പാകിസ്ഥാനിലെ ടി വി പരസ്യത്തിലാണ് അഭിനന്ദനെ പരിഹസിച്ചുകൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോകകപ്പ് ക്രിക്കറ്റ് മൽസരങ്ങൾ സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയുടേതാണ് വിവാദ പരസ്യം. ജൂൺ 16ന് മാഞ്ചസ്റ്ററിൽ നടക്കുന്ന ഇന്ത്യ – പാക്കിസ്ഥാൻ മൽസരത്തിനു മുന്നോടിയായി നൽകിയ പരസ്യത്തിലാണ് ഇന്ത്യയുടെ അഭിമാനമായി മാറിയ അഭിനന്ദനെ പരിഹസിക്കുന്നത്. .

അഭിനന്ദൻ വർധമാനെപ്പോലെ തോന്നിക്കുന്ന ഒരാളാണ് ദൃശ്യത്തിൽ. അഭിമനന്ദന്റെ പ്രത്യേക തരത്തിലുള്ള മീശയും ഉണ്ട്. ഇയാളോട് ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാൽ ടീം സ്വീകരിക്കാൻ പോകുന്ന തന്ത്രങ്ങളെക്കുറിച്ചും ഒരാൾ ചോദിക്കുന്നു. എല്ലാ ചോദ്യങ്ങൾക്കും ‘ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താൻ എനിക്കാകില്ല’ എന്ന അഭിനന്ദന്റെ പ്രശസ്തമായ മറുപടിയാണ് ഇയാൾ നൽകുന്നത്.

ഒടുവിൽ, ചായ എങ്ങനെയുണ്ടെന്ന ചോദ്യവുമുണ്ട്. കൊള്ളം എന്ന മറുപടിക്കു പിന്നാലെ ഇയാളെ പോകാൻ അനുവദിക്കുന്നു. രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ പുറത്തേക്കു നീങ്ങുന്ന ഇയാളെ പിടിച്ചുനിർത്തി ചായക്കപ്പ് തിരികെ വാങ്ങുന്നു. തൊട്ടുപിന്നാലെ, കപ്പ് നമുക്കു നേടാം എന്ന അർഥത്തിൽ ‘LetsBringTheCupHome എന്ന ഹാഷ്ടാഗോടെ പരസ്യം പൂർണമാകുന്നു.ഇന്ത്യ–പാക് മൽസരം ജാസ് ടിവിയിൽ കാണാമെന്നും അറിയിക്കുന്നു.
ഇന്ത്യ–പാക്ക് ക്രിക്കറ്റ് പോരാട്ടങ്ങളുടെ സമയത്ത് പരസ്പരം കളിയാക്കുന്ന വിഡിയോകൾ ചാനലുകളിൽ പതിവാണെങ്കിലും ഇത്തവണ തീരെ നിലവാരമില്ലെന്നാണ് വിമർശനം. പാക്കിസ്ഥാൻ സൈന്യം അഭിനന്ദനെ ചോദ്യം ചെയ്തെങ്കിലും ഔദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായിരുന്നില്ല. ‘ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താൻ എനിക്കാകില്ല’ എന്നാണ് പല ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകിയത്. ഇതിനെ പരിഹസിച്ചുകൊണ്ടാണ് പരസ്യം ആവിഷ്കരിച്ചിരിക്കുന്നത്.
പരസ്യത്തിനെതിരെ പല ഭാഗത്തുനിന്നും നിരവധി വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഇന്ത്യ കളിച്ച് തന്നെ ഇതിന് മറുപടി നൽകുമെന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. നിങ്ങൾ ചായകപ്പ് ആസ്വദിക്കൂ, ഞങ്ങൾ ലോകകപ്പ് ആസ്വദിക്കാമെന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. മലയാളികളും പരസ്യത്തിനെ വിമര്‍ശിച്ച് കമന്റ് ചെയ്തിട്ടുണ്ട്.