കുമ്പളത്ത് ഒരാഴ്ച മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയെന്ന വൈകിയെത്തിയ വാർത്തയുടെ ഞെട്ടലിലായിരുന്നു നെട്ടൂർ. വിവരമറിഞ്ഞു നെട്ടൂരും കുമ്പളത്തുമുള്ളവർ സംഭവ സ്ഥലത്തേക്ക് ഒഴുകിയെങ്കിലും ആർക്കും മൃതദേഹം കിടക്കുന്ന സ്ഥലത്തേക്കു പോകാനായില്ല. വാഹനം പോകാൻ പറ്റാത്ത സ്ഥലമായതിനാൽ പലരും ഒരു കിലോമീറ്ററോളം നടന്നെങ്കിലും 150 മീറ്റർ അടുത്തെത്താനേ കഴിഞ്ഞുള്ളു.

കുറച്ചു ദിവസമായി ദുർഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിലും മാലിന്യം തള്ളുന്നതിന്റേതാണെന്നു കരുതിയതായി പരിസരത്തുള്ളവർ പറഞ്ഞു.റെയിൽവേ ട്രാക്ക് ബലപ്പെടുത്താൻ പൂഴിമണൽ അടിച്ചിട്ടുള്ളതു കൊണ്ടാണ് കൃത്യം നടന്നതിന്റെ 150 മീറ്റർ അടുത്തെങ്കിലും എത്താൻ കഴിയുന്നത്. റെയിൽവേ പാളത്തിനു പടിഞ്ഞാറുവശം ഭൂമാഫിയ നികത്തിയിട്ട ഏക്കർ കണക്കിനു സ്ഥലമാണു ചതുപ്പും കണ്ടലും നിറഞ്ഞു കിടക്കുന്നത്.

ആൾപ്പൊക്കത്തിലാണ് പുല്ല് വളർന്നിട്ടുള്ളത്. ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായ ഇവിടെ പകൽപോലും കടക്കാൻ ആളുകൾക്കു പേടിയാണ്. ഇതു തരമാക്കിയാണ് ലഹരിമാഫിയ ഇവിടം താവളമാക്കിയത്. ഒരാളെ കൊന്നിട്ടാൽ പോലും തിരിച്ചറിയാത്ത വിധം കാടുംപടർപ്പുമാണിവിടെ. കൃത്യം നടത്തിയെന്നു സമ്മതിച്ചയാളുമായി നാലരയ്ക്കു തന്നെ സ്ഥലത്ത് എത്തിയെങ്കിലും കൂടുതൽ അടുത്തേയ്ക്കു പോകാനായില്ലെന്ന് പൊലീസ് പറയുന്നു.

അത്രയ്ക്കും ദുർഗന്ധമായിരുന്നു. കൊലപാതകം സ്ഥിരീകരിച്ചതോടെ 150 മീറ്റർ ചുറ്റളവിൽ റിബൺ കെട്ടി പൊലീസ് സ്ഥലം ബന്തവസാക്കി. രാത്രിയിലും കാവലുണ്ട്. മൃതദേഹം കിടക്കുന്ന സ്ഥലത്തേക്കു വഴിയൊരുക്കാൻ സ്ഥലമുടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നു രാവിലെ തന്നെ ഫോറൻസിക് വിദഗ്ധർ എത്തും.

അന്വേഷണം ലഹരിമാഫിയയിലേക്കാണു നീളുന്നത്. പിടിയിലായവരിൽ ഒരാൾ നെട്ടൂരുള്ള ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് എന്നാണു സൂചന. ഇയാളാണ് മർദനത്തിനു നേതൃത്വം കൊടുത്തത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാൾ കല്ലുകൊണ്ടും തലയ്ക്കടിച്ചു. 2നു രാത്രി 10ന് വീട്ടിൽ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളിൽ കൃത്യം ചെയ്തതായാണു മൊഴി. കൃത്യം നടത്തിയെന്നു കരുതുന്നവരില്‍ ഒരാളുടെ സഹോദരന്‍ അര്‍ജുനുമൊത്തു പോകുമ്ബോള്‍ കളമശേരിയില്‍ വച്ച്‌ ഒരു വര്‍ഷം മുന്‍പ് ബൈക്കപകടത്തില്‍ മരിച്ചിരുന്നു. ഇത് അപകടമരണം അല്ലെന്നും അര്‍ജുനെയും ഇതേ രീതിയി‍ല്‍ വധിക്കുമെന്നും ഇയാള്‍ പറഞ്ഞതായി അര്‍ജുന്റെ ബന്ധുക്കള്‍ പറയുന്നു. അര്‍ജുനുമായി അടുത്ത കാലത്ത് സൗഹൃദത്തിലായ ഇയാള്‍ 2നു രാത്രി മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ അര്‍ജുനെ വീട്ടില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടു പോവുകയായിരുന്നത്രേ. നെട്ടൂരില്‍ എത്തിച്ച ശേഷം മര്‍ദിച്ചു കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തുകയായിരുന്നെന്നാണു സൂചന.അന്വേഷണം നടക്കുന്നതിനാൽ പൊലീസ് കൂടുതൽ വിവരം പുറത്തു വിട്ടില്ല.