പാക്കിസ്ഥാനെതിരായ ലോകകപ്പ് മല്‍സരം ബഹിഷ്കരിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടറിഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് ബിസിസിഐ. ഐസിസിയോട് താരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ ആവശ്യപ്പെടുമെന്നും ഭരണസമിതി തലവന്‍ വിനോദ് റായ് പറഞ്ഞു. പാക്കിസ്ഥാനുമായുള്ള മല്‍സരം ഉപേക്ഷിക്കരുതെന്ന് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഐപിഎല്ലില്‍ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ താരങ്ങളടക്കം പാക്കിസ്ഥാനെതിരായ ലോകകപ്പ് മല്‍സരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ ബിസിസിഐ യോഗം. മല്‍സരത്തിന്റെ ഭാവി സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ആരാ‍ഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുളളുവെന്ന് പറഞ്ഞ ഭരണ സമിതി തലവന്‍ വിനോദ് റായി പാക്കിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചു.

ഭീകരവാദത്തെ സ്പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രങ്ങളുമായുള്ള ദ്വിരാഷ്ട്ര പരമ്പരകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തയയ്ക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. ഭാവിയില്‍, ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ക്രിക്കറ്റ് സമൂഹത്തോട് ആവശ്യപ്പെടുമെന്നും ബിസിസിഐ അറിയിച്ചു.
പാക്കിസ്ഥാനുമായി മല്‍സരിക്കാതെ രണ്ട് പോയിന്റ് വഴങ്ങുന്നതിനെ വെറുക്കുന്നുെവന്ന് സച്ചിന്‍ പറഞ്ഞു.

പാക് പടയെ ഒരിക്കല്‍ കൂടി തോല്‍പ്പിക്കാന്‍ സമയമായെന്നും ഇന്ത്യന്‍ ഇതിഹാസം. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. ഇതിനായി മാറ്റിവച്ച തുക കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കും.