അപ്രതീക്ഷിതമായി റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ സിനദിൻ സിദാൻ ഖത്തർ ദേശീയ ടീമിന്റെ പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. 2022 ഫുട്ബോൾ ലോകകപ്പിനായി ഖത്തർ ടീമിനെ സജ്ജമാക്കാൻ അടുത്ത നാലു വർഷത്തേക്ക് ഏകദേശം 1573കോടി രൂപയുടെ കരാറാണ് ഖത്തർ സിദാന് നൽകിയിരിക്കുന്നതെന്നാണ് വിവരം.

ട്വിറ്റർ വഴി പ്രമുഖ ഈജിപ്ത്യൻ ബിസിനസുകാരനായ നാഗ്വിബ് സാവ്രിസാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നാല് വർഷ കരാർ കാലയളവിൽ ഓരോ വർഷവും ഏകദേശം 393കോടി രൂപയാണ് സിദാന് ലഭിക്കുക. 2022 ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതും ഖത്തറാണ്. അതിനാൽ നേരിട്ട് ലോകകപ്പിന് യോഗ്യത നേടിയ ഖത്തർ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഇത്രയും വലിയ തുക നൽകി സിദാനെ ടീമിന്റെ തലപ്പത്തെത്തിക്കാൻ ശ്രമം നടത്തിയതെന്നാണ് റിപ്പോർട്ട്.

എന്നാൽ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ മുൻ ഫ്രാൻസ് ക്യാപ്റ്റനായ സിദാന്റെയും ഖത്തർ ടീം അധികൃതരുടെയും ഭാഗത്തുനിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. നേരത്തെ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിയുമ്പോൾ നിലവിൽ മറ്റൊരു ടീമിന്റെയും പരിശീലകനാകാൻ തീരുമാനമെടുത്തിട്ടില്ല എന്നായിരുന്നു സിദാൻ വ്യക്തമാക്കിയത്.