പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ടൈം മാഗസിനില്‍ ‘ഡിവൈഡര്‍ ഇന്‍ ചീഫ്’ എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയ എഴുത്തുകാരന്‍ ആതിഷ് തസീറിന്റെ പൗരത്വം ഇന്ത്യ റദ്ദാക്കി. ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ആണ് റദ്ദാക്കിയത്. അടിസ്ഥാന വിവരങ്ങള്‍ നല്‍കാത്തതിനാലാണ് പൗരത്വം റദ്ദാക്കിയത് എന്നും ടൈം മാഗസിന്‍ ലേഖനവുമായി നടപടിക്ക് ബന്ധമില്ലെന്നും ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. പിഐഒ (പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍) അപേക്ഷ നല്‍കുമ്പളോള്‍ പിതാവ് പാകിസ്താന്‍കാരനാണ് എന്ന വിവരം നല്‍കിയില്ല എന്നതാണ് ആഭ്യന്തര മന്ത്രാലയം പ്രധാനമായും പറയുന്നത്. ടൈം മാഗസിന്റെ മേയ് ലക്കത്തിലാണ് Divider in Chief എന്ന പേരില്‍ തസീര്‍ ലേഖനമെഴുതിയത്.

അതേസമയം ചോദിച്ച കാര്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇന്ത്യ ഗവണ്‍മെന്റ് സമയം തന്നില്ല എന്ന് ആതിഷ് തസീര്‍ പ്രതികരിച്ചു. തന്റെ ഒസിഐ (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ) റദ്ദാക്കിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആതിഷ് തസീര്‍ അറിയിച്ചു. പിഐഒ അപേക്ഷ നല്‍കുമ്പോള്‍ പിതാവ് പാകിസ്താന്‍ വംശജനാണ് എന്ന കാര്യം ആതിഷ് തസീര്‍ മറച്ചുവച്ചു – ആഭ്യന്തര മന്ത്രാലയ വക്താവ് വസുധ ഗുപ്ത പറഞ്ഞു. തസീറിന് ആവശ്യമായ സമയം നല്‍കിയിരുന്നതായും വക്താവ് പറഞ്ഞു. അതേസമയം സര്‍ക്കാരിന്റെ വാദം വസ്തുതാവിരുദ്ധമാണ് എന്ന് ആതിഷ് തസീര്‍ പ്രതികരിച്ചു.

ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ആതിഷ് തസീറിന്റെ അമ്മ ഇന്ത്യക്കാരിയും അച്ഛന്‍ പാകിസ്താന്‍കാരനുമാണ്. ഇന്ത്യക്കാരിയായ മാധ്യമപ്രവര്‍ത്തക തവ്‌ലീന്‍ സിംഗിന്റേയും പാകിസ്താനി ബിസിനസുകാരനും രാഷ്ട്രീയക്കാരനുമായ സര്‍മാന്‍ തസീറിന്റേയും മകന്‍.

വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് നല്‍കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ. ഒസിഐ ഉള്ളവര്‍ക്ക് വിസയില്ലാതെ ഇന്ത്യയിലെത്താം. ഇന്ത്യയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ആവാം. യുകെ പൗരനായ ആതിഷ് തസീറിന് 2015 വരെ ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡ് ഉണ്ടായിരുന്നു. ഇത് ഒസിഐ കാര്‍ഡുമായി സര്‍ക്കാര്‍ ബന്ധിപ്പിച്ചിരുന്നു.

ഇന്ത്യയ്ക്ക് അഞ്ച് വര്‍ഷം കൂടി മോദി ഭരണം സഹിക്കാനാവുമോ എന്ന് ആതിഷ് തസീര്‍ ടൈം മാഗസിന്‍ കവര്‍ സ്‌റ്റോറി ആക്കിയ ലേഖനത്തില്‍ ചോദിച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ലേഖനം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മുമ്പെന്നത്തേക്കാളുമേറെ വിഭജിക്കപ്പെട്ടിരിക്കുന്നു. ആള്‍ക്കൂട്ട കൊലകള്‍, മാലേഗാവ് സ്‌ഫോടന കേസ് പ്രതി പ്രഗ്യ സിംഗ് ഠാക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്, യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കിയത് – ഇതെല്ലാം ആതിഷ് തസീര്‍ പരാമര്‍ശിച്ചിരുന്നു. പാകിസ്താനി കുടുംബത്തില്‍ നിന്നുള്ള ആതിഷിന് വിശ്വാസ്യത ഇല്ല എന്നായിരുന്നു മോദിയുടെ പ്രതികരണം.