ഫാ. ബിജു കുന്നയ്ക്കാട്ട്

ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിവിധ ഇടവക, മിഷൻ, വി. കുർബാന കേന്ദ്രങ്ങളിൽനിന്ന് വന്നെത്തിയ അഞ്ഞൂറോളം യുവജനങ്ങളെ സാക്ഷിയാക്കി, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഒരു വർഷം നീണ്ട യുവജനവർഷാചരണത്തിന് ഔദ്യോഗിക സമാപനം. ലിവർപൂളിലെ ലിതെർലാൻഡ് സമാധാനരാഞ്ജി ദൈവാലയ ഹാളിൽ നടന്ന സമ്മേളനം ആരംഭിച്ചത് കുമാരി ഫെമി സെബാസ്റ്റ്യൻ എസ്. എം. വൈ. എം. (സീറോ മലബാർ യൂത്ത് മൂവ്മെൻറ്) പതാക ഉയർത്തിയതോടുകൂടിയാണ്. യൂത്ത് അപ്പോസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ റെവ. ഡോ. ബാബു പുത്തൻപുരക്കൽ സമ്മേളനത്തിന് സ്വാഗതമാശംസിച്ചു.

തുടർന്ന് നടന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ ചിക്കാഗോ സീറോ മലബാർ രൂപതയിൽനിന്നുള്ള ആദ്യ തദ്ദേശീയനായ വൈദികൻ റെവ. ഫാ. കെവിൻ മുണ്ടയ്ക്കൽ സമ്മേളനത്തിൽ മുഖ്യാതിഥി ആയിരുന്നു. ഫാ. കെവിൻ യുവജനങ്ങൾക്കായി ക്ലാസ് നയിക്കുകയും തുടർന്ന് നടന്ന ഇംഗ്ലീഷ് ഭാഷയിലുള്ള സീറോ മലബാർ വി. കുർബാനയിൽ മുഖ്യകാർമ്മികനാവുകയും ചെയ്തു.

യുവജനങ്ങൾ ലോകത്തിൻറെ പ്രകാശമായി മാറാൻ വിളിക്കപ്പെട്ടവരാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ഇന്ന് ലോകത്തിൽ ഇരുട്ട് വെളിച്ചത്തെ കീഴടക്കുന്നതുപോലെ തോന്നാം, പക്ഷെ അതൊരിക്കലും നടക്കില്ലെന്നും ഇരുട്ടിന്റെയും തിന്മയുടെയും കാര്യങ്ങളിലേക്ക് പോകാതെ യൂവജനങ്ങൾ ശ്രദ്ധിക്കണമെന്നും മാർ സ്രാമ്പിക്കൽ ഉദ്‌ബോധിപ്പിച്ചു. തങ്ങൾക്കു ശേഷം വരുന്ന കുട്ടികളുടെ പരിശീലകരാണ് ഇന്നത്തെ ഓരോ യൂവജനങ്ങളുമെന്ന് മാർ സ്രാമ്പിക്കൽ സൂചിപ്പിച്ചു. സീറോ മലബാർ സഭയുടെ തനിമയും പ്രത്യേകതയും യൂവജനങ്ങളോട് വിശദീകരിച്ച ഫാ. കെവിൻ, യൂറോപ്പിൽ വലിയ ആത്മീയ മുന്നേറ്റമുണ്ടാക്കാൻ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് പറഞ്ഞു.

ഉച്ചയ്ക്കുശേഷം നടന്ന കലാവിരുന്നുകൾക്കു മുന്നോടിയായി എസ്. എം. വൈ. എം. ലിവർപൂൾ യൂണിറ്റ് സ്വാഗതനൃത്തം അവതരിപ്പിച്ചു. രൂപതയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഒരു വർഷമായി നടന്ന യുവജനപ്രവർത്തനങ്ങളുടെ സംപ്ക്ഷിത വിവരണം വീഡിയോ റിപ്പോർട്ട് ആയി അവതരിപ്പിക്കപ്പെട്ടു. യുവജനങ്ങളുടെ കൂട്ടുകാരൻ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ജീസസ് യൂത്ത് നേതൃത്വം നൽകുന്ന വോക്‌സ് ക്രിസ്ത്തി മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടിയും നടന്നു. സമ്മേളന സമാപനത്തിൽ എസ്. എം. വൈ. എം. ലിവർപൂൾ യൂണിറ്റ് പ്രസിഡന്റ് എഡ്വിൻ ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

 

സമ്മേളനത്തിൻറെ നടത്തിപ്പിന് പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറാൾ റെവ. ഫാ. ജിനോ അരീക്കാട്ട് MCBS, യൂത്ത് അപ്പോസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ റെവ. ഡോ. ബാബു പുത്തൻപുരക്കൽ, എസ്. എം. വൈ. എം. ഡയറക്ടർ റെവ. ഫാ. ഫാൻസുവ പത്തിൽ, രൂപതാ ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട്, ബിഷപ്പ് സെക്രട്ടറി റെവ. ഫാ. ജോസ് കോശാക്കൽ VC, വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ബഹു. വൈദികർ തുടങ്ങിയവർ നേതൃത്വം നൽകി.