കേരള രാഷ്ട്രീയ വിഹായസ്സില്‍ കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ഒളിമങ്ങാതെ നില്‍ക്കുന്ന സൂര്യന്‍ ഒന്നേയുള്ളൂ..! അത് സാക്ഷാല്‍ കെ.എം. മാണി തന്നെ. കേരള രാഷ്ട്രീയത്തിന്റെ ഭീഷ്മാചര്യനായി അറിയപ്പെടുന്ന ഈ ജനകീയ നേതാവിനെ, ജനങ്ങളുടെ ഹൃദയമിടുപ്പോ ജനഹിതമോ ആരും പഠിപ്പിക്കേണ്ടതില്ല. ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്തെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുവാനുള്ള കഴിവാണ് മദ്ധ്യതിരുവിതാംകൂറിലെ ഈ നേതാവിനെ കേരളത്തിന്റെ പ്രിയപ്പെട്ട മാണിസാര്‍ ആക്കിയത്. ഈ ജനകീയതയാണ് കേരള രാഷ്ട്രീയത്തിലെ ഭൂകമ്പങ്ങളേയും കൊടും കാറ്റുകളേയും അതിജീവിച്ചു കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ സുരക്ഷിതമായി നങ്കൂരമിടാന്‍ കെ. എം. മാണിയെ പ്രാപ്തനാക്കുന്നത്.

നിയമസഭാ സാമാജികനായും മന്ത്രിയായും ധനകാര്യ വിദഗ്ദനായും നിയമജ്ഞനായുമെല്ലാം കേരള സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കെ. എം. മാണി മലയാളം യു കെ യുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വായനക്കാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നു. മാധ്യമ പ്രവര്‍ത്തനത്തില്‍ മലയാളം യു കെ യുടെ സത്യസന്ധതയെ ശ്രീ കെ. എം. മാണി അഭിനന്ദിച്ചു. നല്ലതും ചീത്തയും മലരും പതിരും വേര്‍തിരിച്ച് നേരായ വാര്‍ത്തയില്‍ക്കൂടി സമൂഹത്തിലെ പ്രശ്‌നങ്ങളെ ജനമദ്ധ്യത്തിലെത്തിക്കുവാന്‍ മലയാളം യു കെ നടത്തുന്ന പ്രയത്‌നങ്ങളെ പ്രത്യേകം പ്രശംസിച്ചു. ആതുരസേവന രംഗത്ത് മലയാളത്തിന്റെ നേഴ്‌സുമാര്‍ ലോകത്തിന് നല്‍കുന്ന സംഭാവനകളേക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.

മെയ് 13 ശനിയാഴ്ചയാണ് ലെസ്റ്ററിലെ മെഹര്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് മലയാളം യുകെയുടെ രണ്ടാം വാര്‍ഷികവും അവാര്‍ഡ് നൈറ്റ് പ്രോഗ്രാമും അരങ്ങേറുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥി ആകുന്ന ചടങ്ങില്‍ ഇടുക്കി എം.പി ജോയ്സ് ജോര്‍ജ്ജ് വിശിഷ്ടാതിഥി ആയിരിക്കും. മലയാള സിനിമാ രാഷ്ട്രീയ രംഗത്ത് നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടെ മറ്റ് നിരവധി ആളുകളും അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കുന്നുണ്ട്. യൂറോപ്പിലെ തന്നെ പ്രമുഖ മലയാളി സംഘടനകളില്‍ ഒന്നായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ആണ് അവാര്‍ഡ് നൈറ്റിന് ആതിഥ്യമരുളുന്നത്.