മലയാളം യു കെ ന്യൂസ് സ്പെഷ്യല്‍ – ജോജി തോമസ്

ഇന്ത്യയുടെ ദേശീയ വിമാനമായ എയര്‍ ഇന്ത്യ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റ. എയര്‍ ഇന്ത്യ മുമ്പ് ടാറ്റ ഗ്രൂപ്പിന്റെ സ്വന്തമായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ എയര്‍ ഇന്ത്യയെ ദേശവത്കരിക്കുകയും രാജ്യത്തിന്റെ ദേശീയ വിമാന സര്‍വീസാക്കുകയുമായിരുന്നു. വന്‍ നഷ്ടത്തിലായിരുന്നെങ്കിലും ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായിരുന്ന എയര്‍ ഇന്ത്യയുടെ മഹാരാജാവ് അധികം താമസിക്കാതെ സ്വകാര്യ കമ്പനികളുടെ കൈകളില്‍ എത്തുമെന്നാണ് ലഭ്യമായ സൂചന. ടാറ്റാ ഗ്രൂപ്പിനൊപ്പം ഖത്തര്‍ എയര്‍വേയ്സും എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയെ ഒരു വിദേശ കമ്പനിക്ക് വില്‍ക്കുന്നതിലെ അനൗചിത്യം പരിഗണിച്ച് ടാറ്റ ഗ്രൂപ്പിനു തന്നെയാണ് സാധ്യതയേറെ.

എയര്‍ ഇന്ത്യ സ്വന്തമാക്കുകയാണെങ്കില്‍ വിപുലമായ അഴിച്ചുപണിക്കാണ് ടാറ്റ പദ്ധതിയിടുന്നത്. ഒരു വര്‍ഷം നാലായിരം കോടി രൂപയിലധികം നഷ്ടം വരുത്തിവയ്ക്കുന്ന എയര്‍ ഇന്ത്യയെ മൂന്നുവര്‍ഷം കൊണ്ട് ലാഭത്തിലാക്കാമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ ധാരണ. മാഞ്ചസ്റ്റര്‍ അടക്കം ലോകത്തിലെ പ്രമുഖ നഗരങ്ങളിലേയ്ക്ക് സര്‍വ്വീസ് നടത്തി വ്യോമയാന രംഗത്ത് എയര്‍ ഇന്ത്യയെ കൂടുതല്‍ മത്സരക്ഷമതയുള്ളതാക്കണമെന്ന്  ടാറ്റാ ഗ്രൂപ്പ്‌ കരുതുന്നു. ഏതാനും വര്‍ഷം മുമ്പ് ബര്‍മിങ്ങ്ഹാമില്‍ നിന്ന് എയര്‍ ഇന്ത്യ സര്‍വ്വീസ് ആരംഭിച്ചത് മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സമൂഹത്തെ എമിറേറ്റ്സിന്റെ തീവെട്ടിക്കൊള്ളയില്‍ നിന്ന് രക്ഷിച്ചിരുന്നു. ജെ.ആര്‍.ഡി. ടാറ്റ ആരംഭിച്ച എയര്‍ ഇന്ത്യയോട് ടാറ്റ ഗ്രൂപ്പിന് ഒരു ആത്മബന്ധം തന്നെയുണ്ട്. ജെ.ആര്‍.ഡി. ടാറ്റ, ടാറ്റ എയര്‍ലൈന്‍ എന്ന പേരില്‍ 1932ലാണ് ഇന്ത്യയിലെ ആദ്യ വിമാന സര്‍വ്വീസിന് തുടക്കമിടുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് 1946ല്‍ എയര്‍ ഇന്ത്യ എന്ന പേരില്‍ ടാറ്റ എയര്‍ലൈന്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. 1948ല്‍ 49 ശതമാനം ഓഹരികള്‍ വാങ്ങി ഇന്ത്യാ ഗവണ്‍മെന്റ് എയര്‍ ഇന്ത്യയുടെ നിയന്ത്രണം സ്വന്തമാക്കി. 1953ല്‍ എയര്‍ ഇന്ത്യയെ ദേശസാത്കരിക്കുകയും വിഭജിച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സ് സ്ഥാപിക്കുകയും ചെയ്തു.

എയര്‍ ഇന്ത്യയുടെ സഞ്ചിത നഷ്ടം 52,000 കോടി രൂപയുടേതാണ്. ഓരോ വര്‍ഷവും 4000 കോടി രൂപ വീതം അധിക ബാധ്യത സര്‍ക്കാര്‍ ഖജനാവിന് വരുത്തി വെയ്ക്കുന്നുമുണ്ട്. രാജ്യത്തിന്റെ അഭിമാനമായ എയര്‍ ഇന്ത്യയെ നഷ്ടക്കണക്കുകളില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ വളരെയധികം നീക്കം നടന്നിരുന്നു. 30,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചിരുന്നെങ്കിലും എയര്‍ ഇന്ത്യയെ കടക്കെണിയില്‍ നിന്ന് കരകയറ്റാനായില്ല. അതോടെ രാജ്യത്തെ ജനങ്ങളുടെ മേല്‍ വലിയൊരു ബാധ്യത വര്‍ഷം തോറും വരുത്തിവെയ്ക്കുന്ന എയര്‍ ഇന്ത്യയെ കയ്യൊഴിയാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിക്കുകയായിരുന്നു.

ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങി ലോകത്തിലെ പ്രമുഖ എയര്‍ പോര്‍ട്ടുകളിലെ വിലമതിക്കാനാവാത്ത പാര്‍ക്കിങ്ങ് സ്ലോട്ടുകള്‍ രാജ്യാന്തര പ്രശസ്തമായ റൂട്ടുകള്‍, ഡല്‍ഹി മുംബൈ എന്നിവിടങ്ങളിലെ നൂറുകണക്കിന് ഏക്കര്‍ സ്ഥലം തുടങ്ങിയ എയര്‍ ഇന്ത്യയുടെ ആസ്തികള്‍ ആണ് ടാറ്റാ ഗ്രൂപ്പ്, ഖത്തര്‍ എയര്‍വേയ്സും ഉള്‍പ്പെടുന്ന വിദേശ വിമാന കമ്പനികള്‍ മുതല്‍ക്കൂട്ടായി കരുതുന്നത്. ഇതില്‍ പലതും പണമുണ്ടെങ്കിലും നേടാനാവാത്തതാണ്. 60,000 കോടി രൂപയുടെ ബാധ്യത ഏറ്റെടുക്കുമ്പോഴും ഇത്തരത്തിലുള്ള അമൂല്യമായ ആസ്തികള്‍ നാളെകളില്‍ മുതല്‍ക്കൂട്ടാകുമെന്നും എയര്‍ ഇന്ത്യയ്ക്ക് ടാറ്റ ഗ്രൂപ്പിന്റെ പതാകവാഹകരാകാന്‍ സാധിക്കുമെന്നാണ് ടാറ്റയുടെ കണക്കുക്കൂട്ടല്‍.