തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍നിന്ന് ജയില്‍ ചാടിയ യുവതികള്‍ പിടിയില്‍. സന്ധ്യയും ശില്‍പയും പിടിയിലായത് പാലോടിനുസമീപം അടുക്കുംതറയില്‍നിന്ന്. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വര്‍ക്കല സ്വദേശി സന്ധ്യയും കല്ലറ സ്വദേശി ശില്‍പയുമാണ് പിടിയിലായത്. ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ വനിതകള്‍ ജയില്‍ ചാടുന്നത്. അതും പട്ടാപ്പകല്‍, നഗരമധ്യത്തിലുള്ള വനിതാ ജയിലില്‍ നിന്ന്. മൂന്നു ദിവസമായി ഇവർക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു.പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.

മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് രണ്ട് വനിത തടവുകാർ ജയിൽ ചാടിയത്. ജയിൽ ചാടിയവർ എസ് ഇ ടി ആശുപത്രിയിലെത്തി മോഷണം നടത്തി. അപഹരിച്ച തുകയുമായി വർക്കല കാപ്പിലിലെത്തി. ഇവിടെ വച്ച് ബാഹുലേയൻ എന്നയാളുടെ ഓട്ടോയിൽ കയറുകയും ശിൽപയുടെ കാമുകനെ വിളിക്കാൻ ഫോൺ ആവശ്യപ്പെടുകയും ചെയ്തു. പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ ഇദ്ദേഹം ഇതേ നമ്പറിൽ തിരിച്ചുവിളിച്ചു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

ഈ മൊഴിയാണ് തടവുകാരെ പിടിക്കൂടുന്നതിന് സഹായകമായത്. പാരിപ്പള്ളിയിൽ നിന്നും മോഷ്ടിച്ച ഇരുചക്രവാഹനവുമായി സഞ്ചരിക്കവെയാണ് പിടിയിലാകുന്നത്. അതേസമയം പ്രതികൾ ജയിൽ ചാടിയതിൽ ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയുണ്ടായെന്നാണ് വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തൽ. സെല്ലിന് പുറത്തിറക്കിയ പ്രതികളെ നിരീക്ഷിച്ചില്ല. പ്രതികൾക്ക് അമിതസ്വാതന്ത്ര്യം നല്കിയെന്നും കണ്ടെത്തി. സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന കർശനമാക്കുമെന്ന് ജയിൽ ഡിജിപി വ്യക്തമാക്കി.

കേരളത്തിൽ ആദ്യമായാണ് വനിത തടവുകാർ ജയിൽ ചാടുന്നത്. അതു കൊണ്ടു തന്നെ ജയിൽ ചാടാൻ ഇടയായ സാഹചര്യത്തെ കുറിച്ചുള്ള റിപ്പോർട്ട് ജയിൽ ഡിജിപിക്ക് കൈമാറും.