യു ഡി എഫിൽ നിന്നും പുറത്താക്കപ്പെട്ട ജോസ് ഇനി എങ്ങോട്ട് എന്ന കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടില്ല. ജോസിനെയും കൂട്ടരെയും കൂടെ കൂട്ടാൻ സി പി എമ്മും ബി ജെ പി യും ശ്രമം നടത്തുന്നുണ്ട്. തല്ക്കാലം എങ്ങോട്ടുമില്ല ഒറ്റയ്ക്ക് നിന്ന് ശാക്തി തെളിയിക്കും എന്നൊക്കെ ജോസ് തട്ടി വിടുന്നുണ്ടെങ്കിലും ടിയാനും സംഘവും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനു മുൻപായി എവിടെയെങ്കിലും ചേക്കേറും എന്ന കാര്യത്തിൽ നമ്മുടെ പൂഞ്ഞാർ പുലിക്കും സംശയം ലെവലേശമില്ല. എന്നാൽ ജോസും കൂട്ടരും എവിടെ കൂടുകൂട്ടും എന്നതല്ല ഇപ്പോൾ നമ്മുടെ പി സിയെ ആശങ്കാകുലനാക്കുന്നത്. ഒറ്റയ്ക്ക് നിൽക്കുന്നതിലെ അപകടം പി സി യും തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിനു മുൻപായി എവിടെയെങ്കിലും കയറിക്കൂടാനുള്ള വ്യഗ്രതയിലാണ് നമ്മുടെ പുലിയും. പിടിക്കുമ്പോൾ പുളിങ്കൊമ്പ്‌ തന്നെ പിടിക്കണമെന്ന് പി സിക്കറിയാം. എന്നാൽ എൽ ഡി എഫിൽ സാധ്യത കുറവായതിനാൽ യു ഡി എഫ് മതിയാവും എന്നൊരു ചിന്തയുണ്ടത്രേ. ജോസ് മോൻ പോയാൽ പോട്ടെന്നേ ഞാൻ ലച്ചിപ്പോം എന്ന സന്ദേശം നൽകി കാത്തിരിക്കുകയാണ് പൂഞ്ഞാർ പുലിയെന്നാണ് 24 ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. യു ഡി എഫ് നേതാക്കൾ പി സി യുമായി ഇതിനകം ചർച്ച നടത്തിയെന്നും അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിനു മുൻപായി ഏതെങ്കിലും ഒരു മുന്നണിയിൽ കയറിക്കൂടുമെന്നു പി സി പറഞ്ഞതായും 24 റിപ്പോർട്ട് ചെയ്യുന്നു.24 വാർത്ത ശരിയാണെങ്കിൽ പി സി യെ അടുത്തു തന്നെ യു ഡി എഫിൽ പ്രതീക്ഷിക്കാം.

കോട്ടയം ജില്ലയിലെ തന്നെ, അതും കെ എം മാണിയുടെ സ്വന്തം പാലായോട് ചേർന്നു സ്ഥിതി ചെയ്യുന്ന പൂഞ്ഞാർ നിയമസഭ മണ്ഡലത്തിൽ നിന്നുമുള്ള പി സിയുടെ തുടർ വിജയങ്ങൾ സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്. 1980 മുതൽ പി സി പൂഞ്ഞാറിന്റെ സ്വന്തം എം എൽ എ ആണെന്നതല്ല, കേരളത്തിലെ ഇടതു -വലതു മുന്നണികൾക്കൊപ്പം നിന്ന് മാത്രമല്ല ഒറ്റയ്ക്ക് നിന്നും പോരാടി ജയിച്ച ചരിത്രം കൂടി ഉണ്ടെന്നതാണ് കേരള രാഷ്ട്രീയത്തിൽ അയാളെ വ്യത്യസ്തനാക്കുന്നതെന്നു വേണമെങ്കിൽ പറയാം. ഇങ്ങനെയൊക്കെയാണെങ്കിലും ഇടയ്ക്കു വെറും കിടുവ ആയി പരിണമിക്കാറുണ്ടെന്നത് മാത്രമല്ല പി സി യിൽ ആരോപിക്കപ്പെടുന്ന കുറ്റം. ഏറെക്കാലം ശത്രു പക്ഷത്തു നിറുത്തുക മാത്രമല്ല നിഴലിൽ കുത്തി സംഹരിച്ചു പോന്ന കെ എം മാണിയെ ( പി സി യുടെ തന്നെ വാക്കുകൾ കടമെടുത്താൽ ‘പാലാ മെമ്പർ’ ) കൂട്ടുപിടിച്ചു യു ഡി എഫ് സർക്കാരിൽ ചീഫ് വിപ്പ് വരെയായ പി സി യെ കയ്യിലിരുപ്പ് കണ്ടു മുന്നണിയിൽ ഉള്ളവർ പോലും ‘ചീപ് വിപ്’ എന്ന് വിളിച്ച ചരിത്രമുണ്ട്. ഫ്രാങ്കോ ബിഷപ്പ് കേസിലടക്കം സ്വീകരിച്ച നിലപാടുകളുടെ പേരിൽ ‘ സ്ത്രീ വിരുദ്ധൻ ‘ പട്ടവും നമ്മുടെ പി സി ക്കു ചാർത്തി കിട്ടുകയും ഉണ്ടായിട്ടുണ്ട്.

പൂഞ്ഞാറിൽ പി സി യുടെ ‘ജനപക്ഷം’ പാർട്ടിക്ക് മോശമല്ലാത്ത ആൾബലം ഉണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പാലായിലും കോട്ടയത്തുമൊക്കെ അല്ലറ ചില്ലറ സഹായം ചെയ്യാനും പി സിക്കു കഴിഞ്ഞേക്കും.അതുകൊണ്ടൊക്കെ തന്നെ പി സി തയ്യാറാണെങ്കിൽ പഴയതൊക്കെ മറന്നു ഈ ഘട്ടത്തിൽ സ്വീകരിക്കാൻ കോൺഗ്രസ്സും യു ഡി എഫും തയ്യാറായേക്കും. പക്ഷെ അപ്പോഴും ബാക്കിയാവുന്ന ചോദ്യം സത്യത്തിൽ പി സി ഇപ്പോഴും ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ യിൽ ഉണ്ടോ അതോ സർവ സ്വതന്ത്രൻ ആണോ എന്നതാണ്. എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ കേരള കോൺഗ്രസ് സെക്കുലർ എന്ന പേരിലാണ് പി സി യുടെ പാർട്ടി അറിയപ്പെട്ടിരുന്നത്. മാണിയുടെ കേറിവാടാ മക്കളെ വിളികേട്ടു മഹാ ലയനത്തിൽ പി സിയും പങ്കാളിയായപ്പോൾ കേരള കോൺഗ്രസ് സെക്കുലർ സ്കറിയ തോമസ്സിന്റെ മാത്രം പാർട്ടിയായി. മാണിയെ വീണ്ടും തള്ളിപ്പറഞ്ഞു പുറത്തു വന്നപ്പോൾ ഉണ്ടാക്കിയ ജനപക്ഷവുമായാണ് എൻ ഡി എയുടെ ഘടകം ആയത്. അതുകൊണ്ടു തന്നെ ആ പാർട്ടിയുടെ പേരിനു മറ്റാരും അവകാശ വാദം ഉന്നയിക്കാൻ ഇടയില്ല. എങ്കിലും വസ്ത്രം മാറുന്നതുപോലെ മുന്നണി മാറുന്ന പി സി വീണ്ടും യു ഡി എഫിൽ എത്തിയാലും അവിടെ തുടരുമെന്ന് ആർക്കാണ് ഉറപ്പ് എന്നത് മാത്രമല്ല ഇനി എന്തൊക്കെ യു ഡി എഫ് സഹിക്കേണ്ടി വരും എന്നതും ഒരു വലിയ പ്രശ്നമാണ്.