ന്യൂയോർക്ക്: ഇറാഖിലെ യസീദി പെണ്‍കുട്ടികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സമാധാനത്തിനുളള നൊബേല്‍ പുരസ്കാര ജേതാവ് നദിയ മുറാദ് കാണാനെത്തി. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ട മറ്റ് ഇരകള്‍ക്കൊപ്പമാണ് മുറാദ് ട്രംപിനെ കാണാനെത്തിയത്. ഓവല്‍ ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. എന്നാല്‍ നദിയ മുറാദിന് എന്തിനാണ് നൊബേല്‍ കിട്ടിയത് എന്നായിരുന്നു ട്രംപിന്റെ ചോദ്യം.

‘നിങ്ങള്‍ക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചിരുന്നു അല്ലേ? വളരെ നന്നായിരിക്കുന്നു. എന്ത് കാരണത്തിനാണ് നിങ്ങള്‍ക്ക് പുരസ്കാരം ലഭിച്ചത്?,’ ട്രംപ് ചോദിച്ചു. ഒരു നിമിഷം സ്തബ്ധയായി നിന്ന മുറാദ് തന്റെ ജീവിത കഥ വിവരിച്ചു.

‘ഇതൊക്കെ സംഭവിച്ചിട്ടും ഞാന്‍ പരിശ്രമം ഉപേക്ഷിച്ചില്ല. ഐഎസ്ഐഎസ് ആയിരക്കണക്കിന് യസീദി പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി ഞാന്‍ ലോകത്തോട് വിളിച്ചു പറഞ്ഞു. എന്തെങ്കിലും ചെയ്യണം. ഇത് ഒരു കുടുംബത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല,’ മുറാദ് ട്രംപിനോട് പറഞ്ഞു.

യസീദികള്‍ക്ക് തിരികെ വരാനുളള സുരക്ഷ നല്‍കണമെന്ന് ഇറാഖിനോടും കുര്‍ദിഷ് സര്‍ക്കാരിനോടും ആവശ്യപ്പെടണമെന്ന് മുറാദ് പറഞ്ഞു. എന്നാല്‍ ഐഎസ്ഐഎസ് നശിച്ചില്ലേയെന്നും ഇപ്പോള്‍ കുര്‍ദിഷ് ആരുമായാണ് പോരാട്ടമെന്നും ട്രംപ് ചോദിച്ചു.

ലൈംഗികാതിക്രമം ഒരു യുദ്ധമുറയായി കണക്കാക്കുന്നതിനെതിരെ പോരാടിയ യസീദി പെണ്‍കുട്ടിയാണ് നദിയ മുറാദ്. 2014 ഓഗസ്റ്റില്‍ ഇറാഖിലെ കൊച്ചോ ഗ്രാമത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് അക്രമം നടത്തി തട്ടിക്കൊണ്ടുപോയ യസീദി യുവതികളില്‍ ഒരാളായിരുന്നു മുറാദ്. 2016ല്‍ യൂറോപ്യന്‍ യൂണിയന്റെ വിശിഷ്ട പുരസ്‌കാരമായ സഖറോവ് മനുഷ്യാവകാശ പുരസ്‌കാരവും മുറാദ് നേടിയിട്ടുണ്ട്. ഐഎസ് എന്നത് എത്രത്തോളം പ്രാകൃതമാണെന്ന് ലോകത്തോട് വിളിച്ചു പറയുകയായിരുന്നു ഈ പെണ്‍കുട്ടി. മുറാദിന്റെ മാതാപിതാക്കളേയും ആറ് സഹോദരങ്ങളേയും ഐഎസ് ഭീകരര്‍ കൊലപ്പെടുത്തി. അതിന് ശേഷമാണ് അന്ന് 21 വയസുണ്ടായിരുന്ന മുറാദിനെ തീവ്രവാദികള്‍ ലൈംഗിക അടിമയാക്കിയത്.

മലാല യൂസഫ്‌ സായ് കഴിഞ്ഞാല്‍ പ്രായം കുറഞ്ഞ രണ്ടാമത്തെ നൊബേല്‍ ജേതാവാണ് 25കാരിയായ മുറാദ്. ഭീകരരുടെ കൈയ്യില്‍നിന്ന് രക്ഷപ്പെട്ടശേഷം യസീദി ജനതയ്ക്കുവേണ്ടി മുറാദിന്റെ നേതൃത്വത്തില്‍ നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. യസീദികളുടെ ദുരിതം ലോകത്തിന് മുമ്പില്‍ അറിയിക്കുന്നതിനായി മാധ്യമങ്ങള്‍ക്ക് മുൻപില്‍ വന്ന് തന്റെ പീഡനത്തെ കുറിച്ച്‌ എണ്ണിപ്പറഞ്ഞ യുവതിയായിരുന്നു അവര്‍. 2014-ലാണ് ഇരുവരെയും ഐഎസ് ഭീകരര്‍ തടവിലാക്കിയത്. തടവിലാക്കുമ്പോള്‍ മുറാദിന് 21 വയസും ബാഷറിനു 16 വയസുമായിരുന്നു. തടവില്‍ പാര്‍പ്പിക്കപ്പെട്ട് നിരന്തരം പീഡനങ്ങള്‍ക്കും ബലാത്സംഗത്തിനും ഇരയായ ഇവര്‍ 20 മാസത്തിനുശേഷമാണ് രക്ഷപ്പെട്ടത്. എന്നാല്‍, രക്ഷപ്പെട്ട് പുറത്തെത്തിയ ബാഷറടക്കമുള്ള ഐഎസ് ഇരകളെ ഒരു ഇറാഖി ആശുപത്രി മേധാവിയും തടവിലാക്കി പീഡിപ്പിക്കുകയായിരുന്നു.

ഇവിടെനിന്ന് രക്ഷപ്പെടുന്നതിനിടെ കുഴിബോംബ് പൊട്ടിത്തെറിച്ച്‌ ലാമിയയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും മുഖത്തു പൊള്ളലേല്‍ക്കുകയും ചെയ്തു. യസീദികള്‍ക്കു നേരെയുള്ള ആക്രമണത്തില്‍ ലോകസമൂഹം കാണിക്കുന്ന നിസംഗതയില്‍ നദിയ പൊതുവേദികളില്‍ പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധമാണ് ലോകത്തിന് മുമ്ബില്‍ യസീദി പെണ്‍കുട്ടികള്‍ എത്രത്തോളം പീഡനത്തിന് ഇരയാകുന്നുണ്ട് എന്ന വിവരം വെളിച്ചത്തു കൊണ്ടുവന്നത്.

യസീദി സ്ത്രീകളെയും പെണ്‍കുട്ടികളെയും ഐഎസ് ഭീകരര്‍ ലൈംഗിക അടിമകളായി ഉപയോഗിക്കുന്ന വിവരം ലോകത്തെ ഞെട്ടിച്ചത് നദിയയുടെ വാക്കുകളിലൂടെയായിരുന്നു. ഏറെ നാളത്തെ ചികിത്സക്കു ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നദിയയുടെ വാക്കുകള്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്.

2014ല്‍ ഭീകരര്‍ തട്ടിക്കൊണ്ടു വന്ന 7000ത്തോളം യസീദി വനിതകളില്‍ ഒരാള്‍ മാത്രമായിരുന്നു നദിയ. 2014ല്‍ യസീദി നഗരമായ സിഞ്ചറില്‍ നിന്നും നിരവധി സ്ത്രീകളെ ലൈംഗിക അടിമകളായി ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു വന്നിരുന്നു. യസീദികളെ സാത്താനെ ആരാധിക്കുന്നവരായിട്ടാണ് ഐഎസ് ഭീകരര്‍ കണക്കാക്കിയിരുന്നത്. മൊസൂളില്‍ നിന്നും 120 കിലോമീറ്റര്‍ മാത്രം അകലെയുള്ള സിഞ്ചര്‍ ഐഎസിന്റെ ശക്തികേന്ദ്രമായിരുന്നു. ഇവിടെ എട്ടു വയസുകാരി പെണ്‍കുട്ടിയെ പോലും ഐഎസ് ഭീകരര്‍ ലൈംഗിക അടിമയാക്കി.