ബ്രിട്ടനില്‍ വാസയോഗ്യമായ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ യോര്‍ക്ക് ഒന്നാം സ്ഥാനത്തെത്തി. സണ്‍ഡേ ടൈംസാണ് യോര്‍ക്കിനെ ബ്രിട്ടനിലെ മികച്ച നഗരമായി തെരഞ്ഞെടുത്തിരിക്കുന്നത്. മികച്ച റസ്റ്റോറന്റുകളും കഫേകളും നൂതനമായ കമ്പനികളും പ്രവര്‍ത്തിക്കുന്ന യോര്‍ക്കിലാണ് ബ്രിട്ടനിലെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് സംവിധാനവും ഉള്ളതെന്ന് സണ്‍ഡേ ടൈംസ് പറയുന്നു. തൊഴില്‍. വിദ്യാലയങ്ങള്‍, പ്രദേശിക വ്യാപാര സ്ഥാപനങ്ങള്‍, ഇന്റര്‍നെറ്റ് സ്പീഡ് തുടങ്ങിയവയുടെ നിലവാരം പരിശോധിച്ചാണ് ബ്രിട്ടനിലെ ഏറ്റവും മികച്ച വാസയോഗ്യമായ സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ലണ്ടനില്‍ ജീവിക്കാന്‍ ഏറ്റവും മികച്ച പ്രദേശമായി ബെര്‍മോണ്ട്‌സി തെരഞ്ഞെടുക്കപ്പെട്ടു. സൗത്ത്-വെസ്റ്റിലെ മികച്ച പ്രദേശങ്ങളുടെ പട്ടികയില്‍ ഫ്രോം, സോമര്‍സെറ്റ് എന്നീ സ്ഥലങ്ങള്‍ മുന്‍നിരയിലെത്തി. യോര്‍ക്കിലെ വീടുകളുടെ വില വര്‍ഷം 6.3ശതമാനം എന്ന നിരക്കില്‍ ഉയര്‍ന്നതായി പത്രം പറയുന്നു. ശരാശരി 301,320 പൗണ്ട് വരെയാണ് ഈ വര്‍ദ്ധനയുണ്ടായിരിക്കുന്നത്. ഊസ് നദിയുടെ ഇരുവശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നഗരമാണ് യോര്‍ക്ക്. പുതിയ അംഗീകാരത്തില്‍ അതീവ സന്തുഷ്ടനാണെന്ന് സിറ്റി ഓഫ് യോര്‍ക്ക് കൗണ്‍സില്‍ മേയര്‍ ഇയാന്‍ ഗില്ലീസ് പ്രതികരിച്ചു. ലോകത്തിലെ തന്നെ മികച്ച കത്രീഡലുകളിലൊന്ന് ഇവിടെയാണ്. മികച്ച റെയില്‍വേ മ്യൂസിയം ഇവിടെയുണ്ട്. ഇവയൊക്കെ അഭിമാനിക്കാവുന്ന കാര്യങ്ങളാണെന്നും ഇയാന്‍ ഗില്ലീസ് പറയുന്നു.

ജിവിതം കരുപ്പിടിപ്പിക്കാനുള്ള പ്രദേശം തെരഞ്ഞെടുക്കുന്നത് ഒരാളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണെന്ന് സണ്‍ഡെ ടൈംസ് ഹോം എഡിറ്റര്‍ ഹെലന്‍ ഡേവിസ് പറയുന്നു. ചരിത്രപ്രധാനമായ നഗരത്തെ അതിന്റെ സ്വഭാവമോ സാമൂഹത്തിന്റെ ആത്മാവോ നഷ്ടപ്പെടാതെ 21-ാം നൂറ്റാണ്ടിലേക്ക് എത്തിച്ച യോര്‍ക്കിനോടുള്ള ആദര സൂചകമായിട്ടാണ് മികച്ച നഗരമെന്ന പദവി നല്‍കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സണ്‍ഡെ ടൈംസ് ഹോമിന്റെ മികച്ച സ്ഥലങ്ങളുടെ പട്ടിക