28 വര്‍ഷത്തിനു ശേഷം ലോകകപ്പ് ഫുട്‌ബോള്‍ സെമിയില്‍ പ്രവേശിച്ച ഇംഗ്ലണ്ട് ടീമിന്റെ പ്രതീക്ഷകള്‍ വാനോളം. നമുക്ക് ചരിത്രമെഴുതാനാകുമെന്നാണ് ടീമിന്റെ നിര്‍ണ്ണായക മത്സരത്തില്‍ രക്ഷകനായ ത്രീ ലയണ്‍സ് ഹീറോ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് പറഞ്ഞു. സ്വീഡന്‍ ഗോള്‍ നേടാന്‍ ലഭിച്ച അവസരം തടഞ്ഞിട്ട പിക്ക്‌ഫോര്‍ഡ് തന്നെയാണ് സെമിയിലേക്കുള്ള ഇംഗ്ലണ്ടിന്റെ യാത്ര സുഗമമാക്കിയതിലൂടെ കളിയിലെ കേമനായത്. ബുധനാഴ്ച വൈകിട്ട് 7 മണിക്ക് മോസ്‌കോയില്‍ നടക്കുന്ന സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടും.

ഇംഗ്ലണ്ട് അവസാനം ലോകകപ്പ് നേടുമ്പോള്‍ ഞാന്‍ ജനിച്ചിട്ടു പോലുമില്ല. നമുക്ക് ഒരു ഗെയിമുണ്ടാകും, അതിലൂടെ നാം ചരിത്രമെഴുതുമെന്ന് എപ്പോഴും ഞങ്ങള്‍ പറയുമായിരുന്നുവെന്ന് പിക്ക്‌ഫോര്‍ഡ് ബിബിസിയോട് പറഞ്ഞു. ക്യാപ്റ്റന്‍ ഹാരി കെയിനും പിക്ക്‌ഫോര്‍ഡിന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു. സെമിയില്‍ കടുത്ത മത്സരമായിരിക്കും ഉണ്ടാവുകയെന്നറിയാം. പക്ഷേ ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്. ഞങ്ങള്‍ ഇത് ആസ്വദിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനമുയര്‍ത്താനുള്ളതെല്ലാം ഞങ്ങള്‍ ചെയ്യുമെന്നും കെയിന്‍ പറഞ്ഞു.

ലെസ്റ്റർ സിറ്റി പ്രതിരോധ താരം ഹാരി മഗ്വയറും (30–ാം മിനിറ്റ്) ടോട്ടനം ഹോട്സ്പർ മിഡ്ഫീൽഡർ ഡെലെ അലിയുമാണ് (58) ഇം​ഗ്ലണ്ടിന് വേണ്ടി സ്കോർ ചെയ്തിരിക്കുന്നത്. ഇടതു മൂലയിൽനിന്ന് ആഷ്‍ലി യങ്ങിന്റെ കോർണർ കിക്കിൽനിന്നായിരുന്നു മഗ്വയറിന്റെ ഹെഡർ ഗോൾ. മഗ്വയറിന്റെ ഉയർന്ന് ചാടിയുള്ള തകർപ്പൻ ഹെഡർ സ്വീഡിഷ് ​ഗോളി റോബിൻ ഓൾസനെ കാഴ്ച്ചക്കാരനാക്കി വലയിലെത്തി. 58–ാം മിനിറ്റിലായിരുന്നു ഡെലെ അലിയുടെ ​ഗോൾ. ബോക്സിലേക്ക് ജെസ്സി ലിങാർഡ് നൽകിയ ക്രോസ് മനോഹരമായി ഹെഡ് ചെയ്ത് സ്വീഡിഷ് വലയിലെത്തിച്ചു.

ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോർഡൻ പിക്ഫോർഡിന്റെ തകർപ്പൻ സേവുകളാണ് ഇം​ഗ്ലണ്ടിന് അർഹിച്ച വിജയം സമ്മാനിച്ചിരിക്കുന്നത്. 28 വർഷങ്ങൾക്ക് ശേഷം ഇം​ഗ്ലീഷ് ടീം സെമിയിൽ. പ്രതിരോധവും മുന്നേറ്റവും ഒന്നിനൊന്ന് മികച്ചതായി എന്നതാണ് ഇം​ഗ്ലണ്ടിന്റെ വിജയത്തിന്റെ രഹസ്യം. സെമിയിൽ ക്രൊയേഷ്യയെ സമാന പ്രകടനം കാഴ്ച്ചവെക്കാനായാൽ ഇംഗ്ലണ്ട് ചരിത്രം കുറിക്കും.