഹം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles