തിരുവനന്തപുരം: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ സമരത്തിനെത്തിയ യുവമോര്‍ച്ചക്കാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സെക്രട്ടേറിയേറ്റിനു മുന്നില്‍ കയ്യാങ്കളി. വാക്കേറ്റവും ബഹളവും കഴിഞ്ഞ് പരസ്പരം കുപ്പിയും വടികളും വലിച്ചെറിഞ്ഞാണ് ഇരുകൂട്ടരും സര്‍ക്കാരിനെതിരെയുള്ള സമരം തമ്മില്‍ തല്ലി ആഘോഷിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരവേദി സംബന്ധിച്ച ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ തര്‍ക്കമാണ് ഇന്ന് രാവിലെ സംഘര്‍ഷത്തില്‍ കലാശിച്ചത്. സമരത്തിനായി ഇരുകൂട്ടര്‍ക്കും സമരഗേറ്റ് എന്നറിയപ്പെടുന്ന സെക്രട്ടേറിയേറ്റിലെ നോര്‍ത്ത് ഗേറ്റ് വേണമെന്ന ആവശ്യമാണ് തര്‍ക്കത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.

ഇന്നലെ വൈകിട്ട് സമരവേദി സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ഇവിടേക്ക് പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ മുദ്രാവാക്യം വിളികളുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ത്തിന് തുടക്കമായത്. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം പോസ്റ്ററുകള്‍ നശിപ്പിക്കുകയും കുപ്പികളും വടികളും വലിച്ചെറിയാനും തുടങ്ങി. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കല്ലേറുണ്ടായത് രംഗം കൂടുതല്‍ വഷളാക്കി.

സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നിലൂടെയുള്ള ഗതാഗതം പൊലീസ് നിയന്ത്രിച്ചു. പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും പിന്‍തിരിപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്റേയും യുവമോര്‍ച്ചയുടേയും ജാഥകള്‍ ഇവിടേക്ക് എത്തുന്നതിനാള്‍ കൂടുതല്‍ സംഘര്‍ഷമൊഴിവാക്കാന്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്.