ബിനു ജോർജ്
എയ്‌ൽസ്‌ഫോർഡ് : എയ്‌ൽസ്‌ഫോർഡ് സെന്റ് പാദ്രെ പിയോ സീറോ മലബാർ മിഷൻ കൂട്ടായ്മയുടെ പ്രഥമ ഇടവകദിനം അത്യപൂർവമായ വൈവിധ്യങ്ങളോടെ ആചരിച്ചു. മിഷൻ ഡയറക്ടർ റവ. ഫാ. ടോമി എടാട്ടിന്റെ ആത്മീയ നേതൃത്വത്തിൽ അഭൂതപൂർവമായ വളർച്ചയുടെ പടവുകൾ താണ്ടി മുന്നേറുന്ന വിശ്വാസസമൂഹത്തിന്റെ ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും നേർക്കാഴ്ചയായിരുന്നു കഴിഞ്ഞ ഞായറാഴ്ച നടത്തപ്പെട്ട ഇടവകദിനം.
എയ്‌ൽസ്‌ഫോർഡ്  ഡിറ്റൻ കമ്യൂണിറ്റി ഹാളിൽ രാവിലെ 10.30 ന് അർപ്പിക്കപ്പെട്ട വിശുദ്ധകുർബാനയ്ക്കു ശേഷം സൺഡേസ്കൂൾ ഹെഡ് ടീച്ചർ ശ്രീ ലാലിച്ചൻ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ വച്ച് റവ.ഫാ. ടോമി എടാട്ട്  ഇടവകദിനം ഔദ്യോഗികമായി ഉദഘാടനം   ചെയ്തു. ട്രസ്റ്റിമാരായ ജോഷി ആനിത്തോട്ടത്തിൽ, ജോബി ജോസഫ്, അനൂപ് ജോൺ, എലിസബത്ത് ബെന്നി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് മിഷനിലെ എല്ലാ കുടുംബങ്ങളുടെയും സജീവപങ്കാളിത്തത്തോടെ ഒരുക്കിയ ഫുഡ് ഫെസ്റ്റിവൽ തികച്ചും വ്യത്യസ്തമായ അനുഭവമാണ് സൃഷ്ടിച്ചത്. നാല്പതിലധികം വരുന്ന വ്യത്യസ്തമായ വിഭവങ്ങൾ പരസ്പരം പങ്കുവച്ചപ്പോൾ വിവിധങ്ങളായ രുചിക്കൂട്ടുകൾ ആസ്വദിക്കുവാനുള്ള അസുലഭ അവസരമാണ് ഇടവകാംഗങ്ങൾക്ക് ലഭിച്ചത്. രാവിലത്തെ ഭക്ഷണത്തിനു ശേഷം കുടുംബങ്ങളുടെ പരിചയപ്പെടലും, ചോദ്യോത്തരവേളകളും, ചർച്ചകളും നടന്നു. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച  ഫൺ ഗെയിമുകളും ഇൻഡോർ മത്സരങ്ങളും അത്യധികം  ആസ്വാദ്യകരമായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ അരങ്ങേറി. തുടർന്ന് നറുക്കെടുപ്പിൽ വിജയികളായ ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
തികച്ചും നവ്യമായ അനുഭവം സമ്മാനിച്ച ഇടവകദിനാഘോഷങ്ങൾക്കും ഫുഡ് ഫെസ്റിവലിനും ട്രസ്റ്റിമാരായ അനൂപ് ജോൺ, ജോബി ജോസഫ്, ജോഷി, എലിസബത്ത് ബെന്നി, ഫുഡ് കമ്മറ്റി അംഗങ്ങളായ സാജു മാത്യു, ലിജോ സെബാസ്റ്റ്യൻ, ബിനു മാത്യു, ജോസ് മാനുവൽ എന്നിവർ നേതൃത്വം നൽകി. വൈകിട്ട് ഒരുക്കിയിരുന്ന ലഘുഭക്ഷണത്തിനു ശേഷം ഏഴുമണിയോടുകൂടിഇടവകദിന ആഘോഷങ്ങൾക്ക് സമാപനമായി.
.