ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തങ്ങളെ അപമാനിച്ചെന്ന് ജവാൻ പ്രേം സാഗറിന്റെ കുടുംബം. ജവാന്റെ വീട് സന്ദർശിക്കാനെത്തിയ യോഗിക്ക് വേണ്ടി നടത്തിയ വിഐപി ഒരുക്കങ്ങൾ വിവാദത്തിലായിരുന്നു. യോഗി ആദിത്യനാഥിന്റെ സന്ദർശനത്തോടനുബന്ധിച്ച് ജവാന്റെ വീട്ടിൽ എസി, സോഫ, കർട്ടനുകൾ, കാർപെറ്റ്, കസേരകൾ എന്നിവ എത്തിക്കുകയും മുഖ്യമന്ത്രി മടങ്ങിയപ്പോൾ ഇവയെല്ലാം തിരികെ കൊണ്ടുപോവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രി തങ്ങളെ അപമാനിച്ചെന്ന് ജവാന്റെ ബന്ധുക്കൾ ആരോപിച്ചത്.

‘അവർ എസിയും സോഫയും കാർപെറ്റുമെല്ലാം കൊണ്ടുവന്നു. വൈദ്യുതിക്കായി ജനറേറ്ററും കൊണ്ടുവന്നു. അവർ പോയപ്പോൾ എല്ലാം തിരിച്ചു കൊണ്ടു പോവുകയും ചെയ്തു. ഈ നടപടി ഞങ്ങളെ അപമാനിക്കുന്നതായിരുന്നു. ബിഎസ്എഫ് ഉദ്യോഗസ്ഥൻ കൂടിയായ ജവാന്റെ വാക്കുകളാണിത്.

മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് ഏതാനും മണിക്കൂറുകൾ മുൻപ് മാത്രമാണ് ജവാന്റെ വീട്ടിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്തതെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഉത്തർപ്രദേശിലെ പിന്നാക്ക പ്രദേശമായ ദിയോറിയയിലാണ് വീരമൃത്യു വരിച്ച ജവാന്റെ വീട്. യോഗി ആദിത്യനാഥ് ജവാന്റെ കുടുംബത്തിന് നാല് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും വാഗ്‌ദാനം ചെയ്തിട്ടുണ്ട്.

മെയ് ഒന്നിനാണ് പൂഞ്ചിൽ വെച്ച് പ്രേം സാഗർ കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹത്തിനോട് പാക്ക് സൈന്യം കാണിച്ച ക്രൂരതകൾ വിമർശന വിധേയമായിരുന്നു.