ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

The cinema has no boundary ; it is a ribbon of dream – Orson Welles

കേരളത്തിന്‌ ലോകസിനിമയുടെ വാതിൽ തുറക്കുന്ന മേള ; 2019 ഡിസംബർ 6 മുതൽ 13 വരെ തിരുവനന്തപുരത്ത് വച്ചു നടന്ന 24 മത് രാജ്യാന്തര ചലച്ചിത്ര മേള. 13000ത്തോളം ഡെലിഗേറ്റുകൾ, 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചലച്ചിത്രങ്ങൾ, 15 വിഭാഗങ്ങൾ, 14 വേദികൾ, എട്ട് ദിനങ്ങൾ.. പദ്മനാഭന്റെ മണ്ണ് ആ ഒരാഴ്ച സംസാരിച്ചത് സിനിമയെ പറ്റിയായിരുന്നു. കാലങ്ങളും സമയങ്ങളും കടന്ന് സഞ്ചരിക്കുന്ന വിസ്മയം.. ഭാഷയുടെയോ ദേശത്തിന്റെയോ ജാതിയുടെയോ അതിർവരമ്പുകൾ ഒന്നുംതന്നെ ഇല്ലാതെ ഏവരും ഒരുപോലെ നെഞ്ചിലേറ്റുന്ന ചിത്രങ്ങൾ. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച മേള ഇത്തവണയും ഗംഭീരം.

മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ജാപ്പനീസ് സംവിധായകൻ ജോ ഒഡഗിരി ഏറ്റുവാങ്ങുന്നു

ടാഗോർ തീയേറ്റർ ആയിരുന്നു പ്രധാന വേദി. ടാഗോറിന്റെ വഴികളിൽ സിനിമയുടെ സൗന്ദര്യം പൂത്തുനിന്നു. ആരും അവിടെ രാഷ്ട്രീയം സംസാരിച്ചില്ല, വർണ്ണവ്യത്യാസവും വർഗ്ഗവ്യത്യാസവും സംസാരിച്ചില്ല. ഇതൊക്കെയും സംസാരിച്ചത് തിയേറ്റർ സ്ക്രീനുകൾ ആയിരുന്നു. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ അതീവഗൗരവമായി തന്നെ സമീപിച്ച് അതൊക്കെ ചലിക്കുന്ന ചിത്രങ്ങളായി സ്‌ക്രീനിൽ നിറയ്‌ക്കുമ്പോൾ, ഓരോ സംവിധായകനും അർഹിക്കുന്ന കൈയടി ഓരോ കാണിയും ഹൃദയത്തിൽ നിന്ന് നല്കുകയായി. കേരളത്തിന്റെ സംസ്കാരത്തെ തന്നെ സ്വാധീനിക്കുന്ന ഒന്നായി ചലച്ചിത്രമേളകൾ മാറ്റപ്പെടുന്നു. കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ പ്രവർത്തനനിരതവും ഊർജസ്വലവുമാക്കുന്നതിനു പിന്നിലെ സുപ്രധാന ചാലകശക്തികളിലൊന്ന് ഐ എഫ് എഫ് കെ ആണെന്ന് അക്കാദമി അധ്യക്ഷൻ ശ്രീ. കമൽ പറഞ്ഞതും അതുകൊണ്ടുതന്നെ. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന സിനിമ കാഴ്ച അവസാനിക്കുന്നത് രാത്രി 12 മണിക്കും 2 മണിക്കും ഒക്കെ ആയിരിക്കും. 3500ഓളം പേരെ ഉൾക്കൊള്ളുന്ന കനകക്കുന്ന് നിശാഗന്ധി തിയേറ്ററിൽ ‘ഡോർ ലോക്ക് ‘ എന്ന ജാപ്പനീസ് സസ്പെൻസ് ത്രില്ലർ കണ്ടു തീർത്തത് രാത്രി 2 മണിക്കാണ്.

മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം ജല്ലിക്കട്ടിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി ഏറ്റുവാങ്ങുന്നു.

ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം അർജന്റീനയൻ സംവിധായകൻ ഫെർനാഡോ സൊളാനസിനായിരുന്നു. അടിച്ചമർത്തപ്പെട്ട ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ജനങ്ങളുടെ ശബ്ദമായ സംവിധായകനാണ് അദ്ദേഹം. ദി ജേർണി, സൗത്ത്, ദി ഹവർ ഓഫ് ദി ഫർണാസെസ്, ടാംഗോ ദി എക്സ്സയിൽ ഓഫ് ഗാർഡൽ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി മേളയിൽ പ്രദർശിപ്പിച്ചു. ജീവിതം മുഴുവൻ സിനിമയ്ക്ക് വേണ്ടി മാറ്റിവച്ചവരുണ്ട്, മരണത്തിനപ്പുറം സിനിമകൊണ്ടുതന്നെ അവർക്ക് ആദരം ഒരുക്കി ; ഇത്തവണ ഹോമേജ് വിഭാഗത്തിൽ മൃണാൾസെൻ, ഗിരീഷ് കർണാട്, ലെനിൻ രാജേന്ദ്രൻ, എം. ജെ. രാധാകൃഷ്ണൻ എന്നീ പ്രതിഭകൾക്കുള്ള സമരണാഞ്ജലിയാണ് ഒരുക്കിയത്. മലയാളത്തിന്റെ പ്രിയനടി ശാരദയെയും മേള ആദരിച്ചു, ഒപ്പം ശാരദയുടെ സ്വയംവരം, യക്ഷി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, എലിപ്പത്തായം, മൂലധനം, തുലാഭാരം തുടങ്ങിയ ചിത്രങ്ങൾ മേളയിൽ നിറഞ്ഞുനിന്ന ചിത്രങ്ങളായി മാറി.. പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കായി അവയൊക്കെ മാറി. ഇന്ത്യൻ സിനിമയുടെയും മലയാള സിനിമയുടെയും മാറുന്ന മുഖം ചലച്ചിത്ര മേള കാട്ടിത്തന്നു. എന്നാൽ തിയേറ്ററുകളിൽ വൻ വിജയം നേടിയ സിനിമകൾ വീണ്ടും മേളയിൽ പ്രദർശിപ്പിച്ചത് പ്രതിഷേധത്തിന് കാരണമായി മാറി. വരും വർഷം അതിനൊരു മാറ്റം സംഭവിക്കുമെന്ന് ആശിക്കാം.

ടാഗോർ തിയേറ്റർ

ടാഗോറിന്റെ തണലിടങ്ങളിൽ ഇരുന്ന് ഒരുമിച്ച് സിനിമയെ പറ്റി വാതോരാതെ സംസാരിച്ചവർക്ക് ഒരു വേദി ഒരുക്കി, പ്രമുഖ സിനിമ പ്രവർത്തകരോടൊത്ത് സംസാരിക്കാൻ അവസരം ഉണ്ടാക്കിയത് നല്ല കാര്യം തന്നെ. കട്ടൻചായയോടൊപ്പം ടാഗോർ സന്ധ്യകളിൽ കൂട്ടിനു വന്ന കുറച്ചുപേർ നൽകിയതൊക്കെ മധുരസ്മരണകളാണ്. കുടുംബ ചിത്രങ്ങൾക്ക് മാത്രമേ സ്ത്രീകൾ വരികയുള്ളു എന്ന പൊതുചിന്താഗതിയും മാറിവരുന്നതായി കണ്ടു. എല്ലാ മേഖലകളിലേക്കും സിനിമ അതിന്റെ വേരോടിക്കട്ടെ. 18 മുതൽ അങ്ങോട്ട് എഴുപത്, എഴുപത്തഞ്ചു വയസ്സുവരെയുള്ളവർ ഒരു തിയേറ്ററിൽ ഇരുന്ന് ലോകത്തെവിടെയോ ഉള്ള സംവിധായകന്റെ സൃഷ്ടി ആസ്വദിക്കുന്നു, കയ്യടിക്കുന്നു, ചിന്തിച്ചുനോക്കൂ… എത്ര മനോഹരമാണതെന്ന്. മാറുന്ന മലയാളി കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾ തന്നെ ആയിരുന്നു മേളയിൽ. പാരാസൈറ്റ് എന്ന ജാപ്പനീസ് ചിത്രത്തിന് ആളുകൾ തള്ളിക്കയറിയപ്പോൾ അധികമായി പ്രദർശനം നടത്താൻ സംഘാടകർ തയ്യാറായി. ഒപ്പം മനുഷ്യത്വത്തെ കുറിച്ച് സംസാരിച്ച ഡെസ്പൈറ്റ് ദി ഫോഗ്, യുദ്ധകാലത്തിലേക്ക് കടന്നുചെല്ലുന്ന ഫോട്ടോഗ്രാഫറുടെ ജീവിതം വിവരിച്ച കാമിൽ, മനുഷ്യനിലെ മൃഗത്തെ തുറന്നുകാട്ടിയ ജല്ലിക്കട്ട്, രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള റഷ്യൻ ജീവിതത്തെ കാട്ടിത്തന്ന ബീൻപോൾ, കശ്മീർ കഥ പറഞ്ഞ നോ ഫാതെർസ് ഇൻ കശ്മീർ തുടങ്ങിയവും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളായി മാറി.

ഐഎഫ്എഫ്കെ രാത്രികൾ

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോര പുരസ്കാരം ജോ ഒഡാഗിരിയുടെ ജപ്പാനീസ് ചിത്രം ദേ സേ നതിങ് സ്റ്റെയ്സ് ദ് സെയിം നേടി. മികച്ച സംവിധാനത്തിനുള്ള രജതചകോര പുരസ്കാരം ബ്രസീലിയൻ സംവിധായകൻ അലൻ ഡെബർട്ടൻ സ്വന്തമാക്കി. പാക്കറേറ്റാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. മത്സരവിഭാഗത്തിൽ ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി പ്രത്യേക പരാമർശം നേടി. കൂടാതെ, പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ജല്ലിക്കെട്ട് സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം ഡോക്ടർ ബിജുവിന്റെ വെയിൽ മരങ്ങൾ നേടി. മികച്ച ഏഷ്യൻ സിനിമയായി ഫാഹിം ഇഷാദിന്റെ ‘ആനി മാനി’ തിരഞ്ഞെടുത്തു.മികച്ച സിനിമയ്ക്കുള്ള ഫിപ്രസ്സി പുരസ്കാരം ബോറിസ് ലോജ്കെയ്ൻ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം കാമിലും മലയാളചിത്രം ‘പനി’യും പങ്കിട്ടു.

പാരാസൈറ്റ് കാണാനെത്തിയവരുടെ തിരക്ക്

കേരളത്തിന്റെ സാംസ്‌കാരിക പോരാട്ടമായാണ് ഈ മേളയെ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്. ഈ മേള മനോഹരമാക്കിയവർക്ക് നന്ദി.. സ്നേഹം.. പ്രധാനമായും സിനിമ കാണാതെ ഓടി നടന്നു പണിയെടുത്ത വോളന്റീയേഴ്സ്. വളരെ വലിയ അധ്വാനമാണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഒപ്പം ഡ്രൈവർമാർ, ഫോട്ടോഗ്രാഫർ…ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ഒന്നിപ്പുകൂടി ആയിരുന്നു 2019ലെ മേള. ഐ എഫ് എഫ് കെ അതിന്റെ ഇരുപത്തിയഞ്ചിലേക്ക് കടക്കുകയാണ്. അടുത്ത വർഷത്തെ മേള വലിയ സംഭവമാക്കി മാറ്റാനാണ് ശ്രമമെന്ന് മന്ത്രി എ. കെ ബാലനും പറഞ്ഞതോടെ 25 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കായുള്ള കാത്തിരിപ്പ് ആരംഭിച്ചുകഴിഞ്ഞു. ലോക മേളാ ഭൂപടത്തിൽ കേരളത്തിന്റെ സ്വന്തം മേളയ്ക്കും ഒരു സ്ഥാനമുണ്ട്. ഒരു വലിയ സ്ഥാനം……..

പ്രദർശന നഗരിയിൽ ലേഖകൻ.