സ്മാര്‍ട്ട്‌ഫോണ്‍ കെട്ടിപ്പിടിച്ചിരിക്കുന്ന യുവത്വം; യുവാക്കള്‍ ദിവസവും ശരാശരി 7 മണിക്കൂര്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നു

സ്മാര്‍ട്ട്‌ഫോണ്‍ കെട്ടിപ്പിടിച്ചിരിക്കുന്ന യുവത്വം; യുവാക്കള്‍ ദിവസവും ശരാശരി 7 മണിക്കൂര്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നു
August 13 05:34 2018 Print This Article

16 മുതല്‍ 24 വരെ പ്രായമുള്ള യുവാക്കളില്‍ പകുതിയോളം പേരും ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളിലെന്ന് പഠനം. ഏഴു മണിക്കൂറിലേറെ ഇവര്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുവെന്നാണ് ഓഫ്‌കോം ഡേറ്റ വ്യക്തമാക്കുന്നത്. 65 വയസുള്ളവരില്‍ ഒരു ശതമാനവും 55-64 പ്രായപരിധിയിലുള്ളവരില്‍ 6 ശതമാനവും ആഴ്ചയില്‍ 50 മണിക്കൂര്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. അതേസമയം 16-24 പ്രായപരിധിയിലുള്ളവരില്‍ 18 ശതമാനവും മിക്ക സമയങ്ങളിലും ഓണ്‍ലൈനിലായിരിക്കും. ബ്രിട്ടീഷുകാര്‍ ഓരോ 12 മിനിറ്റിലും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ പരിശോധിക്കുന്നുണ്ടെന്നാണ് ഓഫ്‌കോം പറയുന്നത്.

ഇത്തരത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വ്യക്തിബന്ധങ്ങളെയും ഉദ്പാദനക്ഷമതയെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഓണ്‍ലൈന്‍ വിദഗ്ദ്ധര്‍ പറയുന്നു. നാലു മണിക്കൂറോളം സ്‌ക്രീനില്‍ ചെലവഴിക്കുന്ന 15 വയസുകാരുടെ മാനസികാരോഗ്യത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നത് ഈ പ്രശ്‌നങ്ങള്‍ ഗുരുതരമാകാനേ സഹായിക്കൂ എന്ന് ടൈം ടു ലോഗ് ഓഫ് എന്ന ഡിജിറ്റല്‍ ഹെല്‍ത്ത് കണ്‍സള്‍ട്ടന്‍സി വിദഗ്ദ്ധ താനിയ ഗുഡിന്‍ പറയുന്നു.

16-24 പ്രായ ഗ്രൂപ്പിലുള്ള 95 ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പ്രധാനമായും സ്മാര്‍ട്ട്‌ഫോണുകളെയാണ് ആശ്രയിക്കുന്നത്. മുതിര്‍ന്നവരേക്കാള്‍ 25 ശതമാനം അധികമാണ് ഇത്. എങ്കിലും ഇന്റര്‍നെറ്റ് ഉപയോഗം സൃഷ്ടിക്കുന്ന മോശം ഫലങ്ങളെക്കുറിച്ച് യുവാക്കള്‍ക്ക് അറിവുണ്ടെന്നതും വസ്തുതയാണ്. ഫോണില്‍ നിന്ന് അകലം പാലിച്ചാല്‍ റിവാര്‍ഡുകള്‍ നല്‍കുന്ന ആപ്പ് ഒരു ലക്ഷത്തോളം ബ്രിട്ടീഷ് യുവാക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇത് പുറത്തിറക്കിയ ഹോള്‍ഡ് എന്ന നോര്‍വീജിയന്‍ കമ്പനി അവകാശപ്പെടുന്നു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles