ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള കേസുകള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിയാണ് മൂന്നംഗ ബെഞ്ച് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കായി മാറ്റിയത്.

കേസ് ആവശ്യമാണെങ്കില്‍ ഭരണഘടനാ ബെഞ്ചിന് വിടുമെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഇതില്‍ സന്നദ്ധ സംഘടനകള്‍, സംസ്ഥാന സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് എന്നിവരോട് കോടതി അഭിപ്രായം തേടിയിരുന്നു.

കേസിന്റെ വാദത്തിനിടെ ശ്രദ്ധേയമായ ചില പരാമര്‍ശങ്ങളും സുപ്രീം കോടതി നടത്തിയിരുന്നു. എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കാത്തത് ഭരണഘടനാ ലംഘനമാണെന്നതായിരുന്നു വാക്കാലുള്ള പരാമര്‍ശങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ലെന്ന നിലപാടായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന നിലപാടാണ് കോടതിയില്‍ അറിയിച്ചത്.