സെല്‍ഫിയെടുക്കുന്നുണ്ടെങ്കില്‍ ഇങ്ങനെയെടുക്കണം. അതും പൊലീസ് സ്റ്റേഷനില്‍. ഗുരുവായൂര്‍ ടെംപിള്‍ സ്റ്റേഷനിലെ ലോക്കപ്പിന് മുമ്പില്‍ പഴംപൊരി കഴിച്ചൊരു സെല്‍ഫി. തൃശൂര്‍ കോട്ടപ്പടി സ്വദേശി അഫ്നാവിസാണ് ഈ വെറൈറ്റി സെല്‍ഫിയെടുത്തത്. സെല്‍ഫി മാത്രമല്ല പൊലീസിനെ ‘മുട്ടന്‍ ’ തെറിവിളിച്ചൊരു വീഡിയോ ക്ലിപ്പും ഇയാളുടേതായി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.
കുട്ടികള്‍ റോഡു കുറുകെ കടക്കുമ്പോള്‍ ട്രാഫിക് പൊലീസുകാരന്‍ വണ്ടികള്‍ തടഞ്ഞു. തന്റെ ബൈക്ക് തടയാന്‍ ഈ പൊലീസുകാരനടാ… കയ്യോടെ തെറിവിളിച്ചു. ബൈക്കുമായി ഉടനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നു. പിന്നെയാണ്, പഴംപൊരി സെല്‍ഫിയും തെറിവിളിയും.

selfie-accused-1
കാലിന്‍മേല്‍ കാലു കയറ്റിവച്ചു സെല്‍ഫിയെടുത്തു. പിന്നെ, കസേര തല്ലിപ്പൊളിച്ചു. ടോയ്‌ലറ്റിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചു. ‘എത്ര മനോഹരമായ ആചാരങ്ങള്‍’ സ്റ്റേഷനകത്തു തുടരുമ്പോഴെല്ലാം പൊലീസുകാര്‍ കാഴ്ചക്കാരായി. പൊലീസ് പിടിച്ചറിഞ്ഞ് സുഹൃത്തുക്കള്‍ പഴംപൊരിയുമായി സ്റ്റേഷനില്‍ വന്നു. എന്നാ പിന്നെ, സുഹൃത്തുക്കള്‍ക്കൊപ്പം നിന്ന് ലോക്കപ്പിന്റെ പശ്ചാത്തലത്തില്‍ ഒരു സെല്‍ഫിയും.

selfie-accused-3
ഇതെല്ലാം കണ്ട പൊലീസുകാര്‍ അടക്കം പറഞ്ഞു. ഒന്നും ചെയ്യേണ്ട നാളെ മനുഷ്യാവകാശക്കാര്‍ വരും. ആദ്യം സിറ്റിങ്, പിന്നെ കേസ് … ഒന്നിനു പുറകെ ഒന്നായി പരാതികളും. ഇതെല്ലാം മുന്‍കൂട്ടി കണ്ട പൊലീസുകാര്‍ സ്വന്തം പണി ഉറപ്പാക്കാന്‍ മൗനംപാലിച്ചു. സ്റ്റേഷനില്‍ വരുന്ന പൊലീസുകാര്‍ പറയുന്ന ഡയലോഗ് ഇങ്ങനെയാണ് ഇപ്പോള്‍ ‘ഈ സ്റ്റേഷന്‍ പൊതുസ്വത്താണ് നിങ്ങള്‍ക്ക് എവിടെ വേണേല്‍ ഇരിക്കാം. ഏതു ഫയല്‍ വേണേല്‍ നോക്കാം. പിന്നെയാണോ സെല്‍ഫി’

selfie accused 4