ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ഇവന്റിന് ആതിഥേയരാകാന്‍ ശ്രമങ്ങളുമായി തെരേസ മെയ് സര്‍ക്കാര്‍. 2030ലെ ലോകകപ്പ് വേദിക്കായി അവകാശവാദമുന്നയിക്കുമെന്ന് തെരേസ മേയെ ഉദ്ധരിച്ച് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. നേരത്തെ ലേബര്‍ പാര്‍ട്ടിയും ലോകകപ്പ് രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2030ലെ ലോകകപ്പ് യുകെയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വക്താവ് പറഞ്ഞു. യുകെയിലെ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് സന്തോഷമേയുള്ളു. 2030ലെ ലോകകപ്പ് വേദിക്കായി അവകാശവാദമുന്നയിക്കും. സ്‌പോര്‍ട്‌സ് ഇവന്റുകള്‍ കാര്യക്ഷമമായി നടത്തിയതിന് ചരിത്രം നമുക്കുണ്ട്. അതുകൊണ്ടു തന്നെ വേദി ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

അതേസമയം യുകെയിലെ എല്ലാ പ്രദേശങ്ങളും ഉല്‍പ്പെടുത്തിയുള്ള വേദിയാണോ ലക്ഷ്യം മറിച്ച് ഇംഗ്ലണ്ട് മാത്രമാണോയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചില്ല. നിലവിലെ യുകെ/ഇംഗ്ലണ്ട് ട്രാക്ക് റെക്കോര്‍ഡുകള്‍ പരിശോധിച്ച ശേഷമായിരിക്കും അത് തീരുമാനിക്കുകയെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ യുകെ മുഴുവനായിട്ടായിരിക്കും ലോകകപ്പിന് വേദിയാവുകയെന്നാണ് സൂചന. യുവേഫയും യൂറോപ്യന്‍ ഫുട്‌ബോളിന്റെ ഗവേര്‍ണിംഗ് ബോഡിയും യുകെയുടെ ആവശ്യത്തെ പിന്തുണക്കും. യുകെ വേദിക്കായി ശ്രമിക്കുകയാണെങ്കില്‍ പിന്തുണ നല്‍കുമെന്ന് ഇരുവരും കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. കൂടാതെ ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ യുകെയ്ക്ക് പിന്തുണ നല്‍കാന്‍ ഇടയുണ്ട്.

2030ലെ വേദിക്കായി ഉറുഗ്വെയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. 1930ലാണ് ഇതിന് മുന്‍പ് ഉറുഗ്വെ ആതിഥേയരായിട്ടുള്ളത്. ലേബര്‍ പാര്‍ട്ടിയും സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. ദേശീയ ഗെയിമാണ് ഫുട്‌ബോള്‍. രാജ്യത്തെ ഒന്നിച്ച് നിര്‍ത്താന്‍ അതിന് കഴിവുണ്ട്. കാല്‍പന്തുകളി മനുഷ്യനിലെ പ്രതീക്ഷകളെ നിലനിര്‍ത്താന്‍ കഴിവുള്ളതാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇംഗ്ലണ്ടിന്റെ നേതൃത്വത്തില്‍ വേദിക്കായി ശ്രമിക്കുന്നതിന് പാര്‍ട്ടിയുടെ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ലേബര്‍ ഡപ്യൂട്ടി ലീഡര്‍ ടോം വാട്‌സണ്‍ വ്യക്തമാക്കി. 2018ലെ വേദിക്കായി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇംഗ്ലണ്ടിനെ പിന്തള്ളി റഷ്യ ആതിഥേയ അവകാശം നേടുകയായിരുന്നു. 1996ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പാണ് ഇംഗ്ലണ്ട് വേദിയായ അവസാനത്തെ പ്രധാന ടൂര്‍ണമെന്റ്.