ഐപിഎൽ ക്രിക്കറ്റ് കഴിഞ്ഞ് ലോകകപ്പിനു വേണ്ടിയുള്ള കാത്തിരിപ്പാണെങ്കിലും കളിക്കാർക്ക് വിശ്രമമില്ല. ലോകകപ്പിനു മുൻപ് എതിരാളികളെ വിലയിരുത്താനും ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും പിച്ചുകളുമായി പരിചയപ്പെടാനുമുള്ള സന്നാഹ മത്സരങ്ങൾക്ക് ഇറങ്ങുകയാണ് ടീമുകൾ. ഐപിഎല്ലിന്റെ ദൈർഘ്യം മൂലം ഇന്ത്യയുൾപ്പെടെ പല ടീമുകൾക്കും ഒരു മാസത്തിലേറെയായി ഏകദിന മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞിട്ടില്ല.

ഐപിഎല്ലിൽ ഇല്ലാത്തത് ശരിക്കും മുതലെടുത്തത് പാക്കിസ്ഥാൻ ടീമാണ്. മറ്റു ടീമുകളെല്ലാം സന്നാഹ മത്സരങ്ങൾക്ക് ഒരുങ്ങുമ്പോൾ ഇംഗ്ലണ്ടുമായി ഏകദിന പരമ്പര കളിച്ചു കൊണ്ടിരിക്കുകയാണ് അവർ. വെസ്റ്റ് ഇൻഡീസ്, അയർലൻഡ്, ബംഗ്ലദേശ് ടീമുകളും ഇപ്പോൾ അയർലൻഡിൽ ത്രിരാഷ്ട്ര പരമ്പര കളിക്കുന്നു. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയ അയൽക്കാരായ ന്യൂസീലൻഡുമായി അഞ്ചു മത്സരങ്ങളുടെ അനൗദ്യോഗിക പരമ്പരയിലാണ്. അതു പക്ഷേ ഓസീസ് മണ്ണിൽ തന്നെ.

വിലക്കു നീങ്ങിയ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിലേക്കു തിരിച്ചെത്തിയത് ഓസീസിന് ആശ്വാസം പകരുന്നു. സ്മിത്ത് പരമ്പരയിൽ ഫോമിലാവുകയും ചെയ്തു. 24 മുതലാണ് ഇംഗ്ലണ്ട് മണ്ണിൽ സന്നാഹ മത്സരങ്ങൾ‌ക്കു തുടക്കം. ഇന്ത്യയുടെ ആദ്യ മത്സരം 25ന് ലണ്ടൻ കെന്നിങ്ടൻ ഓവലിൽ ന്യൂസീലൻഡിനെതിരെ. 28ന് കാർഡിഫിൽ ബംഗ്ലദേശുമായിട്ടാണ് ഇന്ത്യയുടെ രണ്ടാം സന്നാഹം. സ്റ്റാർ സ്പോർട്സിൽ തൽസമയ സംപ്രേഷണമുണ്ട്.

ലോകകപ്പ് ക്രിക്കറ്റിനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങളുടെ ഐപിഎൽ പ്രകടനം പ്രതീക്ഷാജനകമാണോ? ട്വന്റി20യും ഏകദിനവും രണ്ടാണെങ്കിലും, 1983ലെ ലോകകപ്പ് ജേതാവായ ശാസ്ത്രിക്ക് ചില കണക്കുകൾ തലവേദനയുണ്ടാക്കുമെന്നുറപ്പ്.

ഐപിഎല്ലിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങൾ ഏറ്റവും ശ്രദ്ധാപൂർവം വിലയിരുത്തിയതും ദേശീയ ടീമിന്റെ മുഖ്യപരിശീലകൻ തന്നെയാകും. മുൻനിര ബാറ്റ്സ്മാന്മാരായ ക്യാപ്റ്റൻ വിരാട് കോഹ്‍ലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, ശിഖർ ധവാൻ എന്നിവരുടെ സാങ്കേതികപ്പിഴവുകൾ എതിരാളികൾ ലോകകപ്പിൽ മുതലെടുക്കുമോ.?

ബാറ്റ്സ്മാനെന്ന നിലയിൽ കോഹ‌്‌ലി ഐപിഎല്ലിൽ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടുണ്ട്. 14കളികളിൽ ഒരു സെഞ്ചുറിയടക്കം 464 റൺസ്. പക്ഷേ, താരം പുറത്തായ രീതികളാണ് എതിരാളികൾ നോട്ടമിട്ടിട്ടുണ്ടാവുക. ലെഗ്സ്പിന്നർമാരുടെ ഗൂഗ്ലിക്കു മുന്നിൽ പല തവണയാണ് ഇന്ത്യൻ നായകൻ കുടുങ്ങിയത്. ഓഫ്സ്റ്റംപിനു പുറത്തു പോകുന്ന പന്തിൽ എഡ്ജ് ചെയ്തു പുറത്താകുന്നതും ഇടയ്ക്കിടെ കണ്ടു.

പ്രതീക്ഷ: ട്വന്റി20യിലും ഏകദിനങ്ങളിലും രണ്ടു രീതിയിലാണ് കോഹ്‌ലി ബാറ്റ് ചെയ്യുന്നത്. ഐപിഎല്ലിൽ ഓപ്പണറായി ഇറങ്ങി എല്ലാ പന്തിലും സ്കോർ ചെയ്യാനുള്ള ശ്രമത്തിലാണ് പിഴവുകൾ സംഭവിച്ചത്. ഏകദിനങ്ങളിൽ മൂന്നാം നമ്പറിൽ ഇറങ്ങുന്ന താരം ഗ്രൗണ്ട് സ്ട്രോക്കുകളിലൂടെ താളം കണ്ടെത്തിയ ശേഷമേ വമ്പനടികൾക്കു മുതിരാറുള്ളൂ.

മുംബൈ ഇന്ത്യൻസിനെ കിരീത്തിലേക്കു നയിച്ച ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ്ങിൽ നിലവാരത്തിന് ഒപ്പമെത്തിയില്ല. 15 കളികളിൽ 405 റൺസ്. സ്പിന്നർമാരെ, പ്രത്യേകിച്ച് ഓഫ് സ്റ്റംപിനു പുറത്തേക്കു പന്തു തിരിക്കുന്നവരെ നേരിടാൻ വിഷമിച്ചു.

പ്രതീക്ഷ: ക്യാപ്റ്റൻസിയുടെ അമിതഭാരം ഐപിഎല്ലിൽ രോഹിതിന്റെ ബാറ്റിങ്ങിൽ പ്രകടമായിരുന്നു. ശ്രദ്ധാപൂർവം ബാറ്റ് ചെയ്യാൻ കഴി‍ഞ്ഞില്ല. ഏകദിനങ്ങളിൽ തുടക്കത്തിൽ നിലയുറപ്പിച്ച ശേഷമാണ് രോഹിത് വൻ ഷോട്ടുകൾ കളിക്കാറുള്ളത്.

16 കളികളിൽ 521 റൺസ് അടിച്ചു കൂട്ടിയ ശിഖർ ധവാൻ ഐപിഎല്ലിൽ ഉജ്വല ഫോമിലായിരുന്നു. പക്ഷേ, ക്രോസ് ബാറ്റഡ് ഷോട്ടുകൾ കളിക്കുന്ന പ്രവണത പലപ്പോഴും വിനയായി. ഓഫ് സ്പിന്നർമാരെ നേരിടാനും വിഷമിച്ചു.

പ്രതീക്ഷ: അതിവേഗം സ്കോർ ചെയ്യാൻ ബോധപൂർവം നടത്തിയ ശൈലിമാറ്റമാണ് ഐപിഎല്ലിൽ വിനയായത്. ഏകദിനങ്ങളിൽ സ്ട്രെയ്റ്റ് ബാറ്റ് ശൈലിയാണു ധവാന്റേത്. വമ്പനടികൾക്കു പകരം ഫീൽഡിലെ വിടവുകൾ മുതലെടുത്തുള്ള സ്കോറിങ് പിഴവുകൾക്കു സാധ്യത കുറയ്ക്കും.

ഈ ലോകകപ്പിൽ ഇന്ത്യയ്ക്കു മേൽക്കൈ നൽകുന്നത് കൈക്കുഴ സ്പിന്നർമാരായ കുൽദീപ് യാദവ്– യുസ്‌വേന്ദ്ര ചാഹൽ സഖ്യത്തിന്റെ മികവാണ്. ഇവരുടെ അടവുകൾ എതിരാളികൾ പഠിച്ചെടുത്തു കഴിഞ്ഞോ ?

14 കളികളിൽ 18 വിക്കറ്റ് വീഴ്ത്തിയ ചാഹൽ ആണ് ഇത്തവണയും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മികച്ച ബോളർ, പക്ഷേ, മുൻകാലങ്ങളിലേത് പോലെ മാച്ച്‍വിന്നിങ് പ്രകടനങ്ങൾ അധികമുണ്ടായല്ല. കൊൽക്കത്തയ്ക്കു വേണ്ടി 9 കളികളി‍ൽ 4 വിക്കറ്റ്. കുൽദീപിന്റെ പ്രകടനം നിരാശാജനകമായി.

പ്രതീക്ഷ: ബോളിങ് ദുർബലമായ കൊൽക്കത്ത, ബാംഗ്ലൂർ ടീമുകളിൽ കുൽദീപിനും ചാഹലിനും മികച്ച പിന്തുണ കിട്ടിയതേയില്ല. പിന്തുണ കിട്ടുമ്പോഴാണ് കുൽ–ചാ സഖ്യം അപകടകാരികളാകുന്നത്. ലോകകപ്പിൽ ഇന്ത്യയുടെ ബോളിങ് നിര ഭേദമായതിനാൽ സ്പിൻ ഇരട്ടകൾ താളത്തിലെത്തിയേക്കും.

ലോകകപ്പിൽ നാലാം നമ്പർ ബാറ്റിങ് സ്ഥാനത്തേക്കു തിരഞ്ഞെടുത്ത വിജയ് ശങ്കറും ആറാം നമ്പർ ബാറ്റ്സ്മാൻ കേദാർ ജാദവും തീർത്തും നിറംമങ്ങിയത് ഇന്ത്യയുടെ തന്ത്രങ്ങളെ ബാധിക്കുമോ ?

ജാദവ് ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി 162 റൺസും ശങ്കർ സൺറൈസേഴ്സിനു വേണ്ടി 244 റൺസും മാത്രമാണ് സ്കോർ ചെയ്തത്. അപ്രതീക്ഷിതമായ നിറംമങ്ങൽ. ജാദവിനു പരുക്കേറ്റതും ആശങ്കയുയർത്തുന്നു.

പ്രതീക്ഷ: നാലാം നമ്പറിൽ തിളങ്ങാൻ ശേഷിയുളള താരമാണ് താനെന്ന് കെ.എൽ. രാഹുൽ തെളിയിച്ചിരിക്കുന്നു. ശങ്കറിനു പകരം ലോകകപ്പിന്റെ തുടക്കം മുതൽ രാഹുലിനെ പരീക്ഷിച്ചാലും അദ്ഭുതപ്പെടാനില്ല. ജാദവ് പരുക്കിൽനിന്നു മോചിതനാകാതെ വരികയോ, സന്നാഹ മത്സരങ്ങളിൽ ഫോം വീണ്ടെടുക്കാൻ കഴിയാതെ വരിക ചെയ്താൽ പകരക്കാരനായി ദിനേഷ് കാർത്തിക്കിനെ ഉപയോഗപ്പെടുത്താം.