വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. അയൽക്കാരായ ബംഗ്ലാദേശിനെ 18 റൺസിനു തകർത്താണ് ഇന്ത്യ രണ്ടാം ജയം കുറിച്ചത്. ഇന്ത്യ മുന്നോട്ടു വെച്ച 143 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിന് 8 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 35 റൺസെടുത്ത നിഗർ സുൽത്താനയാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി പൂനം യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

തകർച്ചയോടെയാണ് ബംഗ്ലാദേശ് ആരംഭിച്ചത്. രണ്ടാം ഓവറിലെ അവസാന പന്തിൽ ശിഖ പാണ്ഡെ ബംഗ്ലാദേശിന് ആദ്യ പ്രഹരം ഏല്പിച്ചു. 3 റൺസെടുത്ത ഷമീമ സുൽത്താനയെ ദീപ്തി ശർമ്മ പിടികൂടി. സ്കോർ ബോർഡിൽ അഞ്ച് റൺസ് മാത്രമുള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശ് രണ്ടാം വിക്കറ്റിൽ 39 റൺസ് കൂട്ടിച്ചേർത്ത് മത്സരത്തിലേക്ക് തിരികെ വന്നു. 8ആം ഓവറിൽ രണ്ടാം വിക്കറ്റ് വീണു. 26 പന്തുകളിൽ നാല് ബൗണ്ടറികൾ അടക്കം 30 റൺസെടുത്ത മുർഷിദ ഖാതൂനെ അരുന്ധതി റെഡ്ഡി റിച്ച ഘോഷിൻ്റെ കൈകളിൽ എത്തിച്ചു.

സഞ്ജിദ ഇസ്ലാം (10) പൂനം യാദവിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഫർഗാന ഹഖും (0) വേഗം മടങ്ങി. അരുന്ധതി റെഡ്ഡിക്കായിരുന്നു വിക്കറ്റ്. ഫാതിമ ഖാതൂൻ (17), ജഹനാര ആലം (10) എന്നിവരെ കൂടി പുറത്താക്കിയ പൂനം കഴിഞ്ഞ മത്സരത്തിലെ പ്രകടനം ആവർത്തിച്ചു. 26 പന്തുകളിൽ അഞ്ച് ബൗണ്ടറി അടക്കം 35 റൺസെടുത്ത നിഗർ സുൽത്താന പുറത്തായതോടെ ബംഗ്ലാദേശ് തകർന്നു. തുടർച്ചയായ രണ്ട് ബൗണ്ടറികളുമായി റുമാന അഹ്മദ് (13) ഇന്ത്യയെ ഒന്ന് വിറപ്പിച്ചെങ്കിലും അവസാന ഓവറിലെ ആദ്യ പന്തിൽ ഒരു ഉജ്ജ്വല യോർക്കറിലൂടെ ശിഖ പാണ്ഡെ ഇന്ത്യൻ വിജയം ഉറപ്പിച്ചു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 142 റൺസെടുത്തത്. ഷഫാലി വർമ്മയിലൂടെ അമ്പരപ്പിക്കുന്ന തുടക്കം കിട്ടിയ ഇന്ത്യക്ക് ആ തുടക്കം മുതലാക്കാൻ സാധിക്കാതിരുന്നത് തിരിച്ചടി ആവുകയായിരുന്നു. 39 റൺസെടുത്ത ഷഫാലി തന്നെയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ബംഗ്ലാദേശിനു വേണ്ടി സൽമ ഖാത്തൂനും പന്ന ഘോഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.