അഞ്ചൽ -അഞ്ചലില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പ്കടിയേറ്റ് മരിച്ച സംഭവത്തില്‍ അഞ്ചല്‍ പോലീസ് അന്വേക്ഷണം ആരംഭിച്ചു.മരണത്തില്‍ ദുരൂഹതയാരോപിച്ച് യുവതിയുടെ അച്ഛനും അമ്മയും രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേക്ഷണം ആരംഭിച്ചത്.

അഞ്ചൽ ഏറം വെള്ളാശ്ശേരി വീട്ടില്‍ വിജയസേനന്‍,മണിമേഖല ദമ്പതികളുടെ മകള്‍ ഉത്ര(25) യെന്ന യുവതിയാണ് സ്വന്തം വീട്ടില്‍ പാമ്പ് കടിയേറ്റ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് യുവതിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തിയത്.

മാർച്ച് മാസം രണ്ടിന് അടൂർ പറക്കോട് ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റ് ഗുരുതര തരാവസ്ഥയിൽ ആവുകയും അതിന്റെ ചികിത്സ തുടരവെ മെയ് ഏഴിന് സ്വന്തം വീടിനുള്ളില്‍ ഭർത്താവിന്റെയൊപ്പം ഒരേമുറിയിൽകഴിയവെ ഉത്ര പാമ്പ് കടിമരിക്കുകയായിരുന്നു. രാവിലെ അമ്മ ചായയുമായി ചെന്ന് വിളിച്ചപ്പോൾ മകൾ ചലനമില്ലാതെ കിടക്കുന്നത് കണ്ടാണ് ഉടനെ അഞ്ചൽ സ്വകാര്യ ആശുപത്രിയിലും കൊണ്ടുപോയത്.അപ്പോഴേക്കും ഉത്ര മരിച്ചുകഴിഞ്ഞിരുന്നു.ഉത്ര പാമ്പ് കടിയേറ്റ് മരിച്ചതാണെന്ന്
ആദ്യം ബന്ധുക്കൾക്ക് വിശ്വസിക്കാനായില്ല .

ഉടനെ ബന്ധുക്കൾവന്ന് ഏറത്തെ വീട്ടിൽ ഉത്രയും ഭർത്താവും കിടന്ന മുറി പരിശോധിച്ചപ്പോൾ അവിടെ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തുകയും അതിനെ അടിച്ചു കൊല്ലുകയും ചെയ്തു.രണ്ട് തവണ പാമ്പ് കടിച്ചിട്ടും കടിയേറ്റ യുവതി അറിഞ്ഞില്ലാ എന്ന വാദമാണ് ആശ്ചര്യപ്പെടുത്തുന്നത്. ആദ്യ തവണ ഭർത്താവിന്റെ വീട്ടിൽ വച്ച് ഉത്ര ബോധം കെട്ട് വീണപ്പോഴാണ് ആശുപത്രിയിൽ കൊണ്ട് പോയത് .അന്ന് വിദഗ്ധ ചികിത്സ നടത്തിയാണ്

ജീവൻ തിരിച്ചു കിട്ടിയത്. അണലി പാമ്പാണ് കടിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. കാലിൽ പാമ്പ് കടിയേറ്റമുറിവിൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ നടത്തേണ്ടി വന്നു .ഇതിന്റെ മുറിപ്പാടുകൾ ഉണങ്ങും മുമ്പേയാണ് രണ്ടാമത് മൂർഖൻ പാമ്പ് കടിയേറ്റ് മരിച്ചത് . അടച്ചിട്ട എ സി റൂമിൽ വച്ചാണ് പാമ്പ് കടിച്ചത്.ഈ മുറിയില്‍ പാമ്പെങ്ങനെ കടന്നു വന്നൂവെന്നത് അത്ഭുതപ്പെടുത്തുന്നു.

രണ്ട് വർഷം മുൻപാണ് അടൂർ പറക്കോട് ശ്രീ സൂര്യയിൽ സൂരജ് ഉത്രയെ വിവാഹം കഴിച്ചത്.
ധ്രൂവ് എന്ന ഒരു വയസുള്ള മകനുണ്ട്., വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടുകാരും ഭർത്താവും ഉത്രയുടെ മാതാപിതാക്കളിൽ നിന്നും പണം വാങ്ങി കൊടുക്കുന്നതിനായി ശല്യം ചെയ്തിരുന്നു .ഭർത്താവിന്റെയും ബന്ധുക്കളുടെയും ശല്യം സഹിക്കാതെ മകളെ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കുന്നതിന് ആലോചിച്ചിരിക്കെയാണ് മകൾക്ക്
ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതായി അറിഞ്ഞത്.

മുൻപ് ഭർത്തൃവീടിന്റെ മുകള്‍ നിലയില്‍ ഒരു പാമ്പ് കിടക്കുന്നത് കണ്ട് ഉത്ര ബഹളം വച്ചപ്പോൾ ഭർത്താവ് സൂരജ് ചെന്ന് ആ പാമ്പിനെ വടി കൊണ്ട് ചാക്കിലാക്കിയതായി മകൾ തങ്ങളോട് പറഞ്ഞിട്ടുള്ളതായി ഉത്രയുടെ മാതാപിതാക്കൾ പറയുന്നു.പാമ്പിനെ കൈകാര്യം ചെയ്യാന്‍ വൈദഗ്ദ്യം ഉള്ളയാളാണ് സൂരജെന്ന സംശയം രക്ഷിതാക്കള്‍ക്ക് ബലപ്പെടാന്‍ കാരണമിതാണ്.
ആദ്യം പാമ്പ് കടിച്ചു എന്നുപറയുന്ന ദിവസം ഭർത്താവിനോട് ഉത്ര കാലിൽ വേദന തോന്നു എന്നു പറഞ്ഞപ്പോൾ പെയിൻ കില്ലർ കൊടുത്ത് കിടന്നുറങ്ങാൻ പറഞ്ഞതായും പിന്നീട് ഏറെ താമസിച്ച് ബോധം നശിച്ചപ്പോൾ മാത്രമാണ് ആശുപത്രിയിലും കൊണ്ട് പോയതെന്നും ആശുപത്രിയിലും
മാതാപിതാക്കൾ പരിചരിക്കാൻ നില്ക്കുന്നത് ഭർത്താവ് സൂരജ് വിലക്കിയിരുന്നതായും രക്ഷിതാക്കള്‍ പറഞ്ഞു.

മാതാപിതാക്കളുടെ ഒപ്പം കഴിഞ്ഞ ദിവസങ്ങിൽ ഇവിടെ വരുമ്പോൾ ചികിത്സയിലായതിനാൽ ഭർത്താവ് രണ്ടാം നിലയിലെ റൂമിലാണ് കിടന്നിരുന്നതെന്നും മകൾ മരിച്ച ദിവസം രാത്രി എത്തിയ സൂരജ് മകൾ കിടന്ന മുറിയിൽ തന്നെ ബോധ പൂർവ്വം കിടന്നതും സംശയം ബലപ്പെടുന്നതായും അവര്‍ പറഞ്ഞു. മകളെ ആ റൂമിൽ വച്ച് പാമ്പ് കടിച്ചാണ് മരിച്ചതെങ്കിൽ ഭർത്താവ് എന്തു കൊണ്ട് അറിഞ്ഞില്ല , എന്നിങ്ങനെ യുളള സംശങ്ങൾ അടങ്ങിയ പരാതി മാതാവ് മണിമേഖല പിതാവ് വിജയസേനൻ എന്നിവർ അഞ്ചൽ സി ഐ സി എൽ സുധീർ കൊല്ലം റൂറൽ എസ് പി ഹരിശങ്കർ എന്നിവർക്ക് നല്കിയ പരാതിയിൽ പറയുന്നു.

തന്റെ മകളെ ഭർത്തവ് സൂരജ് ആസൂത്രിതമായി കൊലപെടുത്തിയതാണോയെന്ന് സംശയിക്കുന്നതായി യുവതിയുടെ ബന്ധുക്കൾ അഞ്ചലിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.അഞ്ചല്‍ എസ്.ഐ പുഷ്പകുമാറിനാണ് അന്വേക്ഷണ ചുമതല.മരിച്ച യുവതിയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പാമ്പ് കടിയേറ്റാണ് മരണം എന്നാണ് പറയുന്നതെങ്കിലും ആന്തരികാവയവങ്ങളുടെ വിദഗ്ധ പരിശോധനാ ഫലം കൂടി പുറത്തുവരാനുണ്ട്.