ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വണ്ടാനം സ്വദേശിനി ജിനി(36) ആണ് മരിച്ചത്. ചികില്‍സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രസവശസ്ത്രക്രിയ്ക്കിടെയുണ്ടായ അശ്രദ്ധമൂലം യുവതിയുടെ വയറ്റില്‍ നിന്ന് മൂന്നു മീറ്ററോളം നീളമുള്ള തുണി കണ്ടെത്തിയിരുന്നു.

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽനിന്നു മൂന്നു മീറ്ററോളം നീളമുള്ള തുണി കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഗുരുതര പിഴവിന്‍റെ പേരില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പുതിയ ആരോപണം. തീർത്തും അവശയായ യുവതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 26 നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്.

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ഒൻപതു ദിവസങ്ങൾക്ക് ശേഷമാണ് വയറ്റിൽ നിന്ന് തുണി പുറത്തേക്ക് വന്നത്. വീട്ടിലെത്തിയ ശേഷം പുന്നപ്ര സ്വദേശിനിയായ യുവതിക്ക്തുടർച്ചയായി അസഹനീയമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നലെ ശുചിമുറിയിൽവച്ചു മൂന്നു മീറ്ററോളം നീളമുള്ള തുണി പുറത്തേക്കു വന്നത്. ഇതോടെ യുവതി ബോധരഹിതയായി നിലത്തുവീണു. ആശുപത്രിയിലെത്തിച്ച് സ്കാനിങ്ങിനു വിധേയയാക്കിയ യുവതിയെ വീണ്ടും ലേബർ റൂമിലേക്കു മാറ്റി.

ക്ഷീണിതയായ യുവതിയുടെ രോഗവിവരങ്ങൾ പുറത്തുവിടാൻ ഡോക്ടർമാർ തയാറാകുന്നില്ലെന്നു ബന്ധുക്കൾ പറയുന്നു. കുഞ്ഞിനു മുലപ്പാൽ നൽകാനും കഴിയുന്നില്ല.

ശസ്ത്രക്രിയ സമയത്തുണ്ടായ അശ്രദ്ധയാണ് തുണി വയറ്റിൽ കുടുക്കാൻ കാരണമെന്നാണ് സംശയം. സംഭവത്തിൽ വകുപ്പു മേധാവിയോടും ഡ്യൂട്ടി ഡോക്ടർമാരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേസ് ഷീറ്റ് ഹാജരാക്കാൻ നിർദേശിച്ചതായും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ.വി.രാംലാൽ അറിയിച്ചു. ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്.