നെട്ടൂർ അർജുൻ കൊലക്കേസിൽ കുറ്റകൃത്യത്തിന്റെ ക്രൂരത വെളിവാക്കി പൊലീസിന്റെ റിപ്പോർട്ട്. അർജുനെ ബോധമില്ലാത്ത അവസ്ഥയിൽ വലിച്ചിഴച്ചു ചതുപ്പിൽ ഇട്ടു കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാ‍ൻ അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ കോടതി അനുവദിച്ചു.

നെട്ടൂർ മാളിയേക്കൽ നിബിൻ പീറ്റർ(20), നെട്ടൂർ കുന്നലയ്ക്കാട് റോണി (22), നെട്ടൂർ കളപ്പുരയ്ക്കൽ അനന്ദു(21), കുമ്പളം നോർത്ത് തണ്ടാശേരി നികർത്തിൽ അജിത് കുമാർ(21) എന്നിവരെ ബുധനാഴ്ച വരെയാണു പൊലീസിനു കസ്റ്റഡിയിൽ നൽകിയത്. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണു കേസ്.

കേസിൽ പെടാതിരിക്കാൻ പ്രതികൾ നടത്തിയത് വൻ ആസൂത്രണം. യുവാവിനെ കാണാതാകുന്നതിന് തലേദിവസം പ്രധാനപ്രതി നിബിൻ കൊല്ലപ്പെട്ട അർജുന്റെ വീട്ടിൽ വന്നു താമസിച്ചതായി മാതാപിതാക്കൾ. നിബിനു ചായ തയാറാക്കി മുറിയിൽ കൊണ്ടു പോയി കൊടുത്തത് അർജുൻ തന്നെയാണെന്ന് അച്ഛൻ വിദ്യൻ മനോരമ ഓൺലൈനോട് പറഞ്ഞു.

വളരെ സൗഹാർദപരമായാണ് നിബിൻ അന്നും അർജുന്റെ കുടുംബാംഗങ്ങളോട് പെരുമാറിയിരുന്നത്. തന്റെ സഹോദരന്റെ ഓർമദിനത്തിൽ തന്നെ അർജുനെ വകവരുത്താൻ കൂട്ടുപ്രതി റോണിയുമായി പദ്ധതി മെനഞ്ഞതിനു ശേഷം സ്ഥിതിഗതികൾ വിലയിരുത്താൻ വീട്ടിലെത്തുകയായിരുന്നു.

കൊല്ലപ്പെട്ട അർജുനും സുഹൃത്ത് എബിനും കഴിഞ്ഞ വർഷം കളമശേരിയിൽ വച്ച് അപകടത്തിൽ പെട്ടിരുന്നു. സംഭവസ്ഥലത്തു വച്ചു തന്ന എബിൻ മരിച്ചു. അർജുനാകട്ടെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു. അപകടം നടന്ന ദിവസം അർജുൻ എബിനെ വീട്ടിൽ വന്നു കൂട്ടികൊണ്ടു പോകുകയായിരുന്നത്രെ. അത് മനപ്പൂർവമായിരുന്നെന്നും അർജുൻ എബിനെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് നിബിൻ വിശ്വസിച്ചിരുന്നത്.

അർജുനെ അപായപ്പെടുത്തിയത് റോണിയും നിബിനും ചേർന്നാണെന്ന് അർജുന്റെ സുഹൃത്തുക്കൾ പറഞ്ഞത് അനുസരിച്ച് ജൂലൈ അഞ്ചാം തീയതി നിബിനെ വിദ്യൻ ഫോണിൽ വിളിച്ചു തന്റെ വീട് വരെ വരാൻ ആവശ്യപ്പെട്ടു, റോണിയെയും കൂട്ടി ബൈക്കിൽ വിദ്യന്റെ വീട്ടിലെത്തിയ നിബിൻ അർജുന്റെ മാതാപിതാക്കൾക്ക് യാതൊരു സംശയത്തിനും ഇടനൽകാത്ത രീതിയിലാണ് ഇടപെട്ടത്.

‘ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല ആന്റി, അവൻ ഞങ്ങളുടെ അടുത്ത കൂട്ടുകാരനല്ലേ… തലേദിവസം പെട്രോൾ വാങ്ങാൻ പോയതിൽ പിന്നെ ഞങ്ങൾ അവനെ കണ്ടില്ലെന്ന് അമ്മ സിന്ധുവിനോടും ബന്ധുക്കളോടും പറഞ്ഞു. അർജുന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ചോദ്യം ചെയ്യലിന്റെ രീതിയും ഭാവവും മാറിയതോടെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ ഇരുവരും പറയാൻ തുടങ്ങി. ഇതൊടെയാണ് പൊലീസിൽ ഏൽപ്പിക്കാൻ തീരുമാനിച്ചത്.
കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. പ്രതികളിലൊരാളായ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണ് അര്‍ജുനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്– അർജുന്റെ അമ്മ സിന്ധു പറഞ്ഞു. മകനെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിനെ സമീപിച്ചപ്പോൾ പരിഹസിക്കുന്ന രീതിയിലാണെന്ന് െപാലീസ് പെരുമാറിയതെന്നും അമ്മ സിന്ധു പറഞ്ഞു.

പ്രതികളെക്കുറിച്ച് കൃത്യമായി വിവരം നല്‍കിയിട്ടും അന്വേഷണത്തില്‍ പൊലീസ് തുടക്കം മുതല്‍ വീഴ്ച വരുത്തിയെന്നു വിദ്യൻ ആരോപിച്ചിരുന്നുവെങ്കിലും നിലപാട് മാറ്റി. പൊലീസിന്റെ തുടർ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും പരാതികൾ ഒന്നും തന്നെയില്ലെന്നും വിദ്യൻ  പറഞ്ഞു. ഒരിക്കൽ അർജുൻ കേസിൽപെട്ടിരുന്നു. സ്ഥിരം കുറ്റവാളിയാണെന്ന പ്രചാരണം വേദനിപ്പിക്കുന്നുവെന്നും വിദ്യൻ പറയുന്നു.

ലോണെടുത്താണ് മാതാപിതാക്കൾ മകനു ബൈക്ക് വാങ്ങി നൽകിയത്. ബൈക്ക് അപകടമുണ്ടായി ചികിത്സയിലായിരുന്ന അർജുനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരാൻ പിതാവ് ലക്ഷങ്ങളാണ് ചെലവാക്കിയത്. വീടും പുരയിടവുമെല്ലാം ജപ്തി ഭീഷണിയിലാണെന്നു ബന്ധുക്കൾ പറയുന്നു. പത്തുലക്ഷത്തിലേറെ രൂപ കടമുണ്ട് അർജുന്റെ പിതാവിന്.

മൃതദേഹം മറവു ചെയ്തിടത്ത് തെരുവുനായയെ കൊന്നിട്ടതും പ്രതികൾ തന്നെയാണെന്നാണ് സൂചന. മൃതദേഹത്തിന്റെ ദുർഗന്ധം പുറത്തു വന്നാലും നായ ചത്തു നാറുന്നതാണെന്നു വിചാരിക്കാനായിരുന്നു ഇത്. മരിച്ച അർജുന്റെ സുഹൃത്തുക്കളിൽ ചിലർ പ്രതികളുടെ സംഘത്തിൽ ഒരാളെ കൈകാര്യം ചെയ്തപ്പോഴാണ് സത്യങ്ങൾ പുറത്തു വന്നത്. ഈ വിവരം പൊലീസിൽ അറിയിച്ചതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്