ദുബായ്: മികച്ച അധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചേഴ്‌സ് പുരസ്‌കാരത്തിന് ലണ്ടനില്‍ നിന്നുള്ള അധ്യാപിക അര്‍ഹയായി. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ബ്രെന്റില്‍ സ്ഥിതിചെയ്യുന്ന ആല്‍പ്പേര്‍ട്ടണ്‍ കമ്യൂണിറ്റി സ്‌കുളിലെ അധ്യാപികയായ ആന്‍ഡ്രിയ സാഫിറാക്കോയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. അവസാന റൗണ്ടിലെത്തിയ പത്ത് പേരില്‍ നിന്നാണ് സാഫിറാക്കോ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. ദുബായി ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയായ സണ്ണി വര്‍ക്കിയുടെ നേതൃത്വത്തിലുള്ള വര്‍ക്കി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നാലാമത് പുരസ്‌കാരമാണ് ഇത്. ദുബായില്‍ വെച്ച് നടന്ന ചടങ്ങില്‍വെച്ച് സാഫിറാക്കോ ഒരു മില്യന്‍ ഡോളര്‍ മൂല്യമുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. യുഎഇ പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പുരസ്‌കാരം സമ്മാനിച്ചത്.

അധ്യാപകരുടെ നൊബേല്‍ എന്ന് അറിയപ്പെടുന്ന വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചേഴ്‌സ് പ്രൈസ് നേടുന്ന ആദ്യത്തെ ബ്രിട്ടീഷ് അധ്യാപികയാണ് സാഫിറാക്കോ. ആല്‍പ്പേര്‍ട്ടണ്‍ സ്‌കൂളില്‍ ആര്‍ട്ട് ആന്‍ഡ് ടെക്‌സ്റ്റൈല്‍സ് അധ്യാപികയാണ് ഇവര്‍. ബ്രിട്ടനിലെ ഏറ്റവും ദരിദ്രമേഖലകളിലൊന്നാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന ബ്രെന്റ് മേഖല. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ വിദ്യാഭ്യാസം തേടിയെത്തുന്നത്. ഏകദേശം 85 ഭാഷകളില്‍ സംസാരിക്കുന്ന വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലുള്ളതെന്നതു തന്നെ അധ്യാപകര്‍ നേരിടുന്ന വെല്ലുവിളി മനസിലാക്കാന്‍ പര്യാപ്തമായ വിവരമാണ്. സാഫിറാക്കോ വ്യത്യസ്തയാകുന്നതും വ്യത്യസ്തമായ സാംസ്‌കാരിക സാഹചര്യങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളോട് ഇണങ്ങി അവരുടെ വിദ്യാഭ്യാസത്തില്‍ മികച്ച പങ്കു വഹിക്കുന്നതിലൂടെയാണ്.

ഗുജറാത്തി, ഹിന്ദി, തമിഴ്, പോര്‍ച്ചുഗീസ് തുടങ്ങി 35 ഭാഷകളില്‍ ഇവര്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാറുണ്ട്. സഹ അധ്യാപകരുമായി ചേര്‍ന്ന് കുട്ടികള്‍ക്ക് യോജിച്ച വിധത്തില്‍ പുതിയ പാഠ്യപദ്ധതി സാഫിറാക്കോ തയ്യാറാക്കി. യാഥാസ്ഥിതിക സാഹചര്യങ്ങളില്‍ നിന്ന് വരുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രത്യേക സ്‌പോര്‍ട്‌സ് ക്ലബ് സ്ഥാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്തും വീടുകള്‍ സന്ദര്‍ശിച്ചും സാഫിറാക്കോ അവരുമായുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്തി എന്നിങ്ങനെ ഇവരുടെ ുപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരം നല്‍കിയിത്. നേട്ടത്തില്‍ സാഫിറാക്കോയെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തില്‍ അഭിനന്ദിച്ചു. സാഫിറാക്കോ തന്റെ ജോലിയില്‍ സമ്പൂര്‍ണ്ണ സമര്‍പ്പണവും ക്രിയാത്മകതയും പ്രകടിപ്പിച്ചതായും മേയ് പറഞ്ഞു.

മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന അധ്യാപകരെ ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ദൗത്യമാണ് വര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ് ചെയ്യുന്നത്. സണ്ണി വര്‍ക്കി സ്ഥാപിച്ച വിദ്യാഭ്യാസ മാനേജ്‌മെന്റ് സ്ഥാപനമായ ജെംസ് എജ്യുക്കേഷനാണ് സ്വകാര്യ മേഖലയില്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്ലാസ് വരെ വിദ്യാഭ്യാസം നല്‍കുന്ന ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ നടത്തുന്ന സ്ഥാപനം. വിവിധ രാജ്യങ്ങളിലായി 130ഓളം സ്‌കൂളുകളാണ് ജെംസിന് സ്വന്തമായുള്ളത്. വര്‍ക്കി ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യവും വര്‍ക്കി ഫൗണ്ടേഷനും ഇദ്ദേഹം തന്നെയാണ് സ്ഥാപിച്ചത്. 2012 മുതല്‍ യുണെസ്‌കോയുടെ ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയാണ് ഇദ്ദേഹം.