സാലിസ്ബറിയില്‍ വിഷബാധയേറ്റ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന യൂലിയ സ്‌ക്രിപാലും, മുന്‍ റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലും മാസങ്ങള്‍ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ജീവനോടെ തിരിച്ചുവരാനുള്ള സാധ്യത തീരെ കുറവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നെങ്കിലും ഇരുവരും പൂര്‍ണ്ണമായ ആരോഗ്യം വീണ്ടെടുത്ത് തിരികെയെത്തി. ജീവിക്കാന്‍ അല്‍പ്പം കൂടി ആയുസ്സും ഭാഗ്യവും ഉണ്ടായിപ്പോയെന്നാണ് ഇതേക്കുറിച്ച് യൂലിയയുടെ ആദ്യ ഔദ്യോഗിക പ്രതികരണത്തില്‍ വ്യക്തമാക്കുന്നത്. റഷ്യയാണ് വധശ്രമത്തിന് പിന്നിലെന്ന ബ്രിട്ടീഷ് ആരോപണങ്ങളെക്കുറിച്ച് യൂലിയ ഒരക്ഷരം മിണ്ടിയതുമില്ല.

തനിക്കും പിതാവിനും നേരെ നടന്നത് വധശ്രമം തന്നെയാണെന്ന് യൂലിയ വ്യക്തമാക്കി. എന്നാല്‍ ഇതിന് പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനാണെന്ന ആരോപണങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇവര്‍ തയ്യാറായില്ല. മാര്‍ച്ച് നാലിനാണ് യൂലിയയെയും, സെര്‍ജിയെയും ഒരു പാര്‍ക്കിലെ ബെഞ്ചില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. കെമിക്കല്‍ ഏജന്റായ നോവിചോകാണ് ഇവരുടെ ജീവനെടുക്കാനായി ഉപയോഗിക്കപ്പെട്ട രാസവസ്തു എന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നില്‍ റഷ്യയാണെന്ന് ആരോപിച്ച ബ്രിട്ടന്‍ റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയാണ് പ്രതികരിച്ചത്. രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് യുഎസും, ഫ്രാന്‍സും, ജര്‍മ്മനിയും രംഗത്തെത്തിയിരുന്നു.

റഷ്യന്‍ വ്യവസായികള്‍ ബ്രിട്ടനില്‍ പണമിറക്കി ലാഭം കൊയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്നതോടെ പല പ്രമുഖര്‍ക്കും എതിരെ നടപടി വന്നിരുന്നു. ചെല്‍സി ക്ലബ് ഉടമ റൊമാന്‍ ഇബ്രാഹിമോവികിനെ പോലുള്ള റഷ്യക്കാരുടെ വിസ പോലും ബ്രിട്ടന്‍ നിഷേധിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ജീവിതത്തിലേക്ക് തിരിച്ചുവന്ന യൂലിയ ആദ്യ പ്രതികരണവുമായി രംഗത്തെത്തുന്നത്. 33 ദിവസക്കാലം കോമയില്‍ കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ അത്ഭുതകരമായി തിരിച്ചുവരുന്നത്. കഴുത്തിലെ വിന്‍ഡ്‌പൈപ്പില്‍ രണ്ട് ഇഞ്ച് മുറിവുമായാണ് യൂലിയ സംസാരിക്കുന്നത്.

യൂലിയയെ ജീവനോടെ കാണാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്ന് റഷ്യന്‍ എംബസി പ്രതികരിച്ചു. മിലിറ്ററി വിഷമാണ് ഉപയോഗിച്ചതെങ്കില്‍ ഇവരിന്ന് ജീവനോടെ കാണില്ലെന്നാണ് ആരോപണങ്ങള്‍ നിഷേധിച്ച് പുടിന്‍ വ്യക്തമാക്കിയത്.