ഒഴുകി നീങ്ങുന്ന ടൈം ബോംബ് എന്ന് യുഎൻ വരെ വിശേഷിപ്പിച്ച ഒരു കപ്പൽ. ലക്ഷക്കണക്കിനു ബാരൽ എണ്ണ നിറച്ച, ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഇൗ കപ്പൽ കടലിലൂടെ ഒഴുകി നടന്ന് ഇപ്പോൾ യെമൻ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ്. കപ്പലിനെ എന്തുചെയ്യുമെന്ന പ്രതിസന്ധിക്ക് ഇതുവരെ കൃത്യമായ ഒരുത്തരം കണ്ടെത്താനായിട്ടില്ല.

കപ്പൽ പൊട്ടിത്തെറിച്ചാൽ ലോകം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തമായിരിക്കും സംഭവിക്കുക എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇപ്പോൾത്തന്നെ അൽപാൽപമായി എണ്ണ കടലിലേക്ക് ഒലിച്ചിറങ്ങുകയാണെന്ന് യെമൻ യുഎന്നിനെ അറിയിച്ചിട്ടുണ്ട്. കടലിൽ പടരുന്ന എണ്ണയ്ക്കു തീപിടിച്ചാൽ രാജ്യാന്തര കപ്പൽ ഗതാഗതത്തെ വരെ ഗുരുതരമായി ബാധിക്കും. കപ്പൽ പരിശോധിക്കാനുള്ള അനുമതി യെമനിലെ ഹൂതി വിമതർ യുഎന്നിന്റെ സാങ്കേതിക വിദഗ്ധ സംഘത്തിനു പലവട്ടം നിഷേധിക്കുക കൂടി ചെയ്തതോടെ പ്രശ്നം കൂടുതൽ രൂക്ഷമാവുകയാണ്.
വടക്കുപടിഞ്ഞാറൻ യെമനിലെ സുപ്രധാന തുറമുഖമായ റാസ് ഇസയിൽ നിന്ന് 70 കിമീ മാറിയാണ് കപ്പലുള്ളത്. 2015 മുതൽ ഇവിടെയാണ് കപ്പലിന്റെ സ്ഥാനം.

യെമൻ ഓയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പൽ ഗതാഗതത്തിന് ഉപയോഗിക്കാറില്ല. പകരം തുറമുഖത്തുനിന്ന് അൽപം മാറി നങ്കൂരമിട്ടു കിടക്കും. യെമനിലെ മരിബ് എണ്ണപ്പാടത്തിൽ നിന്നുള്ള എണ്ണ പൈപ് ലൈൻ വഴി കടലിലെ എക്സ്പോർട്ട് ടെർമിനലിലേക്ക് എത്തിക്കുന്നതാണ് രീതി. ടെർമിനലില്‍ നിന്ന് എണ്ണ ബാരലുകൾ ഓയിൽകമ്പനിയുടെ കപ്പലിലേക്കു മാറ്റും. അതിൽ നിന്നാണു മറ്റു രാജ്യങ്ങളിലെ കപ്പലുകളിലേക്ക് കയറ്റുമതിക്കായി കൈമാറുക.

പല വലുപ്പത്തിലുള്ള ഏകദേശം 34 ക്രൂഡ് ഓയിൽ ടാങ്കറുകളാണ്‌ നിലവിൽ കപ്പലിലുള്ളതെന്നാണു കരുതുന്നത്. ഇവയിലെല്ലാമായി ഏകദേശം 30 ലക്ഷം ബാരൽ എണ്ണ ഉൾക്കൊള്ളിക്കാനാകും. എന്നാൽ ഇത്രയും എണ്ണ ഇപ്പോഴില്ലെന്നാണു കരുതുന്നത്. അപ്പോഴും ആശങ്കയ്ക്കു വക നൽകി 14 ലക്ഷത്തോളം ബാരൽ എണ്ണ കപ്പലിലെ പടുകൂറ്റൻ ടാങ്കറിലുണ്ട്. റാസ് ഇസ തുറമുഖം ഹൂതികൾ പിടിച്ചെടുത്തതോടെ 2015 മാർച്ച് മുതൽ കപ്പലിൽ നിന്നുള്ള എണ്ണകൈമാറ്റം പൂർണമായും നിലച്ചു. ആവശ്യത്തിനു ഡീസൽ ലഭിക്കാത്തതിനാൽ ഇതേവരെ കപ്പലിന്റെ എൻജിനും ചലിപ്പിക്കാനായിട്ടില്ല. യുദ്ധങ്ങളും കലാപങ്ങളും കാരണം പരിസ്ഥിതിക്കുണ്ടാകുന്ന ദോഷങ്ങളെപ്പറ്റി പഠിക്കുന്ന കോൺഫ്ലിക്ട് ആൻഡ് എൻവയോണ്‍മെന്റൽ ഒബ്സർവേറ്ററി കൂട്ടായ്മ പ്രതിനിധി ഡഗ് വെയറാണ് കഴിഞ്ഞ വർഷം ഈ പ്രശ്നം യുഎന്നിനു മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത്. പിന്നാലെ യുഎൻ സുരക്ഷാകൗണ്‍സിൽ വിഷയം ചർച്ചയ്ക്കെടുത്തു.

എന്നാൽ കപ്പലിലെ ഏകദേശം 544 കോടി രൂപ വരുന്ന എണ്ണയാണ് പ്രധാന ‘തടസ്സം’. ഹൂതികൾക്ക് എണ്ണ കയറ്റുമതിക്കുള്ള അനുമതിയില്ല. കപ്പലിലെ എണ്ണ വിറ്റു കിട്ടുന്നതില്‍നിന്ന് ഒരു വലിയ വിഹിതം തങ്ങൾക്കു നൽകണമെന്നാണ് അവരുടെ ആവശ്യം. ആയുധ സംഭരണത്തിനും മറ്റുമായി ആ പണം ഉപയോഗപ്പെടുത്തുമെന്നതിനാൽ യുഎന്നിന് അത്തരമൊരു ഉറപ്പ് നൽകാനുമാകില്ല. ഇക്കാര്യത്തിൽ തീരുമാനം വൈകിയാൽ കപ്പൽ കെട്ടിവലിച്ചു കൂടുതൽ ദൂരത്തിലേക്കു കൊണ്ടുപോകുമെന്നും ഹൂതികളുടെ ഭീഷണിയുണ്ട്