ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പോലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി. കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്തിനും ഷനിലയ്ക്കുമാണ് ശബരിമല ദര്‍ശനം നടത്താതെ തിരിച്ചിറങ്ങേണ്ടി വന്നത്. ബലം പ്രയോഗിച്ചാണ് പോലീസ് പമ്പയിലേക്ക് കൊണ്ടുപോയതെന്ന് യുവതികള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ വ്യക്തമാക്കി. പമ്പ പോലീസ് സ്റ്റേഷനിലേക്കാണ് ഇവരെ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. കണ്ണൂര്‍ കോഴിക്കോട് മേഖലയില്‍ നിന്നുള്ള ഒന്‍പത് പേരുടെ സംഘത്തിനൊപ്പമാണ് രേഷ്മയും ഷനിലയും സന്നിധാനത്ത് എത്തിയത്.

സംഘത്തിലുണ്ടായിരുന്നവര്‍ 7 പേര്‍ പുരുഷന്മാരാണ്. ഇവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ നാലുമണിയോടെ മലകയറ്റം ആരംഭിച്ച ഇവരെ നീലിമലയില്‍വെച്ചാണ് പ്രക്ഷോഭകാരികള്‍ തടയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടു. ആദ്യം പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പിന്നീട് കൂടുതല്‍ പേര്‍ സംഘം ചേര്‍ന്നെത്തി. യുവതികളെ ആക്രമിക്കാന്‍ ശ്രമമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ഇവര്‍ക്ക് സംരക്ഷണ വലയം തീര്‍ക്കുകയും ചെയ്തു.

ദര്‍ശനം നടത്താതെ പിന്മാറില്ലെന്ന നിലപാട് യുവതികളും സ്വീകരിച്ചതോടെ പോലീസ് കൂടുതല്‍ പ്രതിസന്ധിയിലാവുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പോലീസ് യുവതികളെ നിര്‍ഡബന്ധപൂര്‍വ്വം മലയിറക്കുകയായിരുന്നു. മൂന്നരമണിക്കൂര്‍ പ്രതിഷേധകര്‍ യുവതികളെ തടഞ്ഞുവെക്കുകയായിരുന്നു. നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.