ആലുവ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. മലപ്പുറം മമ്പാട് പരതമ്മല്‍ അറപ്പച്ചാലിക്കുഴിയില്‍ അനീഷി(26)നെയാണ് നെടുമ്പാശേരി എമിഗ്രേഷന്‍ അധികൃതര്‍ ഇന്നലെ പിടികൂടിയത്. തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരമായിരുന്നു അറസ്റ്റ്.
ആദിവാസികള്‍ക്കിടയിലും മറ്റും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയുടെ ലീഡറായിരുന്നു പിടിയിലായ അനീഷ്. അടുത്തിടെ അന്തരിച്ച യുവ ഡോക്ടര്‍ ഷാനവാസായിരുന്നു ഈ സംഘടനയുടെ സ്ഥാപകന്‍. അദ്ദേഹം നടത്തിയിരുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രശസ്തമായതോടെ ധാരാളം പേര്‍ ഈ സംഘടനയില്‍ ആകൃഷ്ടരായി എത്തി. ഇദ്ദേഹത്തിന്റെ മരണശേഷം സംഘടനയുടെ നേതൃത്വം അനീഷ് ഏറ്റെടുക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് യുവതി സംഘടനയും അനീഷുമായി അടുക്കുന്നത്.

എന്‍ജിനീയറിംഗ് ബിരുദദാരിയായ യുവതി കോഴിക്കോട് വച്ച് അനീഷുമായി നേരില്‍ കാണുകയും കൂടുതല്‍ അടുക്കുകയും ചെയ്തു. പിന്നീട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. എംബിഎ കാരനായ പ്രതി മലപ്പുറത്തെ ഒരു ധനിക കുടുംബത്തിലെ അംഗമാണ്. എന്നാല്‍ ഇതു മറച്ചുവച്ചുകൊണ്ട് കടുത്ത സാമ്പത്തിക ബാധ്യതയുള്ളതായി തെറ്റിദ്ധരിപ്പിച്ച് യുവതിയോട് സഹായം അഭ്യര്‍ത്ഥിച്ചു. ഇയാളുടെ നിര്‍ദേശപ്രകാരം യുവതി സന്ദര്‍ശന വിസയില്‍ ദുബൈയില്‍ എത്തി ജോലി ചെയ്തു. തുടര്‍ന്ന് അനീഷിന് വിസ അയച്ചുകൊടുത്തുവെങ്കിലും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. അനീഷ് മറ്റൊരു വിസയില്‍ സൗദി അറേബ്യയിലേക്ക് കടക്കുകയും ചെയ്തു.

ചതി തിരിച്ചറിഞ്ഞ യുവതി നാട്ടിലെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അനീഷ് ഇത്തരത്തില്‍ മറ്റു യുവതികളെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. എമിഗ്രേഷന്‍ വിഭാഗം നെടുമ്പാശേരി പോലീസിന് കൈമാറിയ പ്രതിയെ പിന്നീട് ഗുരുവായൂര്‍ പോലീസിന് വിട്ടുകൊടുത്തു. സിഐയുടെ നേതൃത്വത്തില്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സംഘടനയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിഞ്ഞതുകൊണ്ടാണ് അതിന് നേതൃത്വം നല്‍കുന്ന അനീഷുമായി കൂടുതല്‍ അടുത്തതെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമെന്നും ഇനിയൊരു പെണ്‍കുട്ടിയും ഇത്തരത്തില്‍ വഞ്ചിക്കപ്പെടാന്‍ ഇടയാവരുതെന്നും യുവതി പറഞ്ഞു. അനീഷിന്റെ ബന്ധുക്കള്‍ യുവതി പരാതി നല്‍കിയതായി അറിഞ്ഞതിനെ തുടര്‍ന്ന് സാമ്പത്തിക സഹായമടക്കം വാഗ്ദാനം ചെയ്തു രംഗത്തെത്തിയിരുന്നു. എന്നാല്‍ യുവതി അത് നിരസിക്കുകയായിരുന്നു