2018 ഫുട്‌ബോള്‍ ലോകകപ്പ് കാണാനായി റഷ്യയിലേക്ക് യാത്ര ചെയ്യുന്ന ഇംഗ്ലണ്ട് ആരാധകര്‍ കരുതിയിരിക്കണമെന്ന് മുതിര്‍ന്ന ടോറി എംപിയുടെ മുന്നറിയിപ്പ്. റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായ വധശ്രമത്തിന് പിന്നാലെ റഷ്യയിലെത്തുന്ന ഇംഗ്ലണ്ട് ഫുട്‌ബോള്‍ ആരാധകര്‍ക്ക് നേരെയും സമാന ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് എംപി മുന്നറിയിപ്പില്‍ പറയുന്നു. റഷ്യയിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടിഷ് പൗരന്മാര്‍ വളരെയധികം സൂക്ഷിക്കണമെന്ന് ഫോറിന്‍ അഫയേര്‍സ് കമ്മറ്റി അംഗമായ ടോം ട്യുജെന്‍ഹാറ്റ് പറയുന്നു. സെര്‍ജി സ്‌ക്രിപാലി നേരെയുണ്ടായിരിക്കുന്ന ആക്രമണത്തെ മുന്‍നിര്‍ത്തി ഇഗ്ലണ്ട് ആരാധകരെ അപായപ്പെടുത്താന്‍ റഷ്യ മുതിര്‍ന്നേക്കുമെന്ന് ട്യുജെന്‍ഹാറ്റ് ഉത്കണ്ഠ രേഖപ്പെടുത്തി. ഇംഗ്ലണ്ട് ആരാധകരെ ലക്ഷ്യം വെച്ച് അക്രമം അഴിച്ചുവിട്ട ചരിത്രം റഷ്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു.

റഷ്യയിലേക്ക് യാത്ര ചെയ്യുന്ന ഇംഗ്ലണ്ട് ഫുട്‌ബോള്‍ ആരാധകര്‍ അതീവ കരുതലോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ട്യൂജെന്‍ഹാറ്റ് ബിബിസി റേഡിയോ 4ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. നിലവില്‍ ഉണ്ടായിരിക്കുന്ന റഷ്യയുടെ പ്രതികരണങ്ങളില്‍ ഞാന്‍ അപായ ഭീഷണി കാണുന്നുണ്ട്. സവിശേഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും ബ്രിട്ടിഷ് ആരാധകരോടുള്ള അവരുടെ സമീപനത്തിലും കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം അദ്ദേഹം പറയുന്നു. വില്‍റ്റ്ഷയറിലെ സാലിസ്ബറിയില്‍ വെച്ചാണ് സ്‌ക്രിപാലിനും മകള്‍ യൂലിയക്കു നേരെ നെര്‍വ് ഏജന്റ് ഉപയോഗിച്ച് ആക്രമണമുണ്ടായത്. ഇവര്‍ രണ്ടുപേരുടെയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പോളോണിയം-210 എന്ന രാസ വസ്തുവാണ് ഇവരെ അപായപ്പെടുത്താന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് റഷ്യന്‍ നിര്‍മ്മിത വിഷ വസ്തുവാണെന്ന് നേരത്തെ ബ്രിട്ടിഷ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ആരാധകര്‍ക്ക് നേരെ മുന്‍പ് റഷ്യന്‍ ആക്രമണം നടത്തിയിട്ടുണ്ട്. 2016ലെ യൂറോകപ്പ് മത്സര വേദിയില്‍ വെച്ച് ഇത്തരം അക്രമ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇരു ഗ്രൂപ്പുകളും തമ്മില്‍ ഇനിയും ഏറ്റുമുട്ടാനുള്ള സാധ്യതകള്‍ തള്ളികളയാന്‍ കഴിയില്ലെന്നാണ് പുതിയ സാഹചര്യങ്ങള്‍ നല്‍കുന്ന സൂചനകള്‍. ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലെ തെമ്മാടികള്‍ എന്നാണ് ഇംഗ്ലണ്ട്ആരാധകരെക്കുറിച്ച് റഷ്യയുടെ ആക്ഷേപമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാര്‍സെയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം 1-1 സമനിലയിലായിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളിലെ ആരാധകരും തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. റഷ്യന്‍ ആരാധകര്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ പ്രേമികളെ സ്റ്റേഡിയത്തില്‍ വെച്ച് മര്‍ദ്ദനത്തിനിരയാക്കിയെന്ന് അന്ന് പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അക്രമത്തില്‍ തങ്ങളുടെ പൗരന്മാരെ ന്യായീകരിച്ച് റഷ്യ രംഗത്തു വന്നിരുന്നു.