തമിഴ്‌നാട്ടിലെ കുണ്ട്രത്തൂരില്‍ മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം കാമുകനൊപ്പം പോയ വീട്ടമ്മ പദ്ധതിയിട്ടത് കേരളത്തിലേക്ക് ഒളിച്ചോടാന്‍. എന്നാല്‍ അഭിരാമിയുടെ ഫോണ്‍ പരിശോധിച്ച പോലീസ് നാഗര്‍കോവിലെ ലോഡ്ജില്‍ നിന്ന് ഇവരെ പിടികൂടി. കാമുകന്‍ സുന്ദരമാണ് അഭിരാമിയെ നാഗര്‍കോവിലില്‍ താമസിക്കാന്‍ നിര്‍ബന്ധിച്ചത്. ഇയാളേയും പോലീസ് ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു.

കേരളത്തില്‍ താമസിക്കാന്‍ ആലോചിച്ചെങ്കിലും സുന്ദരം അനുവദിച്ചില്ല. കുഞ്ഞുങ്ങള്‍ മരിച്ച കേസില്‍ പോലീസ് നീക്കമറിയാന്‍ കാമുകന്‍ സുന്ദരം ചെന്നൈയില്‍ തന്നെ താമസിച്ചു. പോലീസ് അഭിരാമിയെ പിടികൂടുകയായിരുന്നു. അഭിരാമിയും സ്വകാര്യ ബാങ്കില്‍ ജീവനക്കാരനായ ഭര്‍ത്താവ് വിജയും എട്ടുവര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹിതരായതാണ്. എന്നാല്‍ ഇവര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നു.

ഇവര്‍ കുണ്ട്രത്തൂര്‍ അഗസ്തീശ്വര്‍ കോവില്‍ സ്ട്രീറ്റില്‍ താമസം തുടര്‍ന്നതോടെ ബിരിയാണിക്കടയിലെ തൊഴിലാളിയായ സുന്ദരവുമായി പ്രണയത്തിലായി. വിജയ് വിലക്കിയിട്ടും ബന്ധം തുടര്‍ന്നു. മക്കളെയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് ഒളിച്ചോടി. ഒടുവില്‍ വിജയ് ഇവരെ തിരിച്ചുവിളിച്ചുകൊണ്ടുവരികയായിരുന്നു.

എന്നാല്‍ കാമുകനൊപ്പം ജീവിക്കണമെങ്കില്‍ ഭര്‍ത്താവിനേയും കുട്ടികളേയും കൊല്ലണമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനായി മക്കള്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി. ഭര്‍ത്താവിനായി കാത്തിരുന്നു. എന്നാല്‍ രാത്രി മടങ്ങിയെത്താതിരുന്ന വിജയ് പിറ്റേന്ന് പുലര്‍ച്ചെ എത്തിയപ്പോള്‍ മക്കള്‍ അവശ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഏഴും അഞ്ചും വയസ്സുള്ള മക്കളാണ് കൊല്ലപ്പെട്ടത് .