ലണ്ടന്‍: മോശം കാലാവസ്ഥ ബ്രിട്ടനിലും യൂറോപ്പിലെ മറ്റ് പ്രദേശങ്ങളിലു ഗതാഗത സംവിധാനങ്ങളെ ബാധിക്കുന്നു. യുകെയിലെ റെയില്‍ ഗതാഗത മേഖലയില്‍ യാത്രാ പ്രതിസന്ധി രൂക്ഷമാണ്. ട്രെയിനുകള്‍ വൈകിയോടുകയും റദ്ദാക്കപ്പെടുകയും ചെയ്യുന്നത് മൂലം യാത്രക്കാര്‍ ദുരിതത്തിലായി. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനായ വാട്ടര്‍ലൂവില്‍ ഇന്നലെ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ട്രാക്കില്‍ ആരോ തീയിട്ടതിനെത്തുടര്‍ന്ന് സിഗ്നല്‍ സംവിധാനം തകരാറിലായതോടെ സ്‌റ്റേഷന്‍ ഭാഗികമായി അടച്ചിട്ടിരുന്നു.

മൂന്ന് പ്രധാന ലൈനുകളിലാണ് തകരാറുണ്ടായത്. ഇതേത്തുടര്‍ന്ന് 21 പ്ലാറ്റ്‌ഫോമുകളുള്ള സ്‌റ്റേഷന്റെ 9 പ്ലാറ്റ്‌ഫോമുകള്‍ അടച്ചിട്ടു. വൈകുന്നേരം ഏറ്റവും തിരക്കുള്ള സമയത്ത് പ്ലാറ്റ്‌ഫോമുകള്‍ അടച്ചിട്ടതോടെ മറ്റു പ്ലാറ്റ്‌ഫോമുകളില്‍ യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിച്ചു. തകരാറ് മൂലം മിക്ക ട്രെയിനുകളും ക്ലാപ്പ്ഹാം ജംഗ്ഷ്‌നില്‍ നിന്നാണ് യാത്ര തുടങ്ങിയതും അവസാനിപ്പിച്ചതും. കെന്റിലും സസെക്‌സിലും കനത്ത മഞ്ഞുവീഴ്ചയില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു. ഹേവാര്‍ഡ്‌സ്ഹീത്തിനും ല്യുവ്‌സിനുമിടയില്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആഷ്‌ഫോര്‍ഡിനും റൈക്കുമിടയിലും ബസുകള്‍ ഏര്‍പ്പെടുത്തി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു.

വെല്‍ഷ് അതിര്‍ത്തിയില്‍ അബര്‍ഗാവനിക്കും ഹെറെഫോര്‍ഡിനുമിടയില്‍ റെയില്‍പ്പാത പകല്‍ മുഴുവന്‍ അടഞ്ഞുകിടന്നു. ഗ്ലാസ്‌ഗോ, പ്രെസ്റ്റണ്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാമില്‍ നിന്ന് ലണ്ടനിലേക്കുള്ള റൂട്ട് എന്നിവിടങ്ങളിലെ വിര്‍ജിന്‍ സര്‍വീസുകള്‍ വൈകി. ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും രാവിലെ റണ്‍വേകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.