ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രവേശിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകയായ തൃപ്തി ദേശായി. ദര്‍ശനത്തിനെത്തുന്ന സമയത്ത് സമരം ചെയ്യുന്നതും ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നതും ശരിയല്ല. ദര്‍ശനം തടയാന്‍ ശ്രമിക്കുന്നത് കോടതി അലക്ഷ്യമാകും. ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

മനുഷ്യാവകാശ പ്രവര്‍ത്തകയും ഇന്ത്യയിലെ സ്ത്രീ വിമോചന പോരാളികളില്‍ ഒരാളുമായ തൃപ്തി ദേശായി നേരത്തെ വനിതകള്‍ക്ക് പ്രവേശനം നിരോധിച്ചിരുന്ന വിവിധ ക്ഷേത്രങ്ങളില്‍ പ്രവേശിച്ചിരുന്നു. ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് തൃപ്തി ദേശായി പ്രവേശിച്ചത്. ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ് ഇവര്‍.

അതേസമയം സ്ത്രീകള്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്താനെത്തിയാല്‍ തടയുമെന്നാണ് പ്രതിഷേധം നടത്തുന്നവരുടെ നിലപാട്. ആര്‍ത്തവ ‘വിശുദ്ധിയുള്ള’ സ്ത്രീകളെ യാതൊരു കാരണവശാലും ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന് നേരത്തെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ വലിയ സുരക്ഷ ഒരുക്കാനായിരിക്കും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുക.