സ്റ്റോക്ക് ഓൺ ട്രെന്റ്: 2001 മുതൽ ആണ് മലയാളി നഴ്സുമാർ ആദ്യമായി സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തുന്നത്. വന്നത് സിംഗപ്പൂരിൽ നിന്നും. പിന്നീട് പല ബാച്ചുകളിൽ ആയി മലയാളി നഴ്സുമാർ എത്തിയത് ഗൾഫ് നാടുകളിൽ നിന്നും ആണ്. എന്നാൽ വന്നവർ എണ്ണത്തിൽ കുറവായിരുന്നു കാരണം പല രാജ്യത്തുനിന്നും ഉള്ളവർ ഉൾപ്പെട്ടതായിരുന്നു അന്നത്തെ കുടിയേറ്റം. യുകെയിലെ നഴ്സുമാരുടെ ക്ഷാമം പരിഹരിക്കുക എന്ന അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ എടുത്ത തീരുമാനത്തെത്തുടർന്നായിരുന്നു ആദ്യകാല മലയാളി നഴ്‌സുമാരുടെ കുടിയേറ്റങ്ങൾ. 500 പരം മലയാളി കുടുംബങ്ങൾ ആണ് ഇപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉള്ളത്.

എന്നാൽ ഇപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിൽ വീണ്ടും ഒരു 2006 ആവർത്തിക്കുന്നു. ഒരുപക്ഷെ സ്റ്റോക്ക് ഓൺ ട്രെന്റിലേക്ക് ഏറ്റവും കൂടുതൽ മലയാളികൾ ഒന്നിച്ചെത്തിയ വർഷമായിരുന്നു 2006. യുകെ യുടെ വിവിധ ഭാഗങ്ങളിൽ പലപ്പോഴായി എത്തിയ മലയാളി നഴ്സുമാർ സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തിയ വർഷം. അന്ന് അറിയപ്പെട്ടിരുന്നത് റോയൽ സ്റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽ… 2006 ഇവിടെ നടത്തിയ അഡാപ്റ്റേഷൻ കോഴ്‌സിന് ഇന്റർവ്യൂ പാസായി എത്തിയവർ 40 പേർ… അതിൽ 36 പേരും മലയാളികൾ ആയിരുന്നു.. സ്റ്റോക്ക് ഓൺ ട്രെന്റ് ആശുപത്രിയിൽ 6000 ത്തിൽപരം ജീവനക്കാരും 1328 ബെഡുകളും ആണ് ഇപ്പോൾ ഉള്ളത്.

വർഷം 15 പിന്നിടുമ്പോൾ 2021 വീണ്ടും ഒരു മലയാളി കുടിയേറ്റത്തിന് വഴിയൊരുങ്ങി. കൊറോണയെന്ന മഹാമാരിയിൽ ലോകത്തിന്റെ ജീവിത ശൈലി തന്നെ മാറ്റി മറിച്ചപ്പോൾ യുകെയിൽ പൊലിഞ്ഞത് ഇതുവരെ ഒരു ലക്ഷത്തിന് മുകളിൽ മനുഷ്യ ജീവനുകൾ… ആരോഗിയ പ്രവർത്തകരുടെ വിലയറിഞ്ഞ ലോക സമൂഹം… യുകെയിലെ പല ആശുപത്രികളും നഴ്സുമാരുടെയും ഡോക്ടർമാരുടെയും കുറവ് മൂലം പരുങ്ങലിൽ ആയ സമയങ്ങൾ… കുറവ് പരിഹരിക്കാൻ യുകെ ഗവൺമെന്റ് തീരുമാനിച്ചപ്പോൾ ഇപ്പോൾ ഭൂരിപക്ഷവും മലയാളി നഴ്സുമാർ ഉൾപ്പെടുന്ന ഒരു ഇൻഡ്യൻ നഴ്സുമാരുടെ വലിയൊരു കുടിയേറ്റത്തിനാണ് വഴി തുറന്നിരിക്കുന്നത്.

കുറെ വർഷങ്ങളായി യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നും ആയിരുന്നു സ്റ്റോക്ക് ഓൺ ട്രെന്റിൽ നേഴ്‌സുമാരെ എത്തിച്ചിരുന്നത്. എന്നാൽ അത് പഴയതുപോലെ വിജയകരമാകുന്നില്ല എന്നാണ് ഇപ്പോൾ ആശുപത്രി അധികൃതരുടെ കണ്ടെത്തൽ. ഇതിനകം തന്നെ മലയാളി നഴ്സുമാരുടെ അപ്പർണമനോഭാവത്തെ ആശുപത്രി അധികൃതർ തിരിച്ചറിഞ്ഞു. മലയാളി നഴ്സുമാരുടെ പ്രാവീണ്യത്തെ പ്രകീർത്തിച്ചു ബിബിസിയും എം പി മാരും രംഗത്തെത്തിയത് ഇപ്പോഴത്തെ മനമാറ്റത്തിന് പ്രേരകമായി എന്ന് വേണം കരുതാൻ.

ഈ വർഷത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് ആശുപത്രിൽ എത്തുന്നത് നൂറോളം ഇൻഡ്യൻ നഴ്സുമാരാണ് എന്ന വാർത്തയാണ് ആശുപത്രി അധികൃതർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം ഇന്റർവ്യൂ പാസ്സായ 42 നേഴ്‌സുമാർ ഈ വരുന്ന ഏപ്രിൽ മാസത്തിന്റെ അവസാനത്തോടെ എത്തിച്ചേരുന്നു. ആശുപത്രിയുടെ ബോർഡ് മീറ്റിംഗിങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ട്രെയ്‌സി ബുള്ളോക്ക് ആണ് വിദേശ നഴ്സുമാരുടെ വരവിനെക്കുറിച്ചുള്ള വിവരം നൽകിയത്. ഇന്റർവ്യൂ തുടരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്.

നഴ്‌സുമാരുടെ കുറവ് പരിഹരിക്കാൻ പ്രാദേശികമായ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വിജയം കണ്ടെത്തിയില്ല. പ്രാദേശിക യൂണിവേഴ്സിറ്റി, നഴ്സസ് ബാങ്ക്, പ്രാദേശിക ഇന്റർവ്യൂ എന്നിവക്കൊന്നും നഴ്സുമാരുടെ ക്ഷാമം പരിഹരിക്കുന്നതിൽ പൂർണ്ണത നേടിയില്ല. സീനിയർ കെയറർ മാരായി ജോലിചെയ്തിരുന്ന ഒരുപിടി മലയാളികൾ ഓ ഇ ടി തുടങ്ങിയ പരിശീലങ്ങളിൽകൂടി നഴ്സുമാരായി ഇപ്പോൾ ജോലി ചെയ്തുവരുന്നു. കൂടുതൽ പേർക്ക് അവസരം നൽകാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ആശുപത്രി അധികൃതർ. അതിനുള്ള ഫണ്ടും ലഭ്യമാണ് എന്നും അറിയിക്കുകയുണ്ടായി. ഇത്രയും ചെയ്‌തിട്ടും കൊറോണയിൽ സ്റ്റാഫ് പ്രതിസന്ധി കുറക്കാൻ സാധിക്കാതെ വന്നതിനെത്തുടർന്നാണ് ഇന്ത്യയിലേക്ക് പോകാൻ നിർബന്ധിതരായത്.

ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെട്ടവരെക്കുറിച്ചു പറഞ്ഞതിങ്ങനെ.. തിരഞ്ഞെടുക്കപ്പെട്ട നഴ്സുമാർ അസാമാന്യ കഴിവുള്ളവരും  അവരുടെ ഇന്റർവ്യൂവിലെ പ്രകടനവും സ്വഭാവ സവിശേഷതകളും ഒപ്പം  നേഴ്സിങ്ങിനെക്കുറിച്ചുള്ള അറിവും നേരിട്ട്  ബാൻഡ് 6 നഴ്‌സ്‌ പദവിക്ക് അർഹരാണ് എന്നാണ് പറഞ്ഞത്.

ചീഫ് നേഴ്സ് പറഞ്ഞതിങ്ങനെ.. വാർഡ് മാനേജർമ്മാർ രോഗികളുടെ സുരക്ഷക്കായി ചെയ്യാവുന്നതിനിന്റെ അപ്പറവും ചെയ്‌തിട്ടുണ്ടെങ്കിലും ഓരോ വാർഡുകളിലും വേണ്ട നഴ്സുമാരുടെ അനുപാതം നിലനിർത്താൻ സാധിച്ചില്ല എന്നും വിലയിരുത്തി. ഒരു നേഴ്സിന്‌ എട്ട് രോഗികൾ എന്ന അനുപാതം എല്ലാ വാർഡുകളിലും എല്ലാ സമയത്തും നിലനിർത്തുന്നതിൽ പരാജയപ്പെട്ടു എന്ന് സമ്മതിക്കുകയുണ്ടായി എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോൾ നഴ്സുമാരെ സഹായിക്കാനായി മിലിട്ടറി നഴ്സുമാരും, കൗൺസിൽ വോളന്റിയേഴ്‌സും ആശുപത്രിൽ എത്തിച്ചേരുന്നു.

email – [email protected]