ഓൺലൈൻ റമ്മി കളിച്ച് മുപ്പതുലക്ഷത്തോളം രൂപ നഷ്ടപ്പെട്ട യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. പുതുച്ചേരി വില്ലിയനൂരിനടുത്തുള്ള എല്ലയമ്മൻ കോവിൽ തെരുവിൽ താമസിക്കുന്ന വിജയകുമാർ (36) ആണ് മരിച്ചത്. കടംവാങ്ങിയാണ് വിജയകുമാർ റമ്മി കളിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് വിജയകുമാർ വാട്സാപ്പ് വഴി ഭാര്യയ്ക്ക് അയച്ച ശബ്ദസന്ദേശത്തിൽ മക്കളെ നോക്കണമെന്നും ഇനി ആരും ഓൺലൈൻ റമ്മി കളിയിൽ കുടുങ്ങിപ്പോവരുതെന്നും പറയുന്നു.

‘‘ആദ്യം കളി തുടങ്ങിയപ്പോൾ പതിനായിരങ്ങൾ കൈയിൽ വന്നു. പിന്നീട് കളിച്ച് പണം നേടണമെന്ന് വാശിയായി. കടംവാങ്ങി കളിക്കാൻ തുടങ്ങി. ഒടുവിൽ ഞാൻ ലക്ഷങ്ങളുടെ കടക്കാരനായി. ആർക്കും ഇനി ഈ ഗതി ഉണ്ടാവരുത്. ഓൺലൈൻ റമ്മി ആരും ഇനി കളിക്കരുത്’’ – വിജയകുമാർ സന്ദേശത്തിൽ വ്യക്തമാക്കി.

പുതുച്ചേരിയിൽ സിംകാർഡ് വിൽപ്പനയായിരുന്നു വിജയകുമാറിന്റെ തൊഴിൽ. ലോക്ഡൗൺ സമയത്താണ് ഓൺലൈൻ റമ്മികളി തുടങ്ങിയത്. തുടക്കത്തിൽ പതിനായിരക്കണക്കിന് രൂപ ലഭിച്ചതോടെ കളിയിൽ ഹരംകയറി. പിന്നീട് സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും പണം കടംവാങ്ങി റമ്മികളി തുടർന്നുവെങ്കിലും മുഴുവൻതുകയും നഷ്ടപ്പെട്ടു. പണം കടംകൊടുത്തവർ തിരിച്ച് ആവശ്യപ്പെട്ട് തുടങ്ങിയതോടെ പ്രതിസന്ധിയിലായി. ശനിയാഴ്ച മുതൽ വിജയകുമാറിനെ കാണാതായി. ഭാര്യയ്ക്ക് സന്ദേശം അയച്ചശേഷം വിജയകുമാർ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പുതുക്കുപ്പം റോഡിന് സമീപം തടാകത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി.