ന്യൂഡല്‍ഹി: നഗരത്തിലെ ഒരു സ്വകാര്യസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആറുവയസുകാരനെ മരിച്ച നിലയില്‍ സ്‌കൂള്‍ പരിസരത്ത് കണ്ടെത്തി. സ്‌കൂളിലെ ആംഫി തിയേറ്ററിനടുത്തുളള കുഴിയില്‍ മരിച്ച് കിടക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വസന്ത്കുഞ്ജിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ദേവാന്‍ഷ് മീണയാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് ഉത്തരവിട്ടു.
സംഭവം പൊലീസിലറിയിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ കാലതാമസം വരുത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉച്ചയോടെയാണ് കുട്ടിയെ കുഴിയില്‍ കണ്ടെത്തിയതെന്ന് ആശുപത്രിയില്‍ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരം. മരണകാരണം വ്യക്തമായിട്ടില്ല. ക്ലാസില്‍ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കുഴിയില്‍ വീണ് കിടക്കുന്നത് കണ്ടത്. ഇത് ഒരുടാങ്കായി ഉപയോഗിക്കുന്ന കുഴിയാണഅ. എന്നാല്‍ കുട്ടി ഇതില്‍ മുങ്ങി മരിച്ചതാണോയെന്ന് വ്യക്തമല്ല.delhi boy

ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. എന്നാല്‍ 2.40നാണ് പൊലീസില്‍ വിവരം അറിയിച്ചത്. എന്താണ് സംഭവിച്ചത് ചോദിച്ച പിതാവിന് നേരെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒച്ചവച്ചതായി അദ്ദേഹം പറയുന്നു. തനിക്ക് സ്‌കൂള്‍ അധികൃതരെ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരനായ ആര്‍.കെ.മീണയുടെ മകനാണ് മരിച്ചത്.
മീണയുടെ ആരോപണങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സന്ധ്യാ സാബു നിഷേധിച്ചു. ഒരാഴ്ചയ്ക്കിടെ രാജ്യ തലസ്ഥാനത്ത് ഇത് രണ്ടാമത്തെ സംഭവമാണ്. ജനുവരി ഇരുപത്തേഴാം തീയതി നഗരത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ടോയ്‌ലറ്റില്‍ പോയ അഞ്ചുവയസുകാരന്‍ സെപ്ടിക് ടാങ്കില്‍ വീണ് മരിച്ചു.

ഇത്തരത്തിലുളള സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ്‌സിസോദിയ പറഞ്ഞു.കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാകാത്തവര്‍ എങ്ങനെ സ്‌കൂള്‍ നടത്തുമെന്നും അദ്ദേഹം ചോദിക്കുന്നു. ദേവാന്‍ഷിന്റെ മൃതദേഹം ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.