മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ദുഃഖവും ദുരിതവും മാറ്റി വച്ച്‌ മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും ന​ഗരവും.സമൃദ്ധിയുടേയും സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നാടെങ്ങും പരന്നു കഴിഞ്ഞു. രണ്ടുവട്ടം തകര്‍ത്തെറിഞ്ഞ പ്രളയദുരന്തത്തെ അതിജീവിച്ചു കൊണ്ടാണ് കേരളം ഇക്കുറി ഓണം ആഘോഷിക്കുന്നത്. കൃഷിയും കാര്‍ഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങള്‍ക്ക് പൊലിമ ഒട്ടും കുറവില്ല.നാടും നഗരവും തിരുവോണാഘോഷത്തിന് തയ്യാറെടുത്ത് കഴിഞ്ഞു.

കാർഷിക മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്ന കാലമാണെങ്കിൽപ്പോലും വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം. തുമ്പയും മുക്കുറ്റിയും തുമ്പിതുള്ളലുമെല്ലാം നമുക്ക് ചുറ്റിലും നിന്ന് മാഞ്ഞുതുടങ്ങിയെങ്കിലും അതൊന്നും ആഘോഷത്തിന്റെ മാറ്റ് കുറയ്ക്കുന്നില്ല.

ലോകത്തിന്റെ ഏതറ്റത്തുമുള്ള മലയാളിക്കും ഓണം ഇന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ്. മലയാളികള്‍ക്ക് ഒത്തൊരുമയുടെ നിലാവ് പകരുന്ന പൊന്നോണം.അത്തം നാളില്‍ തുടങ്ങിയ ഒരുക്കങ്ങളാണ് തിരുവോണനാളായ ഇന്ന് പൂര്‍ണതയിലെത്തുന്നത്. സം​സ്ഥാ​ന സര്‍ക്കാരിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ക്ക​മാ​യി​രു​ന്നു. എ​ല്ലാ മ​ല​യാ​ളി​ക​ള്‍​ക്കും മലയാളം യുകെ ന്യൂസിന്റെ ഓ​ണാ​ശം​സ​ക​ള്‍!