ജമ്മുകാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സൈനിക ഉദ്യോഗസ്ഥനെ ഭീകരര്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. ലഫ്റ്റനെന്റ് ഉമാര്‍ ഫയാസാണ് കൊല്ലപ്പെട്ടത്. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ചൊവ്വാഴ്ച രാത്രി ഇയാളെ ഭീകരര്‍ തട്ടികൊണ്ടുപോയത്. തുടര്‍ന്ന് സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്.
ശിരസിലും അടിവയറ്റിലും വെടിയേറ്റാണ് ഉമാര്‍ ഫയാസ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഉമാര്‍ സൈന്യത്തില്‍ ചേര്‍ന്നത്. ദക്ഷിണ കാശ്മീരിലെ കുല്‍ഗാമിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അവധിയിലായിരുന്നു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ സൈനികനെ ഭീകരര്‍ തട്ടിയെടുത്തതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തിയെങ്കിലും ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ഭീകരാക്രമണം പതിവായുളള ദക്ഷിണ കാശ്മീരിലെ പുല്‍വാമ, ഷോപ്പിയാന്‍, അനന്ത്‌നാഗ്, കുല്‍ഗാം എന്നീ ജില്ലകളില്‍ ഭീകരര്‍ക്ക് പ്രദേശ വാസികളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് അധികൃതരുടെ നിഗമനം. ഷോപ്പിയാനില്‍ കഴിഞ്ഞയാഴ്ച സുരക്ഷാ സൈന്യം ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിനു ശേഷം മടങ്ങിയ സൈനികര്‍ക്കു നേരെ ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു ഡ്രൈവര്‍ കൊല്ലപെടുകയും രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അനന്തനാഗില്‍ ഒരു പൊലീസുകാരനും, കുല്‍ഗാമില്‍ ബാങ്കില്‍ പണം എത്തിച്ച് മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

കശ്മീരില്‍ സ്ഥിതിഗതികള്‍ മോശമായി തുടരുന്നതിനിടെയാണ് സൈനികന് നേരെയുളള ആക്രമണം. അടുത്തിടെ പാക് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ അതിര്‍ത്തി കടന്നെത്തിയ സൈനികര്‍ വികൃതമാക്കിയത് കടുത്ത പ്രതിഷേധത്തിനിട വരുത്തിയിരുന്നു.