കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ മുത്തശ്ശിയെ മര്‍ദ്ദിക്കുന്ന ചെറുമകളുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ക്രൂരപ്രവര്‍ത്തി ചെയ്ത ചെറുമകള്‍ ദീപയെ കുറ്റപ്പെടുത്തി നിരവധിയാളുകള്‍ രംഗത്ത് വന്നു. ദൃശ്യങ്ങള്‍ കണ്ട പോലീസ് ദീപക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ ദീപയുടെയും രണ്ട് പ്രായമായ അമ്മമാരുടെയും ജീവിതത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതീവ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജീവിത സാഹചര്യത്തിലാണ് ദീപയുടെ രണ്ട് മക്കളും പ്രായമായ അമ്മയും മുത്തശ്ശിയും ജീവിക്കുന്നത്.

എട്ടു വര്‍ഷം മുന്‍പാണ് ദീപയെയും മക്കളെയും തനിച്ചാക്കി ഭര്‍ത്താവ് നാടുവിട്ടു പോകുന്നത്. ഇതിനു ശേഷം ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ തലയിലേറ്റി ജീവിക്കുകയാണ് ദീപ. അടച്ചുറപ്പില്ലാത്ത വീട്ടില്‍ മക്കളെ തനിച്ചാക്കി ജോലിക്ക് പോകാന്‍ കഴിയാത്തത് കൊണ്ട് ടൗണിലെ തയ്യല്‍ കടയിലുണ്ടായിരുന്ന തൊഴില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ വിടീന്റെ ഏക വരുമാനം അമ്മയ്ക്കും മുത്തശ്ശിക്കും ലഭിക്കുന്ന വിധവാ പെന്‍ഷന്‍ മാത്രമാണ്. തുച്ഛമായ ഈ തുകകൊണ്ട് ഒരു കൂടുംബം മുന്നോട്ട് കൊണ്ടു പോകുക അസാധ്യമാണ്. പട്ടിണിയിലാണെന്ന് കണ്ടറിഞ്ഞ് ആരെങ്കിലും തരുന്ന സഹായമാണ് പലപ്പോഴും ഇവരുടെ വിശപ്പകറ്റിയിരുന്നത്.

മുത്തശ്ശിയെ മര്‍ദ്ദിച്ച ദിവസം അയല്‍വാസിയായ ഒരാളുമായി ദീപ വഴക്കിട്ടിരുന്നു. പ്രശ്‌നം കയ്യാങ്കളി വരെയെത്തി. ആ സമയത്തുണ്ടായ പ്രകോപനമാണ് മുത്തശ്ശിയോട് അത്തരത്തില്‍ പെരുമാറാന്‍ ദീപയെ പ്രേരിപ്പിച്ചത്. സംഭവം അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരോട് ദീപയെപ്പറ്റി നല്ലതു മാത്രമാണ് മുത്തശ്ശി പറഞ്ഞത്. മകള്‍ ചെയ്ത തെറ്റിന് ആ അമ്മ മാപ്പ് നല്‍കി കഴിഞ്ഞിരുന്നു. മൂവരും ഇപ്പോള്‍ അത്താണിയിലെ അഗതി മന്ദിരത്തിലാണ് താമസം. ലീഗല്‍ അതോറിറ്റിയാണ് ഇവരെ അവിടെയെത്തിച്ചിരിക്കുന്നത്. ഇനി ഇവര്‍ക്ക് ആവശ്യം അടച്ചുറപ്പുള്ള ഒരു വീടും ദീപയ്ക്ക് കുടുംബം പോറ്റാന്‍ കഴിയുന്ന ജോലിയുമാണ്. അത് നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമോയെന്നാണ് ചോദ്യം?