കുമ്പളത്ത് വീപ്പയിലെ കോൺക്രീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് നിര്‍ണായക തെളിവ് ലഭിച്ചു. വീപ്പക്കുള്ളില്‍ കണ്ടെത്തിയ അജ്ഞാത യുവതിയുടെ അസ്ഥികൂടത്തിന്റെ കണങ്കാലിൽ മാളിയോലര്‍ സ്ക്രൂ (പിരിയാണി) കണ്ടെത്തി. മനുഷ്യന്റെ കണങ്കാലിന്റെ ഉൾഭാഗത്തെ അസ്ഥിയുടെ ശാസ്ത്രീയമായ പേരാണ് മീഡിയൽ മളിയോലസ്. ഈ അസ്ഥിക്ക് തകരാര്‍ സംഭവിക്കുമ്പോള്‍ ഉപയോഗിക്കുന്ന സ്ക്രൂവാണ് കണ്ടെത്തിയത്.

സമീപകാലത്ത് കേരളത്തിൽ മാളിയോലസ് ഉപയോഗിച്ചത് ആറു രോഗികളിൽ മാത്രമാണ്. ഇത്തരം സ്ക്രൂ ഉപയോഗിച്ചു കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ കൊച്ചിയിൽ ചികിൽസ നടത്തിയത് രണ്ട് ആശുപത്രികളിൽ മാത്രവും. അസ്ഥികൂടത്തിന്റെ ഇടതു കണങ്കാലിൽ ആറര സെന്റിമീറ്റർ നീളത്തിൽ കണ്ടെത്തിയ സ്ക്രൂവിന്റെ നിർമാതാക്കളായ പുണെയിലെ എസ്എച്ച് പിറ്റ്കാർ കമ്പനിയുടെ സഹകരണത്തോടെ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാൻ കേരളാ പൊലീസ് ശ്രമം തുടങ്ങി.

വീപ്പയ്ക്കുള്ളിൽ അസ്ഥികൂടം കണ്ടെത്തിയതിന്റെ അടുത്ത ദിവസങ്ങളിൽതന്നെ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ആശുപത്രികളിൽ അന്വേഷണസംഘം പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ‌ മളിയോലർ സ്ക്രൂവിൽ കണ്ടെത്തിയ സീരിയൽ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സീരിയൽ നമ്പറിൽനിന്ന് ഈ സ്ക്രൂ ഉപയോഗിച്ച ആശുപത്രി തിരിച്ചറിയാൻ കഴിയും. വിരളമായാണ് ഇത്തരം പൊട്ടലുകള്‍ മനുഷ്യന് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ കൊല്ലപ്പെട്ടയുവതി ആരെന്ന് ഉടനെ തിരിച്ചറിയാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.